മോദിയുടെ വിശ്വാസ്യതയൊക്കെ എന്നേ നഷ്ടമായി; അധികാരത്തില്‍ നിന്ന് തൂത്തെറിഞ്ഞിരിക്കും: ചന്ദ്രബാബു നായിഡുവിന്റെ നിരാഹാര വേദിയില്‍ രാഹുല്‍
national news
മോദിയുടെ വിശ്വാസ്യതയൊക്കെ എന്നേ നഷ്ടമായി; അധികാരത്തില്‍ നിന്ന് തൂത്തെറിഞ്ഞിരിക്കും: ചന്ദ്രബാബു നായിഡുവിന്റെ നിരാഹാര വേദിയില്‍ രാഹുല്‍
ന്യൂസ് ഡെസ്‌ക്
Monday, 11th February 2019, 12:34 pm

ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വാസ്യത പൂര്‍ണമായും നഷ്ടമായിരിക്കുന്നതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നിരാഹാര സമരവേദിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.

മോദിയുടെ വിശ്വാസ്യത എന്നേ നഷ്ടമായിക്കഴിഞ്ഞു. ഇനി ഏതാനും മാസങ്ങള്‍ കൂടി മാത്രമേയുള്ളൂ. അദ്ദേഹത്തെ അധികാരത്തില്‍ നിന്നും പുറത്താക്കിയിരിക്കും. ഞങ്ങള്‍ ആന്ധ്രയിലെ ജനങ്ങള്‍ക്കൊപ്പമാണ്. മോദി ആന്ധ്രപ്രദേശിന് നല്‍കിയ വാഗ്ദാനം പാലിക്കാതെ വഞ്ചിച്ചെന്നും രാഹുല്‍ പറഞ്ഞു. റാഫാല്‍ കൊള്ളയ്ക്ക് നേതൃത്വം നല്‍കിയത് മോദിയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

ആന്ധ്രാ പ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ടുകൊണ്ടാണ് ചന്ദ്രബാബു നായിഡു നിരാഹാരമിരിക്കുന്നത്.. ദല്‍ഹിയിലെ ആന്ധ്രാ പ്രദേശ് ഭവന് മുന്‍പിലാണ് ചന്ദ്രബാബു നിരാഹാരമിരിക്കുന്നത്.

രാവിലെ 8 മണി മുതല്‍ വൈകിട്ട് 8 മണി വരെയാണ് ചന്ദ്രബാബു നായിഡു ആന്ധ്രാ പ്രദേശ് ഭവന് മുന്‍പില്‍ നിരാഹാരമിരിക്കുക.


അഴിമതി വിരുദ്ധ ചട്ടങ്ങളും പിഴ ഈടാക്കാനുള്ള വ്യവസ്ഥകളും ഒഴിവാക്കി; വീണ്ടും റഫാലില്‍ തെളിവുകള്‍ പുറത്തു വിട്ട് ദ ഹിന്ദു


“ധര്‍മ്മ പോരാട്ട ദീക്ഷ” എന്നാണു തന്റെ സമരത്തിന് ചന്ദ്രബാബു പേര് നല്‍കിയിരിക്കുന്നത്. സമരത്തില്‍ ആന്ധ്രാ മന്ത്രിസഭയിലെ മന്ത്രിമാരും, എം.എല്‍.എമാരും തെലുഗു ദേശം പാര്‍ട്ടിയുടെ എം.പിമാറും പങ്കെടുക്കുന്നുണ്ട്. സമരവുമായി ബന്ധപെട്ടു രാഷ്ട്രപതി രാംനാഥ് കോവിന്ദിന് നിവേദനപത്രികയും ചന്ദ്രബാബു സമര്‍പ്പിക്കും.

2013 ല്‍, അന്ന് ഒറ്റ സംസ്ഥാനമായിരുന്ന ആന്ധ്രാ പ്രദേശില്‍ നിന്നും മറ്റൊരു സംസ്ഥാനം ഉണ്ടാകുകയാണെങ്കില്‍,രണ്ടു സംസ്ഥാനങ്ങള്‍ക്കും തുല്യ അവകാശം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ചന്ദ്രബാബു നായിഡു നിരാഹാര സമരം നടത്തിയിരുന്നു.

എന്നാല്‍ സമരത്തിന്റെ അഞ്ചാം ദിവസം അദ്ദേഹത്തെ ബലം പ്രയോഗിച്ച് ദല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഏപ്രില്‍ 20, 2018ല്‍ തന്റെ ജന്മദിനത്തിലും ആന്ധ്രാ പ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹം നിരാഹാരമിരുന്നു.