raggingകണ്ണൂര്‍: പരിയാരം നഴ്‌സിങ് കോളേജ് ഹോസ്റ്റലില്‍ ഒരു വിദ്യാര്‍ഥിയുടെ പിറന്നാളാഘോഷത്തിന്റെ മറവില്‍ റാഗിങ്.  ഹോസ്റ്റലിനരികിലുള്ള കൂറ്റന്‍ മാവില്‍ ദേഹമാസകലം മാലിന്യവും മലിനജലവും തേച്ച് കെട്ടിയിടുകയായിരുന്നു.

കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്ത് അംഗവും ഓട്ടോ ഡ്രൈവറുമായ ടി.വി സുധാകരന്‍ ഇതിനു സാക്ഷിയായതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവം. സുധാകരന്‍ ഹോസ്റ്റലില്‍ ആളെയിറക്കി തിരികെ വരുമ്പോള്‍ സമീപത്തെ മാവില്‍ നാലു വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ഒരു വിദ്യാര്‍ഥിയെ കെട്ടിയിട്ട് ദ്രോഹിക്കുന്നതു കാണുകയായിരുന്നു. ചെറിയ തോര്‍ത്ത് മാത്രം ധരിച്ച മെലിഞ്ഞ ഒരു വിദ്യാര്‍ഥിയെ കാലിലും അരയ്ക്കും ഉടല്‍ഭാഗത്തും തുണികൊണ്ട് മരത്തോട് ചേര്‍ത്ത് കെട്ടിയ നിലയിലായിരുന്നു. ദേഹമാസകലം ഭക്ഷണമാലിന്യവും മലിനജലവും തേച്ച നിലയില്‍ വിറച്ച് അവശനിലയിലായിരുന്നു വിദ്യാര്‍ഥി.

ഓട്ടോയില്‍നിന്നിറങ്ങിയ സുധാകരന്‍ ഇതു ചോദ്യംചെയ്യുകയും വിദ്യാര്‍ഥിയുടെ കെട്ടഴിക്കാന്‍ ശ്രമിക്കുകയും ചെയ്തു. അതോടെ വിദ്യാര്‍ഥികള്‍ ഇയാളോട് കയര്‍ക്കുകയും കെട്ടിയിടപ്പെട്ട വിദ്യാര്‍ഥിക്ക് പ്രശ്‌നമില്ലെങ്കില്‍ തനിക്കെന്താണ് കാര്യം എന്ന മട്ടില്‍ തട്ടിക്കയറുകയും ചെയ്തു.

ഇതോടെ അവിടെ നിന്നും തിരിച്ച സുധാകരന്‍ ഓട്ടോ സ്റ്റാന്‍ഡില്‍ പോയി സുഹൃത്തിനെയും കൂട്ടി തിരിച്ചുവന്നപ്പോഴേക്കും വിദ്യാര്‍ഥികള്‍ ഓടി രക്ഷപ്പെട്ടിരുന്നു. ഇതിനു പിന്നാലെ സുധാകരന്‍ പരിയാരം പോലീസ് സ്‌റ്റേഷനിലെത്തി ഇക്കാര്യം അറിയിക്കുകയായിരുന്നു.

പരിയാരം പോലീസ് റാഗിങ്ങിനിരയായ വിദ്യാര്‍ഥിയെയും നേതൃത്വം നല്‍കിയ നാലു വിദ്യാര്‍ഥികളെയും സ്റ്റേഷനില്‍ വിളിച്ചുവരുത്തി. അവസാനവര്‍ഷ വിദ്യാര്‍ഥിയാണ് റാഗിങ്ങിന് ഇരയായത്. ഇയാളുടെ പിറന്നാളിന്റെ ഭാഗമായി സമ്മതത്തോടെയാണ് ഇത്തരം പ്രവൃത്തി ചെയ്തതെന്ന് നാലു വിദ്യാര്‍ഥികളും പോലീസിനെ അറിയിച്ചത്.