ന്യൂദൽഹി: ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ രചനകൾ വെറും ചരിത്രം മാത്രമല്ല ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന മനസാക്ഷിയുടെ നേർചിത്രമാണെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.
ജവഹർലാൽ നെഹ്‌റുവിന്റെ രചനകളുടെ ഡിജിറ്റലൈസേഷനെ പ്രശംസിച്ചാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. ‘ജവഹർലാൽ നെഹ്‌റുവിന്റെ തെരഞ്ഞെടുത്ത കൃതികൾ’ എന്ന പുസ്തകത്തിന്റെ ഡിജിറ്റലൈസേഷൻ പൂർത്തിയായതിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ആധുനിക ഇന്ത്യയെ രൂപപ്പെടുത്തുന്നതിൽ നേരിട്ട വെല്ലുവിളികളെയും വിജയങ്ങളെയും കുറിച്ച് നെഹ്‌റുവിന്റെ രചനകൾ ആഴത്തിലുള്ള ഉൾകാഴ്ച നൽകുന്നുവെന്ന് അദ്ദേഹം എക്സിലൂടെ പറഞ്ഞു.
ഇന്ത്യയുടെ ജനാധിപത്യ യാത്ര മനസിലാക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും നെഹ്‌റുവിന്റെ രചനകൾ ഒരു വഴികാട്ടിയാണെന്നും രാഹുൽ അഭിപ്രായപ്പെട്ടു.
‘രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രിയുടെ കൃതികൾ കേവലം ചരിത്ര രേഖകളല്ല. അത് രാജ്യത്തിന്റെ മനസാക്ഷിയെ പ്രതിഫലിക്കുന്നതാണ്. അവരുടെ ധൈര്യം, അഭിലാഷങ്ങൾ, സംശയങ്ങൾ, സ്വപ്നങ്ങൾ എന്നിവ അതിൽ പറയുന്നുണ്ട്,’ അദ്ദേഹം പറഞ്ഞു.
ഇത് എല്ലാവർക്കും സൗജന്യമായി ലഭ്യമാക്കുന്നതിൽ തനിക്ക് സന്തോഷമുണ്ടെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
‘ചരിത്ര സാക്ഷരതയും ജനാധിപത്യ അവബോധവും പ്രോത്സാഹിപ്പിക്കുന്നതിലും, ഇന്ത്യയെ ഒരു പരമാധികാര, ജനാധിപത്യ റിപ്പബ്ലിക്കായി രൂപപ്പെടുത്തുന്നതിനും വഴികാട്ടിയ ആശയങ്ങളുമായി ഇടപഴകാൻ പൗരന്മാർക്ക് ഒരു അവസരമാണ് ഇതുവഴി ലഭിക്കുന്നത്,’ അദ്ദേഹം പറഞ്ഞു.