150 രൂപ ടിക്കറ്റ് വെച്ച് അറുപത് കോടി നേടി, വലിയ താരങ്ങളുടെ സിനിമക്ക് 1500 രൂപ; ഇതാണ് യഥാര്‍ത്ഥ വിജയമെന്ന് രാധിക
Indian Cinema
150 രൂപ ടിക്കറ്റ് വെച്ച് അറുപത് കോടി നേടി, വലിയ താരങ്ങളുടെ സിനിമക്ക് 1500 രൂപ; ഇതാണ് യഥാര്‍ത്ഥ വിജയമെന്ന് രാധിക
അശ്വിന്‍ രാജേന്ദ്രന്‍
Wednesday, 11th March 2026, 6:36 pm

1978 ല്‍ പുറത്തിറങ്ങിയ കിഴക്കേ പോകും റെയില്‍ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച അഭിനേത്രിയാണ് രാധിക. സൗത്ത് ഇന്ത്യന്‍ ഭാഷകളില്‍ സജീവമായ താരം ഒട്ടനവധി മികച്ച കഥാപാത്രങ്ങളെയാണ് വെള്ളിത്തിരയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ശിവകുമാര്‍ മുരുകേശന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത് തിയേറ്ററുകളില്‍ മികച്ച പ്രദര്‍ശനം തുടരുന്ന തായികിഴവിയാണ് രാധിക പ്രധനവേഷത്തിലെത്തിയ ഏറ്റവും പുതിയ ചിത്രം.

തായികിഴവി. Photo: The Hindu

വമ്പന്‍ ഹൈപ്പിലെത്തിയ ചിത്രങ്ങള്‍ തിയേറ്ററുകളില്‍ പരാജയപ്പെടുന്ന സാഹചര്യത്തില്‍ വലിയ പ്രൊമോഷനില്ലാതെ പ്രദര്‍ശനത്തിനെത്തി അമ്പത് കോടിയോളമാണ് ചിത്രം ഇതിനോടകം ബോക്‌സ് ഓഫീസില്‍ നിന്നും സ്വന്തമാക്കിയിരിക്കുന്നത്. താരമൂല്യത്തെക്കാള്‍ കണ്ടന്റുകള്‍ക്ക് തമിഴ് സിനിമയും പ്രാധാന്യം നല്‍കുന്നുവെന്നതിന്റെ തെളിവാണ് ചിത്രത്തിന്റെ വിജയമെന്ന തരത്തില്‍ വലിയ നിരൂപക പ്രശംസയാണ് തായ്കിഴവിക്ക് ലഭിക്കുന്നത്.

കഴിഞ്ഞ ദിവസം സംഘടിപ്പിച്ച തായ്കിഴവിയുടെ സക്‌സസ് ഇവന്റില്‍ മറ്റ് ചിത്രങ്ങളെ അപേക്ഷിച്ച് വളരെ ചെറിയ നിരക്കില്‍ ടിക്കറ്റ് നല്‍കി തായ്കിഴവി അറുപത് കോടിയോളം സ്വന്തമാക്കിയതിനെക്കുറിച്ച് രാധിക പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്.

ഈ ചിത്രം റിലീസ് ചെയ്തത് മുതല്‍ നൂറ്റമ്പത് രൂപ ടിക്കറ്റ് റേറ്റില്‍ നിന്നും മാറാതെയാണ് അറുപത് കോടിയെന്ന ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നതെന്ന് രാധിക പറഞ്ഞു. വലിയ വലിയ താരങ്ങളുടെ ചിത്രങ്ങള്‍ 1500-2000 രൂപ നിരക്കില്‍ വില്‍ക്കുന്ന സാഹചര്യത്തിലാണ് തങ്ങള്‍ ഇത്രയും കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് നല്‍കി ഈ നേട്ടത്തിലെത്തിയിരിക്കുന്നതെന്നും താരം പറഞ്ഞു.

അത്രയും വലിയ നിരക്കില്‍ ടിക്കറ്റുകള്‍ വിറ്റതുമായി ഞങ്ങളുടെ വിജയം താരതമ്യപ്പെടുത്തി നോക്കണമെന്നും താരം പറയുന്നു. ന്യായമായ ടിക്കറ്റ് വില വെച്ച് സ്ത്രീകള്‍ തിയേറ്ററില്‍ പോയി ചിത്രം കാണണമെന്ന ആഗ്രഹത്തോടെയാണ് തായ്കിഴവി പ്രദര്‍ശനത്തിനെത്തിച്ചതെന്നും രാധിക കൂട്ടിച്ചേര്‍ത്തു.

തായികിഴവി. Photo: Gulte

സിങ്കം പുലി, അരുള്‍ ദോസ്, മുനീഷ്‌കാന്ത്, ബാല ശരവണന്‍, ഇളവരസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. മധുരയിലെ ഗ്രാമത്തിലുള്ള പൊന്നുത്തായി എന്ന വൃദ്ധയുടെ കഥയാണ് ചിത്രം പറയുന്നത്. ഗ്രാമത്തിലെ ആളുകള്‍ക്ക് പണം പലിശക്ക് കൊടുക്കുന്ന പൊന്നുത്തായി സ്‌ട്രോക്ക് വന്ന് കിടപ്പിലായതും പിന്നീട് നടക്കുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ കഥ.

Content Highlight: Radhika talks about her films success with 150 rupees ticket

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ 

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.