50 വര്‍ഷം ബി.ജെ.പി ഭരണത്തിലിരിക്കുമെന്ന് അമിത് ഷാ പറയുന്നത് 'വോട്ട് ചോരി' കാരണം: രാഹുല്‍ ഗാന്ധി
India
50 വര്‍ഷം ബി.ജെ.പി ഭരണത്തിലിരിക്കുമെന്ന് അമിത് ഷാ പറയുന്നത് 'വോട്ട് ചോരി' കാരണം: രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 27th August 2025, 7:05 am

പാട്‌ന: ഇനിയും 50 വര്‍ഷത്തോളം ബി.ജെ.പി ഭരണത്തിലിരിക്കുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവന വോട്ട് ചോരിയുമായി ബന്ധപ്പെട്ടതാണെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.  40-50 വർഷം ബി.ജെ.പി ഭരിക്കുമെന്ന ആഭ്യന്തരമന്ത്രിയുടെ പരാമര്‍ശം സത്യം തുറന്നുകാട്ടിയെന്നും അദ്ദേഹം പറഞ്ഞു. വോട്ടര്‍ അധികാര്‍ യാത്രയുടെ ഭാഗമായി ബീഹാറിലെ മധുബാനിയില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

2017 ല്‍ ആയിരുന്നു അമിത് ഷായുടെ പരാമര്‍ശം. മധ്യപ്രദേശില്‍ തന്റെ പാര്‍ട്ടി പ്രവര്‍ത്തകരോട് സംവദിക്കവേ, അഞ്ചോ പത്തോ വര്‍ഷം അധികാരത്തില്‍ ഇരിക്കാനല്ല നമ്മള്‍ വരുന്നതെന്നും മറിച്ച് കുറഞ്ഞത് 50 വര്‍ഷമെങ്കിലും ഭരിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.

ബി.ജെ.പി വോട്ട് മോഷണം നടത്തുന്നു എന്നുള്ള സത്യം ഇന്ന് രാജ്യത്തിന് ബോധ്യപ്പെട്ടു. ആദ്യം വോട്ട് മോഷണം ആരംഭിച്ചത് ഗുജറാത്തിലാണ്. പിന്നീട് 2014 ല്‍ ദേശീയ തലത്തിലും പിന്നീട് മറ്റ് സംസ്ഥാനങ്ങളിലും എത്തിയെന്നും അദ്ദേഹം ആരോപിച്ചു. തെളിവുകളുടെ പിന്‍ബലത്തില്‍ മാത്രമേ താന്‍ സംസാരിക്കുന്നതെന്നും താന്‍ കള്ളം പറയില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ബീഹാറിലെ യുവാക്കള്‍ അവരുടെ ശക്തി പ്രകടിപ്പിച്ചു. പ്രതിഷേധം ബി.ജെ.പി നേതൃത്വത്തെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും വോട്ടുകള്‍ മോഷ്ടിക്കുന്നതിന് മുമ്പ് രണ്ടുതവണ ചിന്തിക്കാന്‍ നിര്‍ബന്ധിതരാക്കുമെന്ന് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ആദ്യം വോട്ട്, പിന്നെ റേഷന്‍ കാര്‍ഡ്, പിന്നെ ഭൂമി എന്നിങ്ങനെ ഘട്ടം ഘട്ടമായി പൗരന്മാരുടെ അവകാശങ്ങള്‍ സര്‍ക്കാര്‍ ഇല്ലാതാക്കുകയാണെന്നും പ്രതിപക്ഷം ഇത് തുടരാന്‍ അനുവദിക്കില്ലെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

വോട്ടിങ് ആണ് ജനാധിപത്യത്തിന്റെ അടിത്തറയെന്ന് റാലിയില്‍ പങ്കെടുത്ത വയനാട് എം.പി പ്രിയങ്ക ഗാന്ധിയും പറഞ്ഞു. ‘ബി.ജെ.പി സര്‍ക്കാര്‍ ഇതിനകം തന്നെ തൊഴില്‍ മോഷ്ടിച്ചു, പൊതുമേഖലാ സ്ഥാപനങ്ങള്‍ മോഷ്ടിച്ചു. ജനങ്ങളുടെ ഏറ്റവും വിലപ്പെട്ട അവകാശമാണ് വോട്ടവകാശം. അത് നഷ്ടപ്പെടുത്താന്‍ അനുവദിച്ചാല്‍ നിങ്ങള്‍ക്ക് ഒരു ഐഡന്റിറ്റിയും അവശേഷിക്കില്ല. നിങ്ങളുടെ എല്ലാ അവകാശങ്ങളും, നിങ്ങളുടെ പൗരത്വം പോലും നഷ്ടപ്പെടുത്തപ്പെടും,’ പ്രിയങ്ക ഗാന്ധി പറഞ്ഞു.

Content Highlight: Rahul Gandhi said, Amit Shah says BJP will be in power for 50 years because of ‘vote theft’