പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യദ്രോഹി, ഇന്ത്യയെ അമേരിക്കയ്ക്ക് തീറെഴുതി; ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി
national news
പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യദ്രോഹി, ഇന്ത്യയെ അമേരിക്കയ്ക്ക് തീറെഴുതി; ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി
ആദര്‍ശ് എം.കെ.
Tuesday, 14th April 2026, 4:38 pm

 

ന്യൂദല്‍ഹി: ഇന്ത്യ – അമേരിക്ക വ്യാപാരക്കരാറില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി ഒരു രാജ്യദ്രോഹിയാണെന്നും ഇന്ത്യയെ അമേരിക്കയ്ക്ക് വിറ്റുവെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

പശ്ചിമ ബംഗാളിലെ മാള്‍ഡയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അമേരിക്കന്‍ സമ്മര്‍ദത്തിന് വഴങ്ങി ഇന്ത്യയുടെ ഊര്‍ജ സുരക്ഷ പ്രധാനമന്ത്രി അമേരിക്കയ്ക്ക് അടിയറവ് വെച്ചുവെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ഈ വ്യാപാര കരാര്‍ മൂലം ഇന്ത്യയുടെ കാര്‍ഷിക മേഖല തകരുമെന്നും വ്യക്തമാക്കി.

‘ഇന്ത്യയുടെ കാര്‍ഷിക മേഖല ഒന്നാകെ തകരും. വ്യാപാരക്കരാറില്‍ മോദി ഇന്ത്യയെ അമേരിക്കയ്ക്ക് വിറ്റു. അദ്ദേഹമൊരിക്കലും ഒരു ദേശഭക്തനല്ല, മറിച്ച് ദേശദ്രോഹിയാണ്,’ രാഹുലിനെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്തിന്റെ കരുത്തായ ഡാറ്റ സുരക്ഷ മോദി സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്തതായും ഇന്ത്യയുടെ വിവരങ്ങള്‍ അമേരിക്കയ്ക്ക് നല്‍കിയതായും അദ്ദേഹം ആരോപിച്ചു. ഇത് ദേശീയ സുരക്ഷയെ സാരമായി ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമേരിക്കന്‍ ഉത്പന്നങ്ങള്‍ ഒരു ‘സുനാമി’ പോലെ ഇന്ത്യയിലേക്ക് ഒഴുകിയെത്തിയാല്‍ രാജ്യത്തെ ചെറുകിട-ഇടത്തരം വ്യവസായ ശാലകള്‍ അടച്ചുപൂട്ടേണ്ടി വരുമെന്നും ഇത് വന്‍തോതില്‍ തൊഴില്‍ നഷ്ടത്തിന് കാരണമാകുമെന്നും മുന്നറിയിപ്പ് നല്‍കി. അമേരിക്കയില്‍ നിന്ന് 9.5 ലക്ഷം കോടി രൂപയുടെ സാധനങ്ങള്‍ വാങ്ങുമെന്ന് മോദി സര്‍ക്കാരിന്റെ ഉറപ്പിനെ സൂചിപ്പിച്ചുകൊണ്ടായിരുന്നു രാഹുല്‍ ഗാന്ധി ഇക്കാര്യം പറഞ്ഞത്.

ഇന്ത്യയുടെ ഭരണഘടനയെ തകര്‍ക്കാനാണ് ബി.ജെ.പിയും ആര്‍.എസ്.എസും ശ്രമിക്കുന്നതെന്ന് രാഹുല്‍ ആരോപിച്ചു. ഇവരുടെ വിദ്വേഷം നിറഞ്ഞ ചിന്താഗതി ഭരണഘടനയെ നശിപ്പിക്കുകയാണെന്നും ഇവര്‍ വോട്ട് ചോരിയില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും വിമര്‍ശനമുയര്‍ത്തി.

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം ഭരണഘടനാ വിരുദ്ധമാണെന്നും ബി.ജെ.പിയും ആര്‍.എസ്.എസും എവിടെ അവസരം ലഭിച്ചാലും ഭരണഘടനയ്‌ക്കെതിരെ നീങ്ങുകയാണെന്നും കുറ്റപ്പെടുത്തി.

ബംഗാളിലെ മമത ബാനര്‍ജി സര്‍ക്കാരിനെതിരെയും രാഹുല്‍ ഗാന്ധി വിമര്‍ശനം ഉന്നയിച്ചു. സംസ്ഥാനത്തെ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നതില്‍ തൃണമൂല്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നായിരുന്നു വിമര്‍ശനം.

അഞ്ച് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് മുഖ്യമന്ത്രി വാഗ്ദാനം നല്‍കിയിരുന്നെങ്കിലും 84 ലക്ഷം യുവാക്കളാണ് തൊഴിലില്ലായ്മ വേതനത്തിനായി അപേക്ഷ നല്‍കിയിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ബംഗാളിലെ വ്യവസായങ്ങള്‍ മമത ബാനര്‍ജി ഇതിനകം തന്നെ അടച്ചുപൂട്ടിയെന്നും ഇതിന് പുറമെ കേന്ദ്രത്തിന്റെ അമേരിക്കന്‍ വ്യാപാര കരാര്‍ കൂടി വരുന്നതോടെ ബംഗാളിന് ഇരട്ടി ആഘാതമുണ്ടാകുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

 

Content Highlight: Rahul Gandhi has slammed central government over the India-US trade deal.

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.