മുംബൈ: സമീപകാല പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കോടതിയെ അറിയിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. നാഥുറാം വിനായക് ഗോഡ്സെയുടെ പിന്‍ഗാമികളില്‍ നിന്ന് തനിക്ക് ജീവന് ഭീഷണിയുണ്ടെന്ന് രാഹുല്‍ ഗാന്ധി പൂനെ കോടതിയെ അറിയിക്കുകയായിരുന്നു.
സവർക്കർക്കെതിരായ പരാമര്‍ശത്തിന്റെ പേരില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത സത്യകി സവര്‍ക്കറെ ചൂണ്ടിക്കാട്ടിയായിരുന്നു രാഹുല്‍ ഇക്കാര്യം അറിയിച്ചത്. വിഷയം ജുഡീഷ്യലായി പരിഗണിക്കണമെന്ന് പറഞ്ഞ രാഹുല്‍ ഭരണകൂടത്തിന്റെ സംരക്ഷണവും ആവശ്യപ്പെട്ടു.
അടുത്തിടെ പരസ്യമായ രണ്ട് ഭീഷണികളാണ് തനിക്ക് ബി.ജെ.പി നേതാക്കളില്‍ നിന്ന് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഒന്ന് തന്നെ ‘രാജ്യത്തെ ഒന്നാം നമ്പര്‍ തീവ്രവാദി എന്ന് വിളിച്ച കേന്ദ്രമന്ത്രി രവ്നീത് സിങ് ബിട്ടുവില്‍ നിന്നും മറ്റൊന്ന് ബി.ജെ.പി നേതാവായ തര്‍വീന്ദര്‍ സിങ് വര്‍മയില്‍ നിന്നുമാണെന്നും രാഹുല്‍ പറഞ്ഞു. അഭിഭാഷകനായ മിലിന്ദ് ദത്താത്രയ പവാര്‍ മുഖേന നല്‍കിയ ഹരജിയിലാണ് രാഹുല്‍ ഗാന്ധി ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
സത്യകി സവര്‍ക്കറുടെ കുടുംബ പരമ്പരയ്ക്ക് അക്രമത്തിന്റെയും ഭരണഘടനാ വിരുദ്ധതയുടെയും രേഖപ്പെടുത്തിയ ചരിത്രമുണ്ടെന്നും രാഹുല്‍ ഗാന്ധി കോടതിയില്‍ പറഞ്ഞു. മഹാത്മാഗാന്ധിക്കെതിരെ ഉണ്ടായത് നിരായുധനായ ഒരു വ്യക്തിക്കെതിരെ ബോധപൂര്‍വം നടത്തിയ അക്രമണമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇക്കാരണങ്ങള്‍ ചൂണ്ടിക്കാട്ടി രാഹുല്‍ ആശങ്ക പ്രകടിപ്പിക്കുകയായിരുന്നു.
എന്നാല്‍ രാഹുലിന്റെ വാദങ്ങള്‍ തള്ളിയ സത്യകി, കോണ്‍ഗ്രസ് എം.പിയുടെ ഹരജി ബാലിശമാണെന്നും മാനനഷ്ടക്കേസിലെ വിചാരണ വൈകിപ്പിക്കുക എന്നതാണ് ഇതിനുപിന്നിലെ ലക്ഷ്യമെന്നും ആരോപിച്ചു. രാഹുലിന്റെ ഹരജിയില്‍ പറയുന്ന കാര്യങ്ങള്‍ക്ക് ഇപ്പോഴത്തെ കേസുമായി യാതൊരു ബന്ധവുമില്ലെന്നും സത്യകി പറഞ്ഞു.
2023 മാര്‍ച്ച് അഞ്ചിന് ലണ്ടനില്‍ നടന്ന ഒരു ഓവര്‍സീസ് കോണ്‍ഗ്രസ് സമ്മേളനത്തിനിടെ രാഹുല്‍ ഗാന്ധി സവര്‍ക്കര്‍ക്കെതിരെ അപകീര്‍ത്തികരവും അവഹേളനപരവുമായ പ്രസ്താവനകള്‍ നടത്തിയെന്ന് ആരോപിച്ചാണ് സത്യകി സവര്‍ക്കര്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.
രാഹുലിന്റെ പരാമര്‍ശങ്ങള്‍ പിന്നീട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും സവര്‍ക്കറുടെ പാരമ്പര്യത്തെയും പൊതു പ്രതിച്ഛായയെയും തകര്‍ത്തുവെന്നും ആരോപിച്ചായിരുന്നു പരാതി.