'കഴിയുമെങ്കില്‍ തടയൂ' ബീഹാര്‍ പൊലീസിനെ മറികടന്ന് വിദ്യാര്‍ത്ഥികളുമായി സംവദിച്ച് രാഹുല്‍ ഗാന്ധി
national news
'കഴിയുമെങ്കില്‍ തടയൂ' ബീഹാര്‍ പൊലീസിനെ മറികടന്ന് വിദ്യാര്‍ത്ഥികളുമായി സംവദിച്ച് രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 15th May 2025, 10:29 pm

പാട്‌ന: ബീഹാറില്‍ പൊലീസ് തടഞ്ഞിട്ടും ദര്‍ഭംഗയിലെ വിദ്യാര്‍ത്ഥികളുമായി സംവദിക്കാനെത്തി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.

ദര്‍ഭംഗയിലെ അംബേദ്കര്‍ ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികളുമായി സംഘടിപ്പിച്ചിരുന്ന സംവാദ പരിപാടിയിലേക്കുള്ള യാത്രക്കിടെയാണ് ബീഹാര്‍ പൊലീസ് രാഹുല്‍ ഗാന്ധിയെ തടഞ്ഞത്. കോണ്‍ഗ്രസിന്റെ ന്യായ് സംവാദ് പരിപാടിയുടെ ഭാഗമായാണ് സംവാദവേദി ഒരുക്കിയിരുന്നത്.

എന്നാല്‍ യാത്രാമധ്യേ രാഹുല്‍ ഗാന്ധിയെ പൊലീസ് തടയുകയിരുന്നു. ഇതിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടലും ഉണ്ടായി. മനഃപൂര്‍വം അനുമതി നിഷേധിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടത്.

ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതേസമയം പൊലീസ് തടഞ്ഞിട്ടും രാഹുല്‍ ഗാന്ധി വിദ്യാര്‍ത്ഥികളെ സന്ദര്‍ശിക്കുകയും സംവദിക്കുകയും ചെയ്തു.

ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം, ഹോസ്റ്റല്‍ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ജില്ലാ ക്ഷേമ ഓഫീസര്‍ അലോക് കുമാര്‍ രാഹുല്‍ ഗാന്ധിയുടെ പരിപാടിക്ക് അനുമതി നിഷേധിക്കുകയായിരുന്നു. ഹോസ്റ്റലില്‍ ഇത്തരം പരിപാടികള്‍ അനുവദിക്കാന്‍ കഴിയില്ലെന്നും ബദല്‍ വേദിയായി ടൗണ്‍ ഹാള്‍ ഒരുക്കാമെന്നും അലോക് കുമാര്‍ അറിയിച്ചിരുന്നു.

എന്നാല്‍ ജെ.ഡി.യു-ബിജെപി സഖ്യത്തിന്റെ പ്രേരണയിലാണ് ജില്ലാ ഭരണകൂടം രാഹുല്‍ ഗാന്ധിയെ തടഞ്ഞതെന്ന് എ.ഐ.സി.സി ദേശീയ മീഡിയാ കണ്‍വീനര്‍ അഭയ് ദുബെ പറഞ്ഞു.

സംഭവത്തില്‍ രാഹുല്‍ ഗാന്ധിയും സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിച്ചു.

‘കഴിയുമെങ്കില്‍ നിങ്ങള്‍ ഒന്ന് തടഞ്ഞുനോക്ക്’ എന്നാണ് രാഹുല്‍ എക്സില്‍ കുറിച്ചത്. കഴിയുമെങ്കില്‍ ഇത്തരത്തിലുള്ള നടപടികള്‍ നിര്‍ത്തണമെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരോട് രാഹുല്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.


വിപ്ലവകരമായ ബീഹാറിന്റെ ഈ ഭൂമിയില്‍ നിന്ന് പറയുകയാണ്. വിദ്യാഭ്യാസത്തിനും നീതിക്കും വേണ്ടി തങ്ങള്‍ ജാതി സെന്‍സസ് നടത്തുമെന്നും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംവരണം ഉറപ്പാക്കുമെന്നും എസ്.സി-എസ്.ടി ഉപപദ്ധതി കര്‍ശനമായി നടപ്പിലാക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.


അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്ക് വേണ്ടി തെരുവുകളില്‍ നിന്ന് പാര്‍ലമെന്റ് വരെ പോരാടുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നും ഈ രാജ്യത്തെ നയിക്കുന്നത് ഭരണഘടനയാണ്, സ്വേച്ഛാധിപത്യമല്ലെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

സാമൂഹിക നീതിക്കും വിദ്യാഭ്യാസത്തിനും വേണ്ടി ശബ്ദമുയര്‍ത്തുന്നതില്‍ നിന്ന് തങ്ങളെ തടയാന്‍ ആര്‍ക്കും സാധിക്കില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Content Highlight: Rahul Gandhi bypasses Bihar police, interacts with students