അയോഗ്യനായ എം.പിയില്‍ നിന്നും യോഗ്യനായ എം.പിയിലേക്ക്; ട്വിറ്റര്‍ ബയോ മാറ്റി രാഹുല്‍
national news
അയോഗ്യനായ എം.പിയില്‍ നിന്നും യോഗ്യനായ എം.പിയിലേക്ക്; ട്വിറ്റര്‍ ബയോ മാറ്റി രാഹുല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 7th August 2023, 12:40 pm

ന്യൂദല്‍ഹി: എം.പി സ്ഥാനം പുനസ്ഥാപിക്കപ്പെട്ടതിന് പിന്നാലെ ട്വിറ്റര്‍ അക്കൗണ്ടിലെ ബയോ മാറ്റി രാഹുല്‍ ഗാന്ധി. എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ ‘അയോഗ്യനായ’ എം.പി എന്ന് അദ്ദേഹം ബയോ മാറ്റിയിരുന്നു. എന്നാല്‍ എം. പി സ്ഥാനം പുനസ്ഥാപിക്കപ്പെട്ടതിന് പിന്നാലെ പാര്‍ലമെന്റ് അംഗം എന്ന് രാഹുല്‍ ഗാന്ധി മാറ്റുകയായിരുന്നു.

അതേസമയം രാഹുല്‍ ഗാന്ധിയുടെ എം.പി സ്ഥാനം പുനസ്ഥാപിക്കപ്പെട്ടതിന് പിന്നാലെ ഇന്ത്യ സഖ്യത്തില്‍ ആഷോഷം നടക്കുന്നുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യയിലെ എം.പിമാര്‍ക്ക് മധുരം നല്‍കുന്ന വീഡിയോ പങ്കുവെച്ചിരുന്നു.

ഇത് വയനാട്ടിലെ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന വിധിയാണെന്നാണ് ഖാര്‍ഗെ പങ്കുവെച്ചത്.

‘രാഹുല്‍ ഗാന്ധിയുടെ എം.പി സ്ഥാനം പുനസ്ഥാപിക്കപ്പെട്ട തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. ഇത് വയനാട്ടിലെയും രാജ്യത്തെയും ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നു.

പ്രതിപക്ഷ നേതാക്കളെ ടാര്‍ഗെറ്റ് ചെയ്യുന്നതിന് പകരം എത്ര സമയമാണോ മോദി സര്‍ക്കാരിനും ബി.ജെ.പിക്കും ബാക്കിയുള്ളത് അത് നല്ല ഭരണത്തിന് വേണ്ടി മാറ്റി വെക്കു,’ അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച രാവിലെയാണ് എം.പി സ്ഥാനം പുനസ്ഥാപിച്ച് കൊണ്ടുള്ള വിജ്ഞാപനം ലോക്‌സഭാ സെക്രട്ടറിയേറ്റ് പുറത്തിറക്കിയത്. സഭ ചേരാന്‍ അല്‍പസമയം മാത്രം ബാക്കി നില്‍ക്കവേയാണ് വിജ്ഞാപനം ഇറക്കിയത്. വിജ്ഞാപനത്തിന് പിന്നാലെ രാഹുല്‍ പാര്‍ലമെന്റില്‍ എത്തിച്ചേര്‍ന്നു. ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ നിന്ന് പ്രാര്‍ത്ഥിച്ചതിന് ശേഷമാണ് അദ്ദേഹം സഭയിലേക്ക് പ്രവേശിച്ചത്.

ലോക്‌സഭ സെക്രട്ടറി ജനറല്‍ ഉത്പല്‍ കുമാറായിരുന്നു എം.പി സ്ഥാനം പുനസ്ഥാപിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

രാഹുല്‍ ഗാന്ധിയെ കുറ്റക്കാരനാക്കി കൊണ്ടുള്ള വിധിക്ക് സുപ്രീം കോടതിയില്‍ നിന്നും സ്‌റ്റേ ലഭിച്ചത് കൊണ്ട് തന്നെ എം.പി സ്ഥാനം പുനസ്ഥാപിക്കുന്നുവെന്ന് വിജ്ഞാപനത്തില്‍ പറയുന്നു.

134 ദിവസങ്ങള്‍ക്ക് ശേഷമാണ് രാഹുല്‍ ഗാന്ധിക്ക് എം.പി സ്ഥാനം തിരിച്ച് ലഭിക്കുന്നത്. ലോക്‌സഭയില്‍ ചൊവ്വാഴ്ച അവിശ്വാസ പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കുകയാണ്. 90 മിനിറ്റാണ് ചര്‍ച്ചയില്‍ കോണ്‍ഗ്രസിന് സംസാരിക്കാന്‍ അനുവദിച്ചിട്ടുള്ളത്. രാഹുല്‍ ഗാന്ധി സഭയില്‍ വരുന്നതോട് കൂടി കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് സംസാരിക്കുന്നത് രാഹുലായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഓഗസ്റ്റ് നാലിനാണ് അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്ക് സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധി വന്നത്. വിചാരണ കോടതിയുടെ പരമാവധി ശിക്ഷക്ക് സുപ്രീം കോടതി സ്റ്റേ അനുവദിക്കുകയായിരുന്നു.

2019 ഏപ്രിലില്‍ കര്‍ണാടകയിലെ കോലാറില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് രാഹുല്‍ ശിക്ഷിക്കപ്പെട്ടത്. തുടര്‍ന്ന് വയനാട് മണ്ഡലത്തില്‍ നിന്നുള്ള പ്രതിനിധിയായിട്ടുള്ള രാഹുലിന്റെ എം.പി.സ്ഥാനം നഷ്ടമായിരുന്നു.

കേസിലെ രണ്ട് വര്‍ഷത്തെ തടവ് ശിക്ഷ സ്റ്റേ ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ ഹരജി ഗുജറാത്ത് ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ജസ്റ്റിസ് ഹേമന്ത് പ്രച്ഛക് ആയിരുന്നു വിധി പുറപ്പെടുവിച്ചത്. സ്റ്റേ ചോദിക്കാന്‍ രാഹുലിന് അര്‍ഹതയില്ലെന്നും രാഹുലിനെതിരെ നിരവധി സമാനമായ കേസുകളുണ്ടെന്നുമാണ് ഹൈക്കോടതിയുടെ ഉത്തരവില്‍ പറഞ്ഞിരുന്നു.

CONTENT HIGHLIGHTS: rahul gandhi changed his twitter account