ന്യൂദല്‍ഹി: വോട്ട് ചോരി ആരോപണം വീണ്ടും ഉയര്‍ത്തി രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് വോട്ടുകള്‍ വ്യാപകമായി വെട്ടിയെന്നാണ് രാഹുല്‍ തെളിവുകള്‍ നിരത്തി പ്രസ്താവിച്ചത്. ഇത്തരത്തില്‍ കര്‍ണാടകയിലെ ആലന്ദില്‍ നിന്നും 6,018 വോട്ടുകള്‍ ഒഴിവാക്കിയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
ഇതില്‍ ചില വോട്ടര്‍മാരെ രാഹുല്‍ വേദിയില്‍ ഹാജരാക്കുകയും ചെയ്തു.
വ്യാജ ഐ.ഡികളില്‍ നിന്നും ലോഗിന്‍ ചെയ്തുകൊണ്ടാണ് ഇത്തരത്തില്‍ വോട്ടുകള്‍ നീക്കിയതെന്നും വോട്ട് കൊള്ളയ്ക്ക് തന്റെ പക്കല്‍ 101 ശതമാനം തെളിവുകളുണ്ടെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
സൂര്യകാന്ത് എന്നയാളുടെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് 12 വോട്ടുകള്‍ നീക്കി. ഏറ്റവുമധികം വോട്ടുകള്‍ വെട്ടിയ ബൂത്തുകള്‍ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളാണെന്നും രാഹുല്‍ വ്യക്തമാക്കി.
36 സെക്കന്‍ഡുകള്‍ക്കുള്ളില്‍ രണ്ട് അപേക്ഷകള്‍ നല്‍കിയെന്നും രണ്ടിനും ഒരേ സീരിയല്‍ നമ്പറാണെന്നും രാഹുല്‍ പറഞ്ഞു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെയും രാഹുല്‍ രൂക്ഷ വിമര്‍ശനമുന്നയിച്ചു. ഗ്യാനേഷ് വോട്ട് കൊള്ളയ്ക്ക് കൂട്ടുനില്‍ക്കുന്നു എന്നാണ് രാഹുല്‍ വിമര്‍ശിച്ചത്.