പാട്‌ന: തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്രമക്കേടുകള്‍ വീണ്ടും ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ബിഹാറിലെ ഒരു വീട്ടില്‍ 947 വോട്ടര്‍മാരുടെ പേര് ചേര്‍ത്തിട്ടുണ്ടെന്നാണ് വോട്ടര്‍ അധികാര്‍ യാത്രക്കിടെ രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടിയത്. എക്‌സില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് അദ്ദേഹം ഈ വിവരം പുറത്തുവിട്ടത്.
ബോധ് ഗയയിലെ നിദാനി ഗ്രാമത്തിലെ 947 വോട്ടര്‍മാര്‍ക്കും ഒരൊറ്റ വീട്ടുനമ്പറാണ് നല്‍കിയിരിക്കുന്നത്. ഇതാണ് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും ചൂണ്ടിക്കാട്ടിയത്. ഒരു പഞ്ചായത്തിനെ മുഴവന്‍ ഒരൊറ്റ വീട്ടില്‍ താമസിപ്പിച്ചെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ അത്ഭുതമാണ് ഇതെന്നും കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു. ഒരു ഗ്രാമത്തിലെ കാര്യം മാത്രം ഇങ്ങനെയാണെങ്കില്‍ രാജ്യം മുഴുവനുള്ള അവസ്ഥ എന്താണെന്ന് ഊഹിക്കാവുന്നതേയുള്ളൂവെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
എന്നാല്‍ ഈ ആരോപണങ്ങള്‍ക്ക് പിന്നാലെ വിശദീകരണവുമായി ഗയയിലെ ജില്ലാ മജിസ്‌ട്രേറ്റിന്റെ സോഷ്യല്‍ മീഡിയ പേജ് രംഗത്തെത്തി. എക്‌സില്‍ പങ്കുവെച്ച പോസ്റ്റിലായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ ന്യായീകരണം പങ്കുവെച്ചത്. ഗ്രാമവാസികളുടെ വീഡിയോ അടക്കമുള്ള പോസ്റ്റിലാണ് ജില്ലാ ഭരണകൂടത്തിന്റെ ന്യായീകരണം.
‘പല ഗ്രാമങ്ങളിലും നമ്പറോ പേരോ ഇല്ലാത്ത ധാരാളം വീടുകളുണ്ട്. അത്തരം വീടുകളിലെ വോട്ടര്‍മാര്‍ക്ക് സാങ്കല്പികമായി വീട്ടുനമ്പര്‍ നല്‍കാറുണ്ട്. വോട്ടര്‍മാരെ ചേര്‍ക്കുന്ന പ്രക്രിയ എളുപ്പമാക്കാന്‍ വേണ്ടിയാണ് ഇത്. പരാമര്‍ശിച്ചിരിക്കുന്ന വോട്ടര്‍മാരെല്ലാം ഗ്രാമത്തിലുണ്ട്. നിഡാനി ഗ്രാമത്തിലെ വോട്ടര്‍മാര്‍ തന്നെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നു,’ എന്ന് പറഞ്ഞുകൊണ്ടാണ് ഗയ ജില്ലാ മജിസ്‌ട്രേറ്റ് പോസ്റ്റ് പങ്കുവെച്ചത്.
ഗ്രാമവാസികളുടെ വീഡിയോയില്‍ അവരെല്ലാം അവിടുത്തെ നിവാസികളാണെന്നും എല്ലാവരുടെയും പേര് പട്ടികയിലുണ്ടെന്നും പറയുന്നുണ്ട്. വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ തങ്ങള്‍ തൃപ്തരാണെന്നും ഇത്തരം സംഭവങ്ങള്‍ ഗ്രാമത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കമാണെന്നും വീഡിയോയില്‍ ചിലര്‍ പറയുന്നുണ്ട്.
അതേസമയം വോട്ട് ചോരിക്കെതിരെ രാഹുല്‍ ഗാന്ധി നടത്തുന്ന വോട്ടര്‍ അധികാര്‍ യാത്ര ബിഹാറില്‍ നടന്നുകൊണ്ടിരിക്കുകയാണ്. വെസ്റ്റ് ചമ്പാരനിലാണ് ഇപ്പോള്‍ യാത്ര നടക്കുന്നത്. സെപ്റ്റംബര്‍ ഒന്നിന് പട്‌നയിലാണ് യാത്ര അവസാനിക്കുക. എം.കെ സ്റ്റാലിന്‍ അടക്കമുള്ള നേതാക്കള്‍ റാലിയില്‍ പങ്കെടുക്കും.
Content Highlight: Rahul Gandhi pointed that 947 voters in a single house in Bihar village and criticizing Election Commission