അമേഠിയുമായുള്ള ബന്ധത്തിന് മൂന്ന് പതിറ്റാണ്ട് പഴക്കമുണ്ട്; ദല്‍ഹിയില്‍ നിന്നുകൊണ്ട് പോരാടുമെന്നും രാഹുല്‍
അമേഠി: വയനാട്ടില്‍ നിന്നുള്ള എം.പിയാണെങ്കില്‍ കൂടി അമേഠിയുമായുള്ള എന്റെ ബന്ധത്തിന് മൂന്ന് പതിറ്റാണ്ട് പഴക്കമുണ്ടെന്നും ദല്‍ഹിയില്‍ നിന്നുകൊണ്ട് അമേഠിക്ക് വേണ്ടി പോരാടുമെന്നും രാഹുല്‍ഗാന്ധി. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം ആദ്യമായി അമേഠിയിലെത്തിയ രാഹുല്‍ഗാന്ധി പാര്‍ട്ടി ഭാരവാഹികളുടെ അവലോകന യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു.
അമേഠിയുടെ വികസനം ഒരിക്കലും തടസ്സപ്പെടില്ല. ഞാന്‍ വയനാട്ടില്‍ നിന്നുള്ള എം.പിയാണെങ്കില്‍ കൂടി അമേഠിയുമായുള്ള എന്റെ ബന്ധത്തിന് മൂന്ന് പതിറ്റാണ്ട് പഴക്കമുണ്ട്. ഞാന്‍ ദല്‍ഹിയില്‍ നിന്നുകൊണ്ട് അമേഠിക്ക് വേണ്ടി പോരാടും. അവലോകന യോഗത്തില്‍ രാഹുല്‍ പറഞ്ഞതായി പ്രവര്‍ത്തകര്‍ പറയുന്നു.
അമേഠിയില്‍ തുടരുമെന്നും ഇതാണ് തന്റെ കുടുംബമെന്നും രാഹുല്‍ പറഞ്ഞന്നെും പ്രവര്‍ത്തകര്‍ പറയുന്നു.
പ്രാദേശിക നേതാക്കള്‍ ജനങ്ങളില്‍ നിന്നും വിട്ടു നിന്നതാണ് രാഹുല്‍ മണ്ഡലത്തില്‍ ഇത്ര വലിയ പരാജയം നേരിടാന്‍ കാരണമായതെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു.
അന്തരിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഗംഗപ്രസാദ് ഗുപ്തയുടെ വീട് രാഹുല്‍ സന്ദര്‍ശിച്ചു. അമേഠിയിലെ നിര്‍മല ദേവി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന യോഗത്തില്‍ പഞ്ചായത്ത് അംഗങ്ങളും പ്രാദേശിക നേതാക്കളും അടക്കം 1200 പ്രവര്‍ത്തകരെയാണ് ക്ഷണിച്ചിരുന്നത്. എന്നാല്‍ 15000ലേറെപ്പേര്‍ യോഗത്തിനെത്തി.