നഗ്‌നനാക്കി മണിക്കൂറുകളോളം വ്യായാമം; നാട്ടകം പോളിടെക്‌നികില്‍ റാഗിങ്ങിനിരയായ വിദ്യാര്‍ഥിയുടെ വൃക്ക തകരാറായി, 8 പേര്‍ക്ക് സസ്‌പെന്‍ഷന്‍
Daily News
നഗ്‌നനാക്കി മണിക്കൂറുകളോളം വ്യായാമം; നാട്ടകം പോളിടെക്‌നികില്‍ റാഗിങ്ങിനിരയായ വിദ്യാര്‍ഥിയുടെ വൃക്ക തകരാറായി, 8 പേര്‍ക്ക് സസ്‌പെന്‍ഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 16th December 2016, 6:46 pm

nattakam-poly


രാത്രി ഹോസ്റ്റലിലെത്തിയ ഒമ്പതോളം വിദ്യാര്‍ഥികള്‍ അവിനാഷ് അടക്കമുള്ളവരെ നഗ്‌നരാക്കി ആറ് മണിക്കൂറോളം വ്യായാമ മുറകള്‍ ചെയ്യിച്ചു. ഇതിനുശേഷം വിഷം കലര്‍ന്ന മദ്യം അവരുടെ വായിലൊഴിച്ചു. വിവരം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. 


തൃശൂര്‍: കോട്ടയം നാട്ടകം പോളിടെക്‌നിക് കോളജില്‍ ക്രൂര റാഗിങ്ങിനിരയായ ഒന്നാംവര്‍ഷം വിദ്യാര്‍ഥിയുടെ വൃക്ക തകരാറായി. ഇരിങ്ങാലക്കുട സ്വദേശി അവിനാഷാണ് സീനിയര്‍ വിദ്യാര്‍ഥികളുടെ റാഗിങ്ങിനിരയായത്. വൃക്ക തകരാറിലായ അവിനാഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവത്തില്‍ ചിങ്ങവനം പൊലീസ് കേസെടുത്തിനു പിന്നാലെ 8 വിദ്യാര്‍ഥികളെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. ഈ മാസം രണ്ടിനായിരുന്നു സംഭവം. രാത്രി ഹോസ്റ്റലിലെത്തിയ ഒമ്പതോളം വിദ്യാര്‍ഥികള്‍ അവിനാഷ് അടക്കമുള്ളവരെ നഗ്‌നരാക്കി ആറ് മണിക്കൂറോളം വ്യായാമ മുറകള്‍ ചെയ്യിച്ചു. ഇതിനുശേഷം വിഷം കലര്‍ന്ന മദ്യം അവരുടെ വായിലൊഴിച്ചു. വിവരം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മദ്യത്തിലെ വിഷാംശമാണ് വൃക്ക തകരാറിലാക്കിയതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.


നേരത്തെ എറണാകുളം സ്വദേശിയായ ഒന്നാം വര്‍ഷവിദ്യാര്‍ഥിയും ക്രൂരമായ റാഗിങ്ങിന് ഇരയായിരുന്നു. ഒന്നാം വര്‍ഷ മെക്കാനിക്കല്‍ ഡിപ്ലോമാ കോഴ്‌സിനായി ആഗസ്റ്റിലാണ് എറണാകുളം സ്വദേശിയായ പതിനേഴുകാരന്‍ പോളിടെക്‌നിക് കോളജില്‍ എത്തിയത്. അര്‍ധരാത്രിയോടെ ഹോസ്റ്റല്‍ മുറിയില്‍ എത്തിയ സീനിയര്‍ വിദ്യാര്‍ഥികള്‍ തന്നെ മറ്റൊരു മുറിയിലേക്കു കൂട്ടിക്കൊണ്ടു പോകുകയായിരുന്നെന്നു വിദ്യാര്‍ഥി പൊലീസിനു മൊഴി നല്‍കി.


അവശനായി വീട്ടിലെത്തിയപ്പോഴാണ് റാഗിങ്ങിനിരയായ കാര്യം അവിനാഷ് പറയുന്നത്. ഇതോടെ അവിനാഷിന്റെ അച്ഛന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.