അപ്പോള്‍ അതങ്ങ് ഉറപ്പിച്ചു, മമിത എത്തുന്നത് സൂര്യയുടെ നായികയായി തന്നെ, വൈറലായി രാധിക ശരത്കുമാറിന്റെ വാക്കുകള്‍
Indian Cinema
അപ്പോള്‍ അതങ്ങ് ഉറപ്പിച്ചു, മമിത എത്തുന്നത് സൂര്യയുടെ നായികയായി തന്നെ, വൈറലായി രാധിക ശരത്കുമാറിന്റെ വാക്കുകള്‍
അശ്വിന്‍ രാജേന്ദ്രന്‍
Thursday, 5th March 2026, 3:14 pm

2017 ല്‍ പുറത്തിറങ്ങിയ സര്‍വ്വോപരി പാലക്കാരനിലൂടെ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ച് ചുരുങ്ങിയ സമയം കൊണ്ട് സൗത്ത് ഇന്ത്യയില്‍ തന്നെ സെന്‍സേഷനായ താരമാണ് മമിത ബൈജു. ഗിരീഷ് എ.ഡി സംവിധാനം ചെയ്ത് 2024 ല്‍ പുറത്തിറങ്ങിയ പ്രേമലുവിലൂടെ കരിയര്‍ മാറിമറിഞ്ഞ താരം പിന്നീട് പ്രദീപ് രംഗനാഥന്‍ ചിത്രം ഡ്യൂഡിലൂടെയാണ് തമിഴകത്ത് ശ്രദ്ധിക്കപ്പെടുന്നത്. സിനിമാജീവിതം അവസാനിപ്പിക്കുന്ന ദളപതി വിജയ്‌യുടെ അവസാന ചിത്രത്തില്‍ താരത്തിന്റെ സഹോദരിയായും താരം വേഷമിട്ടിരുന്നു.

രാധിക. Photo: The Asian Age

തമിഴില്‍ നിന്നും തന്നെ വരാനിരിക്കുന്ന മമിതയുടെ മറ്റൊരു വമ്പന്‍ ചിത്രമാണ് സൂര്യക്കൊപ്പമൊരുങ്ങുന്ന വിശ്വനാഥ് ആന്‍ഡ് സണ്‍സ്. ചിത്രത്തില്‍ താരത്തിന്റെ നായികയായെത്തുന്ന മമിതയെക്കുറിച്ച് തമിഴിലെ മുതിര്‍ന്ന താരമായ രാധിക പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. രാധിക പ്രധാനവേഷത്തിലെത്തി തിയേറ്ററുകളില്‍ നിന്നും മികച്ച പ്രതികരണം നേടുന്ന തായ്കിഴവിയുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് താരത്തെ കുറിച്ചുള്ള പരാമര്‍ശം.

‘സൂര്യ നായകനായെത്തുന്ന വിശ്വനാഥ് ആന്‍ഡ് സണ്‍സില്‍ ഞാനും ഒരു വേഷം ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ കഥ കേട്ടപ്പോള്‍ തന്നെ സംവിധായകന്‍ വെങ്കി അള്‍ത്തൂരിയോട് വളരെയധികം ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞിരുന്നു. ചിത്രത്തില്‍ നായികയായി എത്തുക ആരാണെന്നത് വളരെ പ്രധാനപ്പെട്ട കാര്യമായിരുന്നു. പ്രത്യേകിച്ചും സൂര്യയുടെ പെയര്‍. ശരിയായ രീതിയില്‍ കാസ്റ്റിങ് നടന്നെങ്കില്‍ മാത്രമേ ചിത്രം സ്‌ട്രോങ്ങാകുകയുള്ളൂ.

അങ്ങനെയിരിക്കെയാണ് സംവിധായകന്‍ എനിക്ക് മമിത ബൈജുവിനെ പരിചയപ്പെടുത്തിയത്. ചിത്രത്തിലെ സീന്‍ മമിതയും ഞാനും റിഹേഴ്‌സ് ചെയ്തു. കഥാപാത്രത്തെ പെട്ടെന്ന തന്നെ മനസ്സിലാക്കി വളരെ ഈസിയായി തന്നെ പെര്‍ഫോം ചെയ്തു. ചെറിയ ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട് ഇന്ന് നായികയായി തിളങ്ങി നില്‍ക്കുന്ന മമിതയെ തീര്‍ച്ചയായും അഭിനന്ദിക്കേണ്ടതുണ്ട്,’ രാധിക പറഞ്ഞു.

മമിത ബൈജു. Photo: Moneycontrol

2022 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ശരണ്യ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട മമിത പ്രണയ വിലാസം, റെബല്‍, രാമചന്ദ്ര ബോസ് ആന്‍ഡ് കോ തുടങ്ങിയ ചിത്രങ്ങളിലും പ്രധാനവേഷത്തിലെത്തിയിരുന്നു. നിവിന്‍ പോളിയെ നായകനാക്കി ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ബത്‌ലഹേം കുടുംബ യൂണിറ്റാണ് താരത്തിന്റെതായി വരാനിരിക്കുന്ന പുതിയ ചിത്രം.

Content Highlight: Radhika talks about Mamitha’s role in Vishwanathan and sons movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ 

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.