ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ അപൂര്‍വമായ നേട്ടം സ്വന്തമാക്കി അഫ്ഗാനിസ്ഥാന്‍ താരം റഹ്‌മാനുള്ള ഗുര്‍ബാസ്. അഫ്ഗാനിസ്ഥാന് വേണ്ടി 10 ഇന്റര്‍നാഷണല്‍ സെഞ്ച്വറികള്‍ നേടുന്ന ആദ്യ താരമായാണ് ഗുര്‍ബാസ് മാറിയത്. ഇന്ത്യക്കെതിരായ മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തിലാണ് ഗുര്‍ബാസിന്റെ നേട്ടം.
ധര്‍മശാലയില്‍ നടക്കുന്ന മത്സരം മഴമൂലം 25 ഓവര്‍ ആക്കി ചുരുക്കിയിരുന്നു. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന് വേണ്ടി ഗുര്‍ബാസ് ഏകദിനത്തിലെ ഒമ്പതാം സെഞ്ച്വറി നേടിയാണ് തിളങ്ങിയത്. ടി-20യില്‍ ഒരു സെഞ്ച്വറിയും ഗുര്‍ബാസ് സ്വന്തമാക്കിയിട്ടുണ്ട്. മത്സരത്തില്‍ 51 പന്തില്‍ 102 റണ്‍സ് നേടിയാണ് ഗുര്‍ബാസ് കരുത്തുകാട്ടിയത്. 200 സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശിയ അഫ്ഗാന്‍ താരം എട്ട് വീതം ഫോറുകളും സിക്സുകളുമാണ് അടിച്ചെടുത്തത്.
ഓരോ ടീമിലെയും താരങ്ങള്‍ ആദ്യമായി 10 സെഞ്ച്വറികള്‍ വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ നേടിയപ്പോള്‍ അഫ്ഗാന്‍ ഈ നേട്ടത്തിനായി 2026 വരെ കാത്തിരിക്കേണ്ടി വന്നു. ഇന്ത്യക്ക് വേണ്ടി ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ 10 സെഞ്ച്വറികള്‍ ആദ്യ നേടിയത് പോളി ഉമ്രിഗര്‍ ആണ്. 1961ലാണ് താരത്തിന്റെ നേട്ടം.
അതേസമയം മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന്‍ 194 റണ്‍സിന് പുറത്തായി. ഇന്ത്യന്‍ ബൗളിങ്ങില്‍ അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഹര്‍ഷ് ദുബെയും ഗുര്‍നൂര്‍ ബ്രാറും മൂന്ന് വിക്കറ്റുകള്‍ നേടി മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. അര്‍ഷ്ദീപ് സിങ്, നിതീഷ് കുമാര്‍ റെഡ്ഢി എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും സ്വന്തമാക്കി.
Content Highlight: Rahmanulla Gurbaz create a new history for Afganistan in international cricket