ന്യൂദൽഹി: ഇന്നലെ പാർലമെന്റിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പ്രസംഗത്തിൽ [പ്രതികരണവുമായി കോൺഗ്രസ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അമിത്ഷാ ഇന്നലെ പരിഭ്രാന്തനായിരുന്നെന്നും സമ്മർദത്തിലായിരുന്നെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
അമിത് ഷായുടെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നെന്നും സഭയിൽ പല അസഭ്യവും അദ്ദേഹം പറഞ്ഞെന്നും രാഹുൽ കൂട്ടിച്ചേർത്തു.
‘പാർലമെന്റിൽ എന്റെ എല്ലാ പത്രസമ്മേളനങ്ങളും ചർച്ച ചെയ്യാം. എന്നാൽ എന്റെ ഒരു ചോദ്യത്തിനും മറുപടിയില്ല.സംവാദത്തിനുള്ള വെല്ലുവിളി ഏറ്റെടുക്കാന്‍ അദ്ദേഹത്തിനാവില്ല,’ പാർലമെന്റിൽ രാഹുൽ പറഞ്ഞു.
കഴിഞ്ഞ ദിവസം ലോക്സഭയിൽ എസ്.ഐ.ആറിൽ നടന്ന ചർച്ചയിൽ അമിത്ഷായും രാഹുൽ ഗാന്ധിയും തമ്മിൽ തീവ്രമായ വാക്‌പോര് നടന്നിരുന്നു.
വോട്ട് ചൊരിയിൽ അമിത് ഷായെ രാഹുൽ പരസ്യ സംവാദത്തിന്
വെല്ലുവിളിച്ചിരുന്നു. വാക് തർക്കം രൂക്ഷമായെങ്കിലും അമിത് ഷാ വെല്ലുവിളി ഏറ്റെടുക്കാതെ ഒഴിഞ്ഞു മാറുകയായിരുന്നു.
എസ്.ഐ.ആർ ലോക്സഭയിൽ ചർച്ച ചെയ്യുന്നതിനെ കേന്ദ്ര സർക്കാർ തുടക്കം മുതൽക്കേ എതിർത്തിരുന്നു. എന്നാൽ വന്ദേമാതരം ചർച്ചയ്ക്ക് പിന്നാലെ എസ്.ഐ.ആർ ചർച്ച വേണമെന്ന് പ്രതിപക്ഷം ശക്തമായി വാദിച്ചിരുന്നു.
നേരത്തെ രാജ്യത്തെ സ്ഥാപനങ്ങളെ ആർ.എസ്.എസ് പിടിച്ചെടുക്കുന്നുവെന്നും വോട്ട് ചോരിയെക്കാൾ വലിയ രാജ്യദ്രോഹമില്ലെന്നും പാർലമെന്റിൽ രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.
ഇ.ഡി, തെരഞ്ഞെടുപ്പ് കമ്മീഷൻ, സി.ബി.ഐ തുടങ്ങിയ കേന്ദ്ര സ്ഥാപനങ്ങളെ ആർ.എസ്.എസ് പിടിച്ചെടുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.
Content Highlight: Rahul Gandhi reacts to Amit Shah’s speech in Parliament yesterday