റഫാല്‍ രേഖകള്‍ മോഷണം പോയിട്ടില്ല; വിശദ്ധികരണവുമായി എ.ജി കെ.കെ വേണുഗോപാല്‍
Rafale Row
റഫാല്‍ രേഖകള്‍ മോഷണം പോയിട്ടില്ല; വിശദ്ധികരണവുമായി എ.ജി കെ.കെ വേണുഗോപാല്‍
ന്യൂസ് ഡെസ്‌ക്
Friday, 8th March 2019, 10:01 pm

ന്യൂദല്‍ഹി:റഫാല്‍ രേഖകള്‍ മോഷണം പോയിട്ടില്ലെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍. റഫാല്‍ രേഖകള്‍ മോഷണം പോയെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. റഫാല്‍ രഹസ്യരേഖകളുടെ ഫോട്ടോകോപ്പി ഹര്‍ജിക്കാര്‍ പുനഃപരിശോധനാഹര്‍ജിയില്‍ ഉപയോഗിച്ചെന്ന് മാത്രമാണ് താന്‍ ഉദ്ദേശിച്ചതെന്നും എ.ജി കെ.കെ വേണുഗോപാല്‍ പറഞ്ഞു.

“”പ്രതിരോധമന്ത്രാലയത്തിലെ രേഖകള്‍ മോഷണം പോയി എന്ന് സുപ്രീംകോടതിയില്‍ വാദിച്ചെന്ന പേരില്‍ പ്രതിപക്ഷം വലിയ രാഷ്ട്രീയവിവാദങ്ങളുണ്ടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. എന്നാല്‍ രേഖകള്‍ മോഷ്ടിക്കപ്പെട്ടെന്ന വാദം പൂര്‍ണ്ണമായും തെറ്റാണ്.”” കെ.കെ വേണുഗോപാല്‍ പി.ടി.ഐയോട് പറഞ്ഞു.

റഫാല്‍ രഹസ്യരേഖകളുടെ ഫോട്ടോകോപ്പി ഹര്‍ജിക്കാര്‍ പുനഃപരിശോധനാഹര്‍ജിയില്‍ ഉപയോഗിച്ചെന്ന് മാത്രമാണ് താന്‍ പറഞ്ഞതെന്നും കെ.കെ വേണുഗോപാല്‍ പറഞ്ഞു.

ALSO READ: കശ്മീര്‍ വിരുദ്ധ പരാമര്‍ശം; മേഘാലയ ഗവര്‍ണറെ നിയമസഭയില്‍ കോണ്‍ഗ്രസ് ബഹിഷ്‌ക്കരിച്ചു

റഫാല്‍ കരാറുമായി ബന്ധപ്പെട്ട ചില രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്നും മോഷണം പോയെന്ന് എ.ജെ കെ.കെ വേണുഗോപാല്‍ സുപ്രീംകോടതിയില്‍ വാദിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ ഇത് സംബന്ധിച്ച് അന്വേഷണം നടത്തുന്നുണ്ടെന്നും അദ്ദേഹം വാദിച്ചിരുന്നു.

ഡിസംബറിലെ സുപ്രീം കോടതി വിധിക്കു പിന്നാലെ റഫാലില്‍ കേന്ദ്രത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ചില റിപ്പോര്‍ട്ടുകള്‍ ഹിന്ദു പ്രസിദ്ധീകരിച്ചിരുന്നു. സര്‍ക്കാര്‍ രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു ഈ റിപ്പോര്‍ട്ടുകള്‍.

റഫാല്‍ ഇടപാടിലെ രഹസ്യ രേഖകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ച ദ ഹിന്ദു പത്രത്തിന്റെ നടപടി ഔദ്യോഗിക രഹസ്യ നിയമപ്രകാരം കുറ്റകരമാണെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.