ഇന്ത്യക്കെതിരായ മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാന് വേണ്ടി തകര്‍പ്പന്‍ സെഞ്ച്വറി നേടി റഹ്‌മാനുള്ള ഗുര്‍ബാസ്. ധര്‍മശാലയില്‍ നടക്കുന്ന മത്സരം മഴമൂലം 25 ഓവര്‍ ആക്കി ചുരുക്കിയിരുന്നു. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന് വേണ്ടി ഗുര്‍ബാസ് ഒമ്പതാം സെഞ്ച്വറി നേടിയാണ് തിളങ്ങിയത്.
51 പന്തില്‍ 102 റണ്‍സ് നേടിയാണ് ഗുര്‍ബാസ് കരുത്തുകാട്ടിയത്. 200 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശിയ അഫ്ഗാന്‍ താരം എട്ട് വീതം ഫോറുകളും സിക്‌സുകളുമാണ് അടിച്ചെടുത്തത്. നിതീഷ് കുമാര്‍ റെഡ്ഢിയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് താരം മടങ്ങിയത്. മത്സരത്തില്‍ വെറും 48 പന്തില്‍ നിന്നുമാണ് ഗുര്‍ബാസ് മൂന്നക്കം കടന്നത്.
— Afghanistan Cricket Board (@ACBofficials) June 13, 2026
ഏകദിനത്തില്‍ ഇന്ത്യക്കെതിരെ ഏറ്റവും വേഗത്തില്‍ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമായും ഗുര്‍ബാസ് റെക്കോര്‍ഡിട്ടു. ജയിംസ് ഫോക്‌നര്‍, എ.ബി. ഡിവില്ലിയേഴ്സ് മൈക്കല്‍ ബ്രേസ്വെല്‍ എന്നിരെ ഒരുമിച്ച് മറികടന്നുകൊണ്ടാണ് ഗുര്‍ബാസ് രണ്ടാം സ്ഥാനത്തേക്ക് മുന്നേറിയത്.
ഈ മൂന്ന് താരങ്ങളും 57 പന്തില്‍ നിന്നുമാണ് ഇന്ത്യക്കെതിരെ സെഞ്ച്വറി നേടിയത്. ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത് മുന്‍ പാകിസ്ഥാന്‍ ഓള്‍ റൗണ്ടര്‍ ഷാഹിദ് അഫ്രീദിയായിരുന്നു. 2005ല്‍ 45 പന്തില്‍ നിന്നുമായിരുന്നു പാക് ഇതിഹാസം ഇന്ത്യക്കെതിരെ സെഞ്ച്വറി നേടിയത്.
അതേസമയം വണ്‍ ഓഫ് ടെസ്റ്റിലെ തകര്‍പ്പന്‍ വിജയത്തിന്റെ കരുത്തിലാണ് ഇന്ത്യന്‍ ടീം ഏകദിന പരമ്പരക്ക് തയ്യാറെടുപ്പ് നടത്തിയത്. ആ വിജയം ഏകദിനത്തിലും തുടരുക എന്നത് തന്നെയാണ് ഗില്ലിന്റെയും സംഘത്തിന്റെയും ലക്ഷ്യം.
മറുവശത്ത് അഫ്ഗാനിസ്ഥാനും പരമ്പരയില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നില്ല. ടെസ്റ്റിലെ തോല്‍വിക്ക് പകരം വീട്ടുകയാകും ടീം ലക്ഷ്യമിടുന്നത്. 2027 ഏകദിന ലോകകപ്പിനുള്ള തയ്യാറെടുപ്പിന് തുടക്കം കുറിക്കുന്ന ആദ്യ പരമ്പരയായതിനാല്‍ ഇരുടീമുകളും സീരീസ് വളരെ പ്രാധാന്യത്തോടെയാണ് കാണുന്നത്.
Content Highlight: Rahmanullah Gurbaz create a historical record against India in ODI