ഹിന്ദുമതത്തിനെതിരെയല്ല, വിദ്വേഷം പ്രചരിപ്പിക്കുന്ന ബി.ജെ.പിക്കെതിരയൊണ് രാഹുല്‍ സംസാരിച്ചത്: ജ്യോതിഷ് പീഠ് ഹിന്ദുമഠം മേധാവി
national news
ഹിന്ദുമതത്തിനെതിരെയല്ല, വിദ്വേഷം പ്രചരിപ്പിക്കുന്ന ബി.ജെ.പിക്കെതിരയൊണ് രാഹുല്‍ സംസാരിച്ചത്: ജ്യോതിഷ് പീഠ് ഹിന്ദുമഠം മേധാവി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th July 2024, 1:21 pm

ന്യൂദല്‍ഹി: ലോക്സഭയില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തില്‍ ഹിന്ദുമതത്തിനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് ഉത്തരാഖണ്ഡിലെ ജ്യോതിഷ് പീഠ് ഹിന്ദു മഠം മേധാവി സ്വാമി അവിമുക്തേശ്വരാനന്ദ്.

ഹിന്ദുക്കളെ രാഹുല്‍ അപമാനിച്ചുവെന്നും ഹിന്ദുക്കളെ അക്രമാസക്തരെന്ന് രാഹുല്‍ വിളിച്ചെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം സഭയില്‍ ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു സ്വാമി അവിമുക്തേശ്വരാനന്ദിന്റെ മറുപടി.

‘രാഹുല്‍ ഗാന്ധി ഹിന്ദു വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് കേട്ടപ്പോള്‍, അദ്ദേഹത്തിന്റെ മുഴുവന്‍ വീഡിയോയും ഞാന്‍ കണ്ടു, അദ്ദേഹം തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്ന് എനിക്ക് മനസ്സിലായി. ഹിന്ദു മതത്തില്‍ അക്രമത്തിന് സ്ഥാനമില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞത് തികച്ചും ശരിയാണ്. അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ എഡിറ്റ് ചെയ്ത് അര്‍ദ്ധസത്യങ്ങള്‍ പ്രചരിപ്പിക്കുന്നത് കുറ്റകരമാണ്, ഇത്തരത്തില്‍ ചെയ്യുന്നത് പത്രക്കാരായാലും ചാനലുകാരായാലും ശിക്ഷിക്കപ്പെടണം,’ അദ്ദേഹം പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന കേന്ദ്രം ഭരിക്കുന്ന എന്‍.ഡി.എ സര്‍ക്കാരിനെ നയിക്കുന്ന പാര്‍ട്ടിയെ ലക്ഷ്യം വെച്ചുള്ളതാണെന്നും ഹിന്ദുമതത്തിനെതിരല്ലെന്നും സ്വാമി സരസ്വതി കൂട്ടിച്ചേര്‍ത്തു.

‘കാക്ക എന്റെ ചെവി കടിച്ചെടുത്തെന്ന് ആരെങ്കിലും പറയുമ്പോള്‍, എന്റെ ചെവി ഇപ്പോഴും എന്റെ പക്കലുണ്ടോ എന്ന് ഞാന്‍ ആദ്യം പരിശോധിക്കും. ഇല്ലെങ്കില്‍ മാത്രമേ ഞാന്‍ കാക്കയുടെ പിന്നാലെ പോകൂ,’ എന്നായിരുന്നു അവിമുക്തേശ്വരാനന്ദ് പറഞ്ഞത്.

‘ഹിന്ദുമതത്തില്‍ അക്രമത്തിന് സ്ഥാനമില്ലെന്ന് രാഹുല്‍ ഗാന്ധി പറയുന്നുണ്ട്. ഹിന്ദുമതത്തില്‍ അതിന് സ്ഥാനമില്ലെന്ന് അദ്ദേഹം വ്യക്തമായി പറയുമ്പോള്‍, ഹിന്ദുമതത്തിനെതിരായി സംസാരിച്ചുവെന്ന് ആരോപിക്കുന്നതും സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തി മാറ്റി വാക്കുകള്‍ പ്രചരിപ്പിക്കുന്നത് കുറ്റകരമാണ്.

ഇത് ചെയ്യുന്നവര്‍ ആരാണെങ്കിലും അതിനി മാധ്യമപ്രവര്‍ത്തകരോ വാര്‍ത്താ ചാനലോ ആരാണെങ്കിലും ശിക്ഷിക്കപ്പെടണം. ഇത് തെറ്റാണ്. ഒരാളെ എതിര്‍ക്കാം. പക്ഷേ അവര്‍ ഒരിക്കലും പറയാത്ത കാര്യത്തിന് അവരെ കുറ്റക്കാരായി ചിത്രീകരിക്കുന്നത് ശരിയല്ല.

ഹിന്ദു എന്ന് പറയുന്നിടത്ത് ബി.ജെ.പി എം.പിമാരുടെ കാര്യം അദ്ദേഹം പ്രത്യേകം എടുത്തുപറയുന്നുണ്ട്. അവര്‍ അക്രമവും വിദ്വേഷവും പ്രചരിപ്പിക്കുന്നു എന്നാണ് രാഹുല്‍ ഗാന്ധി കൃത്യമായി പറയുന്നത്. ഭഗവാന്‍ ശിവന്‍ അഹിംസയെ കുറിച്ചാണ് സംസാരിക്കുന്നത്. തങ്ങളെ സ്വയം ഹിന്ദുവെന്ന് വിശേഷിപ്പിക്കുന്നവര്‍ 24 മണിക്കൂറും അക്രമവും വിദ്വേഷവും കള്ളവും പ്രചരിപ്പിക്കുകയാണ്. മുന്നിലിരുന്ന ബി.ജെ.പി എം.പിമാരെ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് രാഹുല്‍ ഇത് പറഞ്ഞത്,’ സ്വാമി സരസ്വതി പറഞ്ഞു.

ഹിന്ദു വിശ്വാസം സത്യത്തെയും അഹിംസയെയും അംഗീകരിക്കുന്നുവെന്നായിരുന്നു സഭയില്‍ അദ്ദേഹം തുടര്‍ന്നു പറഞ്ഞത്. എന്നാല്‍ ഇതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ട് ‘എല്ലാ ഹിന്ദു സമൂഹവും അക്രമാസക്തമാണെന്ന് രാഹുല്‍ പറയുന്നത് വളരെ ഗൗരവമുള്ള കാര്യമാണ്’ എന്ന് വിമര്‍ശിച്ചു.

മോദിയോ ബി.ജെ.പിയോ രാഷ്ട്രീയ സ്വയംസേവക് സംഘോ (ആര്‍.എസ്.എസ്) എല്ലാ ഹിന്ദുക്കളെയും പ്രതിനിധീകരിക്കുന്നില്ലെന്നായിരുന്നു ഇതിന് മറുപടിയായി രാഹുല്‍ ഗാന്ധി പറഞ്ഞത്.

ജനുവരിയില്‍ അയോധ്യ രാമക്ഷേത്രത്തില്‍ തിടുക്കപ്പെട്ട് നടത്തിയ പ്രതിഷ്ഠാ ചടങ്ങിനെയും ഇദ്ദേഹം വിമര്‍ശിച്ചിരുന്നു. ക്ഷേത്രം പൂര്‍ണമായി നിര്‍മ്മിക്കുന്നതിന് മുമ്പ് രാമന്റെ പ്രതിമ പ്രതിഷ്ഠിക്കുന്നത് തെറ്റാണെന്നെന്ന് ഇദ്ദേഹം തുറന്നടിച്ചിരുന്നു.

രാമക്ഷേത്രത്തിന്റെ രാഷ്ട്രീയവല്‍ക്കരണം ഇന്ത്യയെ ഒന്നിപ്പിക്കുന്നതിനുപകരം വിഭജിക്കുകയാണെന്നും അത് ഹിന്ദുജനതയില്‍ ഭിന്നത സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Rahul Gandhi Said BJP MPs, Not All Hindus, Were Spreading Hate: Jyotish Peeth Shankaracharya