കൊവിഡിനൊപ്പം വംശീയതയും വര്‍ഗീയതയും പിടിമുറുക്കുമ്പോള്‍
ന്യൂസ് ഡെസ്‌ക്

ഇന്ത്യയില്‍ കൊറോണക്കൊപ്പം ഒളിഞ്ഞും തെളിഞ്ഞും പുറത്തുവരുന്ന വംശീയ പരാമര്‍ശങ്ങളും വര്‍ഗീയ വിദ്വേഷവും.

കൊവിഡ്-19ന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് വര്‍ഗീയത വളരുന്നതിനെതിരെ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞ വാക്കുകള്‍ ഏറെ ചര്‍ച്ചയായിരുന്നു. കൊവിഡ്-19 വ്യാപനത്തിനിടയില്‍ കേരളത്തിലും രാജ്യമൊട്ടാകെയും ചില പ്രത്യേക സമുദായങ്ങളെ ലക്ഷ്യം വെച്ചുനടക്കുന്ന വിദ്വേഷപ്രചരണങ്ങളാണ് പിണറായി വിജയന്റെ ഈ പ്രസ്താവനയ്ക്ക് കാരണം. കൊറോണക്ക് കാരണം പ്രത്യേകവിഭാഗത്തില്‍പ്പെട്ടവരാണെന്നും രാജ്യത്ത് രോഗം പരത്തുന്നത് ഈ സമുദായങ്ങളില്‍പ്പെട്ടവരാണെന്ന തരത്തിലുമുള്ള അഭിപ്രായപ്രകടനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യപകമായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ദല്‍ഹിയിലെ നിസാമുദ്ദീനില്‍ നടന്ന തബ്ലീഗി ജമാത്ത് സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ ഒട്ടേറെ പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചത് രാജ്യത്ത് ഏറെ ആശങ്ക സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ ദിവസം രാജ്യത്ത് 437 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതില്‍ 389 പേരും നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്തവരായിരുന്നു.

ഇതോടുകൂടിയാണ് തബ്ലീഗ് സമ്മേളത്തില്‍ പങ്കെടുത്തവര്‍ക്കെതിരെയും ഇവര്‍ ഉള്‍പ്പെട്ട മുസ്ലിം സമുദായത്തിനെതിരെയും വ്യാപകമായി ഹേറ്റ് ക്യാംപെയ്‌നുകള്‍ ആരംഭിച്ചത്. സമ്മേളനം നടത്തിയതിലെ നിയമപരമായ പാകപ്പിഴകള്‍ക്കും നടത്തിപ്പില്‍ വന്ന കുറവുകള്‍ക്കുമൊക്കെ അപ്പുറത്തേക്കായിരുന്നു ഇതില്‍ പങ്കെടുത്തവരെയും ഇവര്‍ ഉള്‍പ്പെട്ട സമുദായത്തെയും കൊവിഡ് വ്യാപനത്തിന്റെ കാരണക്കാരെന്ന നിലയില്‍ ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ വാട്‌സ്ആപ്പിലും ഫേസ്ബുക്കിലും മറ്റുമായി നടന്നത്.

ഇതാദ്യമായല്ല കേരളത്തിലും ഇന്ത്യയിലെ പല ഭാഗങ്ങളിലും കൊറോണ വംശീയവും വര്‍ഗീയവുമായ വിദ്വേഷപ്രചാരണത്തിന് ആയുധമാകുന്നത്. രോഗം സ്ഥിരീകരിച്ചവരില്‍ പലരുമെത്തിയത് അറബ് രാജ്യങ്ങളില്‍ നിന്നായിരുന്നു എന്നതും ഏറെ വിദ്വേഷപ്രചരണങ്ങള്‍ക്ക് കാരണമായിരുന്നു. പ്രവാസിസമൂഹത്തെ മുഴുവന്‍ കുറ്റക്കാരായി ചിത്രീകരിക്കുന്ന മെസേജുകളും കളിയാക്കലുകളും ഇവരെ നാട്ടില്‍ പ്രവേശിപ്പിക്കരുതെന്നും അടക്കമുള്ള പോസ്റ്റുകളും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. രോഗം സ്ഥിരീകരിച്ചവരുടെ പേരും ചിത്രങ്ങളും പ്രചരിപ്പിച്ച് സമുദായികമായ വിദ്വേഷപ്രചാരണവും ശക്തമായിരുന്നു. കേരളത്തിലും ഇതിന് കുറവുണ്ടായിരുന്നില്ല. ഇത് വ്യപകമായപ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിഷയത്തില്‍ ഇടപെട്ട് പത്രസമ്മേളനത്തില്‍ പ്രതികരിച്ചത്.

നമ്മുടെ നാട് ലോകത്തെല്ലായിടത്തും വ്യാപിച്ച് കിടക്കുന്നതാണ്. വിദേശത്ത് ജോലിചെയ്യുന്നവരുടെ അധ്വാനത്തിന്റെ, വിയര്‍പ്പിന്റെ കാശിലാണ് നമ്മളിവിടെ കഞ്ഞികുടിച്ച് നടന്നിരുന്നത് അത് നമ്മള്‍ മറന്ന് കൂടായെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നമ്മുടെ നാടിന്റെ നട്ടെല്ലാണ് പ്രവാസികള്‍, നമ്മുടെ നാടിന്റെ ഏറ്റവും കരുത്തുറ്റ വിഭാഗത്തെ ഒരു തരത്തിലും അപഹസിക്കാനോ, മനസില്‍ ഈര്‍ഷയോടെ കാണാനോ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇതിന് പുറമേ കേരളത്തില്‍ കൂടുതല്‍ രോഗം സ്ഥിരീകരിച്ച കാസര്‍ഗോഡ് ജില്ലക്കെതിരെയും രോഗികളുടെ സമുദായത്തെയും മതത്തെയും അപമാനിച്ചുകൊണ്ടുള്ള അഭിപ്രായങ്ങള്‍ വ്യാപകമായിരുന്നു. സമാനമായ രീതിയില്‍ കേരളത്തില്‍ രണ്ടാം ഘട്ടത്തില്‍ കൊവിഡ്-19 സ്ഥിരീകരിച്ച ഇറ്റലിയില്‍ നിന്നെത്തിയ പത്തനംതിട്ട സ്വദേശികള്‍ക്കെതിരെയും ഇവരുടെ സമുദായിക പശ്ചാത്തലത്തെ ഉന്നംവെച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റുകളും വാട്‌സ്ആപ്പ് മേസേജുകളും പ്രചരിച്ചിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വിദേശികളോടും വിദേശരാജ്യങ്ങളില്‍ നിന്ന് എത്തിയവരോടും രോഗം ഭീതിദമായ രീതിയില്‍ പടരുന്ന സാഹചര്യത്തില്‍ സ്വാഭാവികമായും ഉണ്ടായേക്കാവുന്ന അകല്‍ച്ചയും ആശങ്കയും മനസ്സിലാക്കാന്‍ കഴിയുന്നതാണെങ്കിലും, അതിനപ്പുറത്തേക്ക് ഇവരെ രോഗത്തിന്റെ കാരണക്കാരെന്ന് രീതിയില്‍ ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് സാമൂഹ്യനിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല രോഗിയുടെ സമുദായവും പശ്ചാത്തലവും വിശ്വാസവുമെല്ലാം രോഗവുമായി ബന്ധപ്പെടുത്തുന്നതും അതിന്റെ പേരില്‍ മുഴുവന്‍ കമ്മ്യൂണിറ്റിയെയും കുറ്റക്കാരായി ചിത്രീകരിച്ച് ഒറ്റപ്പെടുത്തുന്നതും ഏറെ അപലപനീയമാണെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

കൊവിഡ്-19 ഇന്ത്യയില്‍ പടരാന്‍ തുടങ്ങിയ സമയം മുതല്‍ വര്‍ഗീയ പരാമര്‍ശങ്ങള്‍ക്കും തെറിവിളിക്കള്‍ക്കും തുടങ്ങി താമസ്ഥലത്ത് നിന്ന് ഇറക്കിവിടുക വരെ ചെയ്ത ദുരവസ്ഥ നേരിടേണ്ടി വന്നത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ളവര്‍ക്കായിരുന്നു. കൊറോണയെന്നും കൊറോണ വാഹകരെന്നും വിളിച്ചാണ് ഇവര്‍ കടുത്ത വംശീയ അധിക്ഷേപങ്ങള്‍ നേരിടേണ്ടിവരുന്നത്. തങ്ങള്‍ക്കു പൊതുവിലുള്ള മോംഗളോയിഡ് ഫീച്ചറുകളാണ് ഇത്തരമൊരു അധിക്ഷേപത്തിലേക്ക് നയിക്കുന്നതെന്ന് ഇവര്‍ പറയുന്നു.

ഇതിനോടകം തന്നെ നിരവധി അതിക്രമ സംഭവങ്ങളാണ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് കൊവിഡ് പശ്ചാത്തലത്തില്‍ നേരിടേണ്ടി വന്നത്. മാര്‍ച്ച് 22ന് ന്യൂദല്‍ഹിയിലെ വിജയ് നഗറില്‍ ഒരു മണിപൂരി യുവതിയുടെ മുഖത്ത് സ്‌കൂട്ടറില്‍ എത്തിയ ഒരാള്‍ തുപ്പുകയും അവരെ കൊറോണ എന്ന് വിളിക്കുകയും ചെയ്തിരുന്നു.

മാര്‍ച്ച് മാസം തന്നെ മുംബൈയിലെ ഒരു ഷോപ്പിങ്ങ് മാളില്‍ മിസോറാം സ്വദേശിയായ യുവതിക്കു നേരെയും വംശീയ അധിക്ഷേപം ഉണ്ടായി. ഷോപ്പിങ്ങിന് തന്നെ എത്തിയ മറ്റൊരു യുവതിയാണ് ഇവരെ കണ്ടപ്പോള്‍ മുഖം പൊത്തി കൊറോണ അസുഖമാണെന്ന് പറഞ്ഞ് തട്ടിക്കയറിയത്.

അഹമ്മദാബാദില്‍ ജോലിചെയ്യുന്ന വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികളോട് ഹോസ്റ്റല്‍ ഒഴിഞ്ഞു കൊടുക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. കൊവിഡ് ബാധിതരാണ് എന്ന് കാണിച്ചായിരുന്നു ഇവരെ ഇറക്കി വിടാന്‍ ശ്രമം നടത്തിയത്.

കൊവിഡ്-19 തുടക്കം മുതലേ വര്‍ഗീയവും വംശീയവുമായ വിവേചനത്തിന് വഴിയൊരുക്കിയിരുന്നു. ലോകത്തിന്റെ വിവിധരാജ്യങ്ങളില്‍ ചൈനീസ് വംശജര്‍ക്ക് നേരെ അക്രമസംഭവങ്ങള്‍ അരങ്ങേറിയിരുന്നു. അമേരിക്കയിലും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലും ഇവരെ അധിക്ഷേപിക്കുന്നതിന്റെയും മാറിനില്‍ക്കാന്‍ ആവശ്യപ്പെടുന്നതിന്റെയും വീഡിയോകള്‍ പുറത്തുവന്നിരുന്നു.

അന്താരാഷ്ട്രതലത്തില്‍ തന്നെ ഇത്തരം ഹീനമായ ചിന്താഗതി കൊവിഡുമായി ബന്ധപ്പെട്ട് നടക്കുന്നുണ്ട് എന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെ വ്യക്തമാക്കിയതാണ്. ചൈനീസ് വൈറസ് എന്നാണ് അദ്ദേഹം കൊവിഡ് 19നെ വിളിച്ചത്. ഇത് വലിയ തരത്തിലുള്ള ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇടയാക്കുകയും ചെയ്തിരുന്നു.

കാലകാലങ്ങളായി നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന വര്‍ഗീയതയുടെയും വംശീയതുടെയും ഏറ്റവും ഭയപ്പെടുത്തുന്ന ഉദാഹരണമാണ് ലോകം അതിന്റെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍പ്പോലും ഉയര്‍ന്നുവരുന്ന ഈ വിദ്വേഷപരാമര്‍ശങ്ങളെന്നാണ് നിരവധി പേര്‍ ചൂണ്ടിക്കാണിക്കുന്നത്.