'രണ്ട് മാസം കാത്തിരുന്നു, ഇനി ഞങ്ങള്‍ക്ക് എന്ത് സംഭവിക്കുമെന്ന് അറിയില്ല'; അതിഥി തൊഴിലാളികള്‍ രാഹുലിനോട് കരഞ്ഞ് പറഞ്ഞത് ഇതെല്ലാമാണ്
national news
'രണ്ട് മാസം കാത്തിരുന്നു, ഇനി ഞങ്ങള്‍ക്ക് എന്ത് സംഭവിക്കുമെന്ന് അറിയില്ല'; അതിഥി തൊഴിലാളികള്‍ രാഹുലിനോട് കരഞ്ഞ് പറഞ്ഞത് ഇതെല്ലാമാണ്
ന്യൂസ് ഡെസ്‌ക്
Saturday, 23rd May 2020, 12:52 pm

ന്യൂദല്‍ഹി: ഹരിയാനയിലെ ജോലിസ്ഥലത്തുന്നും സ്വദേശമായ യു.പിയിലെ ഝാന്‍സിയിലേക്ക് കാല്‍നടയായി നീങ്ങുന്ന അതിഥി തൊഴിലാളികളോട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ സംസാരിക്കുന്ന ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെ ഈ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തി ഡോക്യുമെന്ററി തയ്യാറാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. തളര്‍ന്നുതുടങ്ങിയ തൊഴിലാളികള്‍ തങ്ങള്‍ നേരിട്ട ദുരിതങ്ങള്‍ രാഹുലിനോട് പങ്കുവെക്കുന്നതാണ് ഡോക്യുമെന്ററിയിലുള്ളത്.

‘ഞങ്ങളിപ്പോള്‍ത്തന്നെ 150 കിലോമീറ്ററുകള്‍ നടന്നു. ഇനിയുമുണ്ട് ഏറെ ദൂരം’, മുകേഷ് എന്ന തൊഴിലാളി രാഹുലിനോട് പറഞ്ഞു. ‘സമ്പന്നര്‍ക്ക് ബുദ്ധിമുട്ടുകളൊന്നുമില്ല. ഞങ്ങളെപ്പോലുള്ള പാവപ്പെട്ടവര്‍ മാത്രമാണ് തീരാ ദുരിതത്തിലായിരിക്കുന്നത്. ഞങ്ങളുടെ കുഞ്ഞുങ്ങള്‍ കഴിഞ്ഞ മൂന്ന് ദിവസമായി ഭക്ഷണം കഴിച്ചിട്ടില്ല’, സംഘത്തിലെ ഒരു സ്ത്രീ അദ്ദേഹത്തോട് പറഞ്ഞു.

ലോക്ഡൗണിനെക്കുറിച്ച് എങ്ങനെ, എപ്പോഴാണ് അറിഞ്ഞത് എന്ന് രാഹുല്‍ ചോദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. അതിന് തൊഴിലാളികളുടെ മറുപടി ഇങ്ങനെ,’പെട്ടെന്നാണ് ഈ വിവരം അറിയുന്നത്. മാര്‍ച്ച് 22ന് കര്‍ഫ്യൂ ആണെന്ന് 21 നാണ് അറിഞ്ഞത്. പിന്നെ പെട്ടെന്ന് ലോക്ഡൗണാണെന്നോ മറ്റോ അറിഞ്ഞു. ലോക്ഡൗണാവുന്നതിന് നാല് മണിക്കൂര്‍ മുമ്പ് മാത്രമാണ് വിവരം ലഭിച്ചത്. രണ്ട് മാസം കാത്തിരുന്നു. അതിന് ശേഷമാണ് നടന്ന് പോകാം എന്ന് തീരുമാനിച്ചത്. കാരണം ലോക്ഡൗണ്‍ നീട്ടിക്കൊണ്ടിരിക്കുകയാണ്. ഇവിടെ ഞങ്ങളുടെ പക്കല്‍ ഒന്നുമില്ല. മൂന്നാംഘട്ട ലോക്ഡൗണിന് ശേഷം എങ്ങനെ ജീവിക്കും എന്നോ ഞങ്ങള്‍ക്ക് എന്ത് സംഭവിക്കുമെന്നോ അറിയില്ല. 2500 രൂപയാണ് മാസവാടക. ഒരു രൂപപോലും കയ്യിലില്ല. ഒന്നുമില്ലാതെ ഞങ്ങള്‍ നടക്കുകയാണ്. വഴിയില്‍വെച്ച് ആരെങ്കിലും എന്തെങ്കിലും തന്നാല്‍ അത് കഴിക്കും. ജീവന്‍ രക്ഷിക്കണം എന്ന് മാത്രമേ ഞങ്ങള്‍ക്കുള്ളൂ’.

കൊറോണ വൈറസ് തങ്ങള്‍ക്ക് തന്നത് വേദനയല്ലെന്നും മറിച്ച് പട്ടിണിയാണെന്നും മറ്റൊരു തൊഴിലാളി രാഹുലിനോട് പറഞ്ഞു. തങ്ങളെ വീടുകളില്‍ എത്തിക്കണമെന്നും എന്തെങ്കിലും ജോലി നല്‍കണമെന്നും മാത്രമേ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

‘എന്റെ സഹോദരങ്ങളായ തൊഴിലാളികളേ, നിങ്ങളാണ് ഈ രാജ്യത്തിന്റെ ശക്തി. ഈ രാജ്യത്തിന്റെ ഭാരം മുഴുവന്‍ നിങ്ങള്‍ ചുമലുകളില്‍ വഹിച്ചു. നിങ്ങള്‍ക്ക് നീതി വേണം എന്നത് രാജ്യത്തിന്റെ ആവശ്യമാണ്. ഈ രാജ്യത്തിന്റെ ശക്തിയെ ദൃഢപ്പെടുത്തേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണ്’, ഡോക്യുമെന്റിയുടെ അവസാനം രാഹുല്‍ ഗാന്ധി പറയുന്നു.

സംഭാഷണത്തിന് ശേഷം രാഹുല്‍ തൊഴിലാളികളെ മിനി ബസുകളിലും മറ്റ് വാഹനങ്ങളിലും കയറ്റി നാട്ടിലേക്കയക്കുകയായിരുന്നു.

കഴിഞ്ഞ ശനിയാഴ്ചയാണ് ദല്‍ഹി-ഫരീദാബാദ് അതിര്‍ത്തിക്ക് സമീപത്തുവെച്ചുള്ള മേല്‍പ്പാലത്തിന് സമീപത്തുകൂടി നാടുകളിലേക്ക് കാല്‍നടയായി മടങ്ങുകയായിരുന്ന അതിഥി തൊഴിലാളികളുമായാണ് രാഹുല്‍ സംസാരിച്ചത്. അംബാലയില്‍നിന്നും പണവും ജോലിയും ഭക്ഷണവും ഇല്ലാതായതോടെയായിരുന്നു ഈ തൊഴിലാളികള്‍ കൂട്ടത്തോടെ നാടുകളിലേക്ക് കാല്‍നടയായി മടങ്ങാന്‍ തീരുമാനിച്ചത്. തൊഴിലാളികളുമായി സംസാരിച്ച രാഹുല്‍ അവരുടെ അടുത്തിരുന്ന് പ്രശ്നങ്ങള്‍ കേള്‍ക്കുകയും സഹായങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക