'കല്‍ക്കരിക്കൊള്ള, ഈ ഒരൊറ്റ കാരണം മതി സര്‍ക്കാറിനെ താഴെയിറക്കാന്‍, പക്ഷേ ഇന്ത്യന്‍ മാധ്യമങ്ങള്‍ മിണ്ടുന്നില്ല': രാഹുല്‍ ഗാന്ധി
India
'കല്‍ക്കരിക്കൊള്ള, ഈ ഒരൊറ്റ കാരണം മതി സര്‍ക്കാറിനെ താഴെയിറക്കാന്‍, പക്ഷേ ഇന്ത്യന്‍ മാധ്യമങ്ങള്‍ മിണ്ടുന്നില്ല': രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 18th October 2023, 2:18 pm

ന്യൂദല്‍ഹി: രാജ്യത്തെ ഉയര്‍ന്ന കല്‍ക്കരി വിലയില്‍ അദാനി ഗ്രൂപ്പിനെതിരെ സര്‍ക്കാരിനോട് അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലണ്ടനിലെ ഫിനാന്‍ഷ്യല്‍ ടൈംസിന്റെ അന്വേഷണത്തില്‍ അദാനി ഗ്രൂപ്പിനെതിരെ കല്‍ക്കരി ഇറക്കുമതിയുമായി ബന്ധപ്പെട്ട് വന്‍ അഴിമതി നടന്നിട്ടുള്ളതായി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

കൂടാതെ രാജ്യത്തെ വര്‍ദ്ധിച്ചുവരുന്ന വൈദ്യുതി നിരക്കും അധിക ഇന്ധന ചെലവും അദാനി ഗ്രൂപ്പിന്റെ കല്‍ക്കരി ഇറക്കുമതിയിലെ തട്ടിപ്പാണെന്നും കണ്ടെത്തിയിരുന്നു. ഇതിലായിരുന്നു രാഹുലിന്റെ പ്രതികരണം. രാജ്യത്തെ ജനങ്ങളെ അദാനി നേരിട്ട് കൊള്ളയടിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

‘രാജ്യത്തെ ജനങ്ങളില്‍ നിന്നും അധിക വൈദ്യുതി ബില്ല് ഈടാക്കാന്‍ കാരണം അദാനി ഗ്രൂപ്പിന്റെ കല്‍ക്കരി ഇറക്കുമതിയിലെ അഴിമതിയാണെന്ന് ജനങ്ങള്‍ അറിയണം. ഇത് 20,000 കോടിയാണെന്ന് ഞങ്ങള്‍ നേരത്തെ സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഇത് 12,000 കോടിയായി ഉയര്‍ന്ന് 32,000 കോടി രൂപയായിട്ടുണ്ട്.

യഥാര്‍ത്ഥ പ്രശ്നം വൈദ്യുതി ബില്ല് നിരക്കിലെ പകല്‍ക്കൊള്ള തന്നെയാണ്. പക്ഷേ ഇന്ത്യന്‍ മാധ്യമങ്ങള്‍ ഒന്നും തന്നെ ഇതിനെക്കുറിച്ച് ചോദിക്കുന്നില്ല. ഈ ഒരൊറ്റ കാരണം മതി ലോകത്തെവിടെയുമുള്ള സര്‍ക്കാരിനെയും താഴെയിറക്കുവാന്‍, ഇത് ഇന്ത്യന്‍ പ്രധാനമന്ത്രി സംരക്ഷിക്കുന്ന ഒരു വ്യക്തിയുടെ നേരിട്ടുള്ള മോഷണമാണ്.

അദാനി ഗ്രൂപ്പിന്റെ രേഖകളെല്ലാം പരിശോധിക്കാന്‍ ലണ്ടനിലുള്ള ഫിനാന്‍ഷ്യല്‍ ടൈംസിന് സാധിക്കുകയും എന്നാല്‍ സെബിക്ക് അദാനി ഗ്രൂപ്പിനെതിരായ രേഖകള്‍ കണ്ടെത്താന്‍ കഴിയാതെ പോകുന്നതും എന്നെ ആശ്ചര്യപ്പെടുത്തുന്നുണ്ട്.

കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വൈദ്യുതി സബ്സിഡി നല്‍കുന്നുണ്ട്. മധ്യപ്രദേശിലും സമാനമായ സബ്സിഡി വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍ കല്‍ക്കരി ഇറക്കുമതിയിലെ അമിത നിരക്ക് കാരണമാണ് വൈദ്യുതി ബില്ലുകള്‍ വര്‍ധിച്ചത്.

ഇത്രയധികം ചോദ്യങ്ങള്‍ ഉണ്ടായിട്ടും അദാനിക്കെതിരെ എന്തുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അന്വേഷണത്തിന് ഉത്തരവിടാത്തത് ‘ രാഹുല്‍ ഗാന്ധി പറഞ്ഞു. ദല്‍ഹിയില്‍ എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എഫ്.ടി റിപ്പോര്‍ട്ട് അനുസരിച്ച് കയറ്റുമതി നിരക്കിനേക്കാള്‍ അമിത പണം ഈടാക്കിയാണ് കല്‍ക്കരി ഇറക്കുമതി ചെയ്തിരിക്കുന്നത്. 2019 നും 2021 നും ഇടയ്ക്ക് 32 മാസങ്ങളിലായി 30 തവണ ഇത്തരത്തില്‍ കല്‍ക്കരി കയറ്റുമതി ഇന്തോനേഷ്യയില്‍ നിന്നും ഇന്ത്യയിലേക്ക് നടന്നതായി എഫ്.ടി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. രേഖകള്‍ അനുസരിച്ച് കഴിഞ്ഞ രണ്ടു വര്‍ഷക്കാലത്തോളമായി അദാനി ഗ്രൂപ്പ് തായ്‌വാനിലും ദുബായിലും സിംഗപ്പൂരിലുമായി ഇടനിലക്കാര്‍ വഴി 5 ബില്യണ്‍ ഡോളര്‍ കല്‍ക്കരി ഇറക്കുമതി ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.

Content Highlight: Rahul Gandhi Criticise Adani Group and Narendra Modi