ആം ആദ്മി നേതാവ് രാഘവ് ഛദ്ദയുടെ ഓഫീസ് ബി.ജെ.പി പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു; ആക്രമണം കര്‍ഷക സമരത്തെ പിന്തുണച്ചതിന്
national news
ആം ആദ്മി നേതാവ് രാഘവ് ഛദ്ദയുടെ ഓഫീസ് ബി.ജെ.പി പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു; ആക്രമണം കര്‍ഷക സമരത്തെ പിന്തുണച്ചതിന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 24th December 2020, 5:47 pm

ന്യൂദല്‍ഹി: എ.എ.പി നേതാവും ദല്‍ഹി ജല ബോര്‍ഡ് വൈസ് ചെയര്‍മാനുമായ രാഘവ് ഛദ്ദയുടെ ഓഫീസ് ബി.ജെ.പി പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തതായി പരാതി. കര്‍ഷകസമരത്തെ പിന്തുണച്ച എ.എ.പി നിലപാടാണ് ബി.ജെ.പി ആക്രമണത്തിന് കാരണമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

കെജ്‌രിവാളിനോട് കര്‍ഷകരെ പിന്തുണയ്ക്കുന്നത് നിര്‍ത്തിക്കോളാന്‍ പറയണമെന്ന് ആക്രമണത്തിന് ശേഷം അവര്‍ പറഞ്ഞു, ഛദ്ദ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം ആക്രമണങ്ങള്‍ കൊണ്ടൊന്നും കര്‍ഷകരോട് പിന്തുണ തങ്ങള്‍ പിന്‍വലിക്കില്ലെന്ന് വ്യക്തമാക്കി ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ തന്നെ രംഗത്തെത്തിയിരുന്നു.

 

‘ഇത്തരം ഭീരുക്കളുടെ ആക്രമണത്തെ ഞങ്ങള്‍ ഭയപ്പെടുന്നില്ല. ബി.ജെ.പിയുടെ ആക്രമണങ്ങളില്‍ പ്രകോപിതരാകരുതെന്ന് എല്ലാ പാര്‍ട്ടി അംഗങ്ങളോടും പറയുന്നു. കര്‍ഷകസമരത്തെ പിന്തുണയ്ക്കാന്‍ എല്ലാവരും മുന്നോട്ട് വരേണ്ടതാണ്’, കെജ്‌രിവാള്‍ ട്വിറ്ററിലെഴുതി.

ഇന്ന് രാവിലെ മുതല്‍ തന്നെ ജല ബോര്‍ഡിനു മുന്നില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രകടനവുമായി എത്തിയിരുന്നു. ദല്‍ഹി ബി.ജെ.പി നേതാവ് ആദേശ് ഗുപ്തയുടെ നേതൃത്വത്തിലായിരുന്നു പ്രകടനം.

ഉച്ചയോടെ ജല ബോര്‍ഡിന്റെ ഓഫീസിനുള്ളിലേക്ക് സംഘം ഇരച്ചുകയറുകയായിരുന്നു. വാതിലുകളും ജനലുകളും തല്ലിപ്പൊളിച്ചാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ ഓഫീസുള്ളിലേക്ക് കയറിയത്.

തുടര്‍ന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ മുദ്രാവാക്യം വിളിക്കുകയും ബോര്‍ഡ് വൈസ് ചെയര്‍മാന്‍ രാഘവ് ഛദ്ദയുടെ ഓഫീസ് റൂം അടിച്ചുതകര്‍ക്കുകയും ചെയ്തു.

ആക്രമണത്തിന് ശേഷമുള്ള ഓഫീസിന്റെ ദൃശ്യങ്ങള്‍ ഛദ്ദ ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു. ജനല്‍ ഗ്ലാസ്സുകളും വാതിലുകളും അടിച്ച് തകര്‍ത്ത നിലയാണ് ഓഫീസിന്റെ ഇപ്പോഴത്തെ അവസ്ഥ. കനത്ത നാശനഷ്ടമാണ് ആക്രമണത്തില്‍ സംഭവിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: BJP Vandalised AAP Leaders Office