കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരായി സംയുക്ത ട്രേഡ് യൂണിയന്‍ സമിതി നടത്തുന്ന 24 മണിക്കൂര്‍ പണിമുടക്കില്‍ കേരളത്തിലെടുത്ത നിലപാടിന് വിരുദ്ധമായി ദേശീയതലത്തില്‍ നിലപാടെടുത്ത് കോണ്‍ഗ്രസ്.
പണിമുടക്കിനെ പിന്തുണച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നിലപാടെടുത്തതിന് പിന്നാലെ തന്നെ പണിമുടക്കിനെ പരിഹസിച്ച് വി.ഡി സതീശന്‍ സംസ്ഥാനത്ത് പ്രസ്താവന നടത്തിയത് ചര്‍ച്ചയായി.
അതേസമയം, കേരളത്തിലും തമിഴ്‌നാട്ടിലുമടക്കം പണിമുടക്കില്‍ സജീവമായി പങ്കെടുക്കുകയാണ് കോണ്‍ഗ്രസ് അനുകൂല തൊഴിലാളി സംഘടനയായ ഐ.എന്‍.ടി.യു.സിയും.
കര്‍ഷകരെയും തൊഴിലാളികളെയും നരേന്ദ്ര മോദി സര്‍ക്കാര്‍ പൂര്‍ണമായും അവഗണിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് പോസ്റ്റ് ചെയ്ത സോഷ്യല്‍മീഡിയ കുറിപ്പില്‍ പറഞ്ഞിരുന്നു.
പുതിയ തൊഴില്‍ കോഡുകള്‍ അവകാശങ്ങളെ ദുര്‍ബലമാക്കുമെന്ന ഭയത്തിലാണ് തൊഴിലാളികള്‍. വ്യാപാര കരാറുകള്‍ തിരിച്ചടിയാകുമെന്ന് കര്‍ഷകരും ആശങ്കപ്പെടുന്നു. തൊഴിലുറപ്പ് പദ്ധതി ഇല്ലാതാകുന്നതോടെ ഗ്രാമീണരുടെ അവസാന പ്രതീക്ഷയും തച്ചുടയ്ക്കപ്പെടുകയാണ്.
അവരുടെ ശബ്ദം കേള്‍ക്കാതെയാണ് അവരെ സംബന്ധിക്കുന്ന തീരുമാനങ്ങളെടുക്കുന്നതെന്നും പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് രാഹുല്‍ എക്‌സില്‍ കുറിച്ചു. തൊഴിലാളികളുടെയും കര്‍ഷകരുടെയും പോരാട്ടങ്ങളിലും പ്രയാസങ്ങളിലും താന്‍ അവര്‍ക്കൊപ്പമാണെന്നും രാഹുല്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഇതിന് വിരുദ്ധമായ നിലപാടാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കൈക്കൊണ്ടത്. പണിമുടക്ക് അനാവശ്യമാണെന്നും കേരളത്തിന് പുറത്ത് പണിമുടക്ക് ഒരു ചലനവുമുണ്ടാക്കിയില്ലെന്നും വി.ഡി. സതീശന്‍ പ്രതികരിച്ചിരുന്നു.
ദേശീയ പണിമുടക്കെന്ന് പറഞ്ഞിട്ട് ഹര്‍ത്താലിനും ബന്ദിനും സമാനമായ പണിമുടക്ക് കേരളത്തില്‍ മാത്രമാണ്. അതു ശരിയാണോ? മറ്റേതെങ്കിലും സംസ്ഥാനത്ത് ഇങ്ങനെ നടക്കുന്നുണ്ടോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചിരുന്നു.
പ്രതിപക്ഷ നേതാവ് നടത്തുന്ന പുതുയുഗ യാത്ര കോഴിക്കോട് തുടരുകയാണ്. പണിമുടക്കിന്റെ സാഹചര്യത്തില്‍ ജാഥ നിര്‍ത്തിവെയ്ക്കാന്‍ വി.ഡി സതീശന്‍ തയ്യാറായില്ല.
കോണ്‍ഗ്രസ് പണിമുടക്കിനെ പിന്തുണയ്ക്കുന്നുണ്ടെന്നും എന്നാല്‍ കേരളത്തില്‍ മാത്രമാണ് സമ്പൂര്‍ണ അടച്ചുപൂട്ടലെന്നും അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലും കര്‍ണാടകയിലും മഹാരാഷ്ട്രയിലും ഒന്നും ഇങ്ങനെ ഒരു സംഭവത്തെ കുറിച്ച് അറിയുക പോലുമില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
ജനജീവിതം സ്തംഭിക്കുന്ന പണിമുടക്ക് കാലാഹരണപ്പെട്ടതാണ്. ഇതൊക്കെ മാറ്റണമെന്ന നിലപാടാണ് യു.ഡി.എഫിനെന്നും വി.ഡി. സതീശന്‍ പറഞ്ഞു.
എന്നാല്‍ വി.ഡി. സതീശന്റെ വാക്കുകള്‍ തള്ളിക്കളയുന്ന നിലപാടാണ് സംസ്ഥാനത്ത് ഐ.എന്‍.ടി.യു.സി സ്വീകരിച്ചിരിക്കുന്നത്. വയനാട്ടില്‍ ചരക്ക് ലോറികളക്കം സഞ്ചരിക്കുന്നത് തടയുന്ന ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകരുടെ വീഡിയോ വിവിധ മാധ്യമങ്ങളിലൂടെ പുറത്തെത്തിയിട്ടുണ്ട്.
തമിഴ്‌നാട്ടിലാകട്ടെ ട്രെയിന്‍ ഗതാഗതത്തെ പോലും തടസപ്പെടുത്തിയാണ് ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകര്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം, മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ പുതിയ തൊഴിലാളിവിരുദ്ധ ലേബര്‍ കോഡ് ഉള്‍പ്പെടെയുള്ള തൊഴിലാളി, കര്‍ഷക വിരുദ്ധ നിലപാടുകള്‍ക്കെതിരെയുള്ള ദേശീയ പണിമുടക്കേറ്റെടുത്തിരിക്കുകയാണ് രാജ്യത്തെ തൊഴിലാളി സമൂഹം.
സി.ഐ.ടി.യു, എ.ഐ.ടി.യു.ടി.സി, ഐ.എന്‍.ടി.യു.സി അടക്കമുള്ള പ്രതിപക്ഷ തൊഴിലാളി യൂണിയനുകള്‍ സംഘടിപ്പിക്കുന്ന പണിമുടക്കില്‍ രാജ്യത്തുടനീളമുള്ള തൊഴിലാളികള്‍ അണിനിരന്നു.
കേരളത്തിന് പുറമേ ത്രിപുര, തെലങ്കാന, ഒഡിഷ, ഛത്തീസ്ഗഡ്, അസം, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും ഇടത് സംഘടനകളാണ് പണിമുടക്കിന്റെ അമരത്തുള്ളത്.
രാജ്യത്തിന്റെ നഗരമേഖലകള്‍ ബന്ദില്‍ നിശ്ചലമായതായും ബാങ്കിങ്, ഇന്‍ഷുറന്‍സ് മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയിലെ തൊഴിലാളികള്‍ പണിമുടക്ക് ഏറ്റെടുത്തതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.