രക്ഷപ്പെടുമെന്ന് കരുതേണ്ട; കള്ളവോട്ടിന് കൂട്ടുനിന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ 100% തെളിവുണ്ട്: രാഹുല്‍ ഗാന്ധി
India
രക്ഷപ്പെടുമെന്ന് കരുതേണ്ട; കള്ളവോട്ടിന് കൂട്ടുനിന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ 100% തെളിവുണ്ട്: രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 24th July 2025, 8:38 pm

ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷന്‍ കള്ളവോട്ടിന് കൂട്ടുനിന്നതിന് 100 ശതമാനം തെളിവുണ്ടെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് എം.പിയുമായ രാഹുല്‍ ഗാന്ധി. ഈ തട്ടിപ്പില്‍ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ രക്ഷപ്പെടില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇപ്പോള്‍ ചെയ്യുന്നത് അവരുടെ ജോലിയല്ലെന്നും രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് കമ്മീഷനായല്ല അവർ പ്രവർത്തിക്കുന്നതെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. കര്‍ണാടകയിലെ ഒരു സീറ്റില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വഞ്ചനക്കായി കൂട്ടുനിന്നതിന് തെളിവുണ്ടെന്നാണ് രാഹുല്‍ ഗാന്ധി പറയുന്നത്.

നിലവില്‍ ഒരു സീറ്റില്‍ മാത്രമേ തങ്ങള്‍ ഈ പരിശോധന നടത്തിയിട്ടുള്ളു. എന്നാല്‍ ഓരോ മണ്ഡലത്തിലും സമാനമായ നാടകമാണ് നടക്കുന്നതെന്ന് ബോധ്യമുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ആയിരക്കണക്കിന് പുതിയ വോട്ടര്‍മാരെയാണ് കര്‍ണാടകയുടെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവര്‍ക്കെല്ലാം എത്ര വയസുണ്ട്? 50 വയസാണോ അതോ നാല്‍പത്തിയഞ്ചോ അതുമല്ലെങ്കില്‍ അറുപതോ എന്നും രാഹുല്‍ ചോദിച്ചു.

എന്നാല്‍ രാഹുലിന്റെ തുടര്‍ച്ചയായ ആരോപണങ്ങളില്‍ പ്രതികരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ വീണ്ടും രംഗത്തെത്തി. ഹൈക്കോടതി വിധിക്കായി കാത്തിരിക്കുകയോ, ഹരജി സമര്‍പ്പിക്കുകയോ ചെയ്യുന്നതിനുപകരം രാഹുല്‍ ഗാന്ധി അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.

ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷനെ രാഹുല്‍ ഗാന്ധി ഭീഷണിപ്പെടുത്തുകയാണെന്നും കര്‍ണാടക മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ആരോപിച്ചു. വോട്ടര്‍പട്ടികയില്‍ അട്ടിമറി നടന്നുവെന്ന് കാണിച്ച് ഇതുവരെ ഒരു അപ്പീലും ലഭിച്ചിട്ടില്ലെന്നും തെരഞ്ഞെടുപ്പില്‍ ഏതെങ്കിലും തരത്തിലുള്ള പരാതിയുണ്ടെങ്കില്‍ ഫല പ്രഖ്യാപനത്തിന് ശേഷം 45 ദിവസത്തിനുള്ളില്‍ ഹരജി നല്‍കണമെന്നും സി.ഇ.ഒ പറഞ്ഞു.

അതേസമയം 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കർണാടക ബി.ജെ.പിക്ക് 51 ശതമാനം വോട്ടുവിഹിതമുണ്ടായിരുന്നു. 25 സീറ്റുകളിലാണ് ബി.ജെ.പി ജയിച്ചത്. 32 ശതമാനം വോട്ടുവിഹിതമുണ്ടായിരുന്ന കോണ്‍ഗ്രസ് നേടിയത് ഒരേയൊരു സീറ്റും. ഒരു സീറ്റില്‍ ഒതുങ്ങിയ ജെ.ഡി.എസിന് പത്ത് ശതമാനം വോട്ടുവിഹിതമാണ് ഉണ്ടായിരുന്നത്.

എന്നാല്‍ 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 46.35 വോട്ടുവിഹിതത്തോടെ ബി.ജെ.പി 17 സീറ്റിലേക്ക് ഒതുങ്ങി. ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒമ്പത് സീറ്റ് നേടിയപ്പോള്‍ ജെ.ഡി.എസ് ഒരു സീറ്റ് കൂടുതല്‍ നേടുകയും ചെയ്തു. കോണ്‍ഗ്രസിന്റെയും ബി.ജെ.പിയും വോട്ടുവിഹിതത്തില്‍ കാര്യമായ വ്യത്യാസവും ഉണ്ടായിരുന്നില്ല. 45.64 ശതമാനമായിരുന്നു കോണ്‍ഗ്രസിന്റെ വോട്ടുവിഹിതം.

Content Highlight: Have 100% proof of EC allowing cheating in Karnataka: Rahul gandhi