ഇന്ത്യന്‍ സിനിമയിലെ മികച്ച നടിമാരില്‍ ഒരാളാണ് രാധിക ആപ്‌തെ. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച രാധിക ആപ്‌തെ കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. മെയിന്‍സ്ട്രീം സിനിമകളില്‍ വയലന്‍സിനെ ഗ്ലോറിഫൈ ചെയ്യുന്നതിനെക്കുറിച്ചാണ് താരം സംസാരിച്ചത്.
‘വയലന്‍സ് ഇപ്പോള്‍ എന്റര്‍ടൈന്മെന്റിന്റെ ഭാഗമായി മാറിയിരിക്കുന്നു. ഇതില്‍ ഞാന്‍ വല്ലാതെ ഡിസ്റ്റര്‍ബ്ഡാണ്. ഇങ്ങനെ വയലന്‍സ് ആഘോഷിക്കപ്പെടുന്ന ഒരു ലോകത്തേക്ക് ഒരു കുഞ്ഞിനെ കൊണ്ടുവരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എനിക്ക് അതുമായി പൊരുത്തപ്പെടാനാകില്ല’ രാധിക ആപ്‌തേ പറഞ്ഞു.
രാധിക ആപ്‌തേ Photo: Screen grab/ After Hours
അടുത്ത കാലത്ത് ഹിറ്റായ അനിമല്‍, ധുരന്ധര്‍ എന്നീ സിനിമകളെയാണ് രാധിക ലക്ഷ്യം വെച്ചതെന്നാണ് ഓണ്‍ലൈന്‍ പേജുകള്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ താരത്തിന്റെ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. രാധികയുടെ സിനിമകളെ ചൂണ്ടിക്കാണിച്ചാണ് വിമര്‍ശനം.
പല സിനിമകളിലും ബോള്‍ഡായി, നഗ്നയായെല്ലാം അഭിനയിച്ച രാധിക ആപ്‌തെക്ക് വയലന്‍സ് നിറഞ്ഞ സിനിമകളെ വിമര്‍ശിക്കാന്‍ യോഗ്യതയില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. താരത്തിന്റെ പര്‍ച്ചേദ്, സിസ്റ്റര്‍ ഇന്‍ മിഡ്‌നൈറ്റ്, ലസ്റ്റ് സ്റ്റോറീസ് എന്നീ സിനിമകള്‍ കുടുംബമായി കാണാന്‍ കൊള്ളാത്തതാണെന്നും ചിലര്‍ വിമര്‍ശിക്കുന്നുണ്ട്.
‘ഈ കാര്യത്തില്‍ വല്ലാതെ ഡിസ്റ്റര്‍ബ്ഡായതുകൊണ്ടാണ് ഇത്രയും ഓപ്പണായി സംസാരിക്കുന്നത്. നഗ്നതയെ എന്റര്‍ടൈന്മെന്റായി രാധിക ആപ്‌തേ സിനിമയില്‍ ഉപയോഗിക്കുന്നതില്‍ ഞാന്‍ ഡിസ്റ്റര്‍ബ്ഡാണ്. ഇത്തരമൊരു ലോകത്ത് ഒരു കുട്ടിയെ വളര്‍ത്താന്‍ എനിക്ക് ആഗ്രഹമില്ല’ രാധികയുടെ വാക്കുകള്‍ക്ക് പരിഹാസരൂപത്തില്‍ ഒരാള്‍ എക്‌സില്‍ പോസ്റ്റ് പങ്കുവെച്ചു.
അന്ധാധുന്‍, മോണിക്ക ഓ മൈ ഡാര്‍ലിങ് എന്നീ സിനിമകളില്‍ രാധികയുടെ കഥാപാത്രം വയലന്‍സിനെ സപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. കഥക്ക് ആവശ്യമാണെങ്കില്‍ വയലന്‍സ് കാണിക്കുന്നതില്‍ തെറ്റില്ലെന്നും ലോകത്തെ പല ക്ലാസിക് സിനിമകളില്‍ വയലന്‍സുണ്ടെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. താരത്തിന്റെ പരാമര്‍ശം പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.
“I’m deeply disturbed by the violence… that is selling as entertainment. I don’t want to be bringing up a child in a world where that’s entertainment.”