മന്‍മോഹന്‍ സിങ് അഖണ്ഡതയോടെ ഇന്ത്യയെ നയിച്ചയാള്‍, നഷ്ടപെട്ടത് വഴികാട്ടിയെ; അനുശോചനമറിയിച്ച് രാഹുലും പ്രിയങ്കയും
national news
മന്‍മോഹന്‍ സിങ് അഖണ്ഡതയോടെ ഇന്ത്യയെ നയിച്ചയാള്‍, നഷ്ടപെട്ടത് വഴികാട്ടിയെ; അനുശോചനമറിയിച്ച് രാഹുലും പ്രിയങ്കയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 26th December 2024, 11:30 pm

ന്യൂദല്‍ഹി: മുന്‍ പ്രധാനമന്തി ഡോ. മന്‍മോഹന്‍ സിങ്ങിന്റെ മരണത്തില്‍ അനുശോചനമറിയിച്ച് കോണ്‍ഗ്രസ് എം.പിയും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി.

തനിക്ക് ഒരു വഴികാട്ടിയെയും ഉപദേശകനെയും നഷ്ടപ്പെട്ടുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യത്തെ ദശലക്ഷക്കണക്കിന് പൗരന്മാര്‍ അദ്ദേഹത്തെ അഭിമാനത്തോടെ ഓര്‍ക്കുമെന്നും രാഹുല്‍ എക്സില്‍ കുറിച്ചു.

മന്‍മോഹന്‍ സിങ് ഇന്ത്യയെ നയിച്ചത് അപാരമായ വിവേകത്തോടെയും അഖണ്ഡതയോടെയുമാണെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ വിനയവും സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയും രാജ്യത്തെ പ്രചോദിപ്പിച്ചുവെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.


മന്‍മോഹന്‍ സിങ്ങിന്റെ കുടുംബത്തിന് ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മന്‍മോഹന്‍ സിങ്ങിന്റെ സത്യസന്ധത തങ്ങള്‍ക്ക് പ്രചോദനമായിരിക്കുമെന്ന് കോണ്‍ഗ്രസ് എം.പി പ്രിയങ്ക ഗാന്ധിയും പ്രതികരിച്ചു.

എതിരാളികളുടെ അന്യായവും ആഴത്തിലുമുള്ള ആക്രമണങ്ങള്‍ക്ക് വിധേയമായിട്ടും രാഷ്ട്രത്തെ സേവിക്കാനുള്ള പ്രതിബദ്ധതയില്‍ ഉറച്ചുനിന്ന ഒരാളെന്ന നിലയില്‍ ഈ രാജ്യത്തെ യഥാര്‍ത്ഥമായി സ്‌നേഹിക്കുന്നവര്‍ക്കിടയില്‍ അദ്ദേഹം എന്നും തലയുയര്‍ത്തി നില്‍ക്കുമെന്നും പ്രിയങ്ക പറഞ്ഞു.


ദല്‍ഹി എയിംസിസില്‍ വെച്ചായിരുന്നു മന്‍മോഹന്‍ സിങ്ങിന്റെ അന്ത്യം. ഇന്ന് (വ്യാഴാഴ്ച) എട്ട് മണിയോടെ അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം പരിശോധന നടത്തിയെങ്കിലും 9.51 ഓടെ മരണം സംഭവിക്കുകയായിരുന്നു.

നിലവില്‍ പ്രിയങ്ക ഗാന്ധി എയിംസില്‍ നിന്ന് മന്‍മോഹന്‍ സിങ്ങിന്റെ വസതിയിലേക്ക് എത്തിയിട്ടുണ്ട്. ജെ.പി. നദ്ദ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ദല്‍ഹി എയിംസില്‍ എത്തിയിട്ടുണ്ട്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എയിംസിലേക്ക് തിരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബെലഗാമിയില്‍ തുടരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ദല്‍ഹിയിലേക്ക് തിരിക്കാന്‍ തീരുമാനിച്ചതായും വിവരമുണ്ട്.

Content Highlight: Rahul and Priyanka condole the death of Manmohan Singh