രാജ്യത്തിന്റെ യഥാര്‍ത്ഥ ശക്തി എന്തെന്ന് മോദിക്കറിയില്ല; രാഹുല്‍ഗാന്ധി
Daily News
രാജ്യത്തിന്റെ യഥാര്‍ത്ഥ ശക്തി എന്തെന്ന് മോദിക്കറിയില്ല; രാഹുല്‍ഗാന്ധി
ന്യൂസ് ഡെസ്‌ക്
Sunday, 19th April 2015, 12:59 pm

RahulGandhiPune_PTIന്യൂദല്‍ഹി: ഭൂമിയേറ്റെടുക്കല്‍ ബില്ലിനെതിരെ നടക്കുന്ന കര്‍ഷകറാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ശക്തമായി ആഞ്ഞടിച്ച് രാഹുല്‍ഗാന്ധി. കര്‍ഷകര്‍ക്കു വേണ്ടിയുള്ള സമരം കോണ്‍ഗ്രസ് നയിക്കുമെന്ന് പ്രഖ്യാപിച്ച രാഹുല്‍ഗാന്ധി, വ്യവസായികളേക്കാളും ഐ.ടിയെക്കാളുമെല്ലാം കര്‍ഷകരാണ് രാജ്യത്തെ ശക്തിപ്പെടുത്തുന്നതെന്നും മോദിയ്ക്ക് രാജ്യത്തിന്റെ യഥാര്‍ത്ഥ ശക്തി എന്താണെന്ന് അറിയില്ലെന്നും പറഞ്ഞു.

തങ്ങളുടെ ഭൂമി തട്ടിയെടുക്കപ്പെടുമോ എന്ന ഭയത്തോടെയാണ് ഇന്ന് ഓരോ കര്‍ഷകനും ഉറങ്ങുന്നത്, വിദേശരാജ്യത്ത് പോയ പ്രധാനമന്ത്രി നാടിനെ നാണം കെടുത്തുകയാണെന്നും തന്നോടും തന്റെ സ്ഥാനത്തിനോടും നീതി പുലര്‍ത്താത്ത വാക്കുകളാണ് മോദിയില്‍ നിന്നുണ്ടാവുന്നതെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

വന്‍കിട മുതലാളിമാരില്‍ നിന്നും തന്റെ പ്രചരണത്തിനു വേണ്ടി വായ്പയെടുത്ത മോദി അതിന് പകരം നിങ്ങളുടെ ഭൂമിയാണ് നല്‍കാന്‍ പോകുന്നത്. കര്‍ഷകരില്‍ നിന്നും എളുപ്പത്തില്‍ ഭൂമി തട്ടിയെടുക്കാമെന്ന് ഗുജറാത്തില്‍ മോദി തെളിയിച്ചതാണ്. സ്വയം പര്യാപ്തരായ കര്‍ഷകരെ മോദി ഒരിക്കലും ആഗ്രഹിക്കുന്നില്ല. രാജ്യം മുഴുവന്‍ ഈ ഗുജറാത്ത് മോഡല്‍ കൊണ്ടുവരാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. നിങ്ങളുടെ ഭൂമിക്ക് യോഗ്യമായ നഷ്ടപരിഹാരം ലഭിച്ചാലെ അതുകൊണ്ട് ഗുണമുണ്ടാവുകയുള്ളൂവെന്ന് നിങ്ങള്‍ തിരിച്ചറിയണം. കര്‍ഷകര്‍ തൊഴിലാളികളും സേവകരുമാകുന്നത് കാണാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.