ഒരു നടനോട് ഭയങ്കര ക്രഷായിരുന്നു, ഒന്നിച്ച് അഭിനയിച്ചപ്പോള്‍ മാറി: രചന നാരായണ്‍കുട്ടി
Film News
ഒരു നടനോട് ഭയങ്കര ക്രഷായിരുന്നു, ഒന്നിച്ച് അഭിനയിച്ചപ്പോള്‍ മാറി: രചന നാരായണ്‍കുട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 3rd April 2022, 4:27 pm

മറിമായം പരമ്പരയിലൂടെ പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ച് പിന്നീട് സിനിമയില്‍ ചുവടുറപ്പിച്ച താരമാണ് രചന നാരായണന്‍കുട്ടി. ഹാസ്യവേഷങ്ങളിലൂടെയെത്തി പിന്നീട് നായികയായും പ്രധാനകഥാപാത്രമായുമൊക്കെ താരം സിനിമയില്‍ സജീവമായി നില്‍ക്കുകയാണ്.

മോഹന്‍ലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണ്‍ സംവിധാനം ചെയ്ത ആറാട്ടാണ് രചന അഭിനയിച്ച് അവസാനം പുറത്തിറങ്ങിയ ചിത്രം. കൃഷി ഓഫീസറായ രുഗ്മിണി എന്ന കഥാപാത്രമായാണ് രചന ചിത്രത്തിലെത്തിയത്.

സിനിമയിലെത്തിയതിന് ശേഷമുള്ള അനുഭവങ്ങള്‍ പറയുകയാണ് രചന. പണ്ട് ആസിഫ് അലിയോട് ക്രഷ് തോന്നിയിട്ടുണ്ടെന്ന് എന്നാല്‍ സുഹൃത്തായപ്പോള്‍ അത് മാറിയെന്നും രചന പറഞ്ഞു. അസൂയ തോന്നിയ നടി ഊര്‍വശിയാണെന്നും അവരെ കംപ്ലീറ്റ് ആക്ട്രെസ് എന്ന് വിളിക്കാമെന്നും രചന കൂട്ടിച്ചേര്‍ത്തു.

ബിഹൈന്‍ഡ്‌വുഡ്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് രചന ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘ആസിഫിനോട് ക്രഷ് തോന്നിയിട്ടുണ്ട്. എന്റെ നല്ല സുഹൃത്താണ്. മുമ്പ് അഭിനയിക്കുന്നതിന് മുമ്പ് ഭയങ്കര ക്രഷായിരുന്നു. യൂ ടൂ ബ്രൂട്ടസില്‍ ഞങ്ങള്‍ ഒന്നിച്ച് അഭിനയിച്ചു. പിന്നെ നല്ല കൂട്ടായി. അപ്പോള്‍ ക്രഷൊക്കെ മാറി. ആസിഫിനോട് ഇത് തുറന്നു പറഞ്ഞിട്ടില്ല.

ഊര്‍വശി ചേച്ചിയോട് അസൂയ തോന്നിയിട്ടുണ്ട്. ചേച്ചീടെ ആക്ടിംഗ് ഒരു രക്ഷേമില്ല. ലാലേട്ടനെ കംപ്ലീറ്റ് ആക്ടര്‍ എന്ന് പറയുന്നത് പോലെ ഊര്‍വശി ചേച്ചിയെ കംപ്ലീറ്റ് ആക്ട്രെസ് എന്ന് പറയാം,’ രചന പറഞ്ഞു.

‘സ്വന്തമായി സിനിമ സംവിധാനം ചെയ്യണമെന്ന് ആഗ്രഹമുണ്ട്. കൊവിഡ് വന്നില്ലെങ്കില്‍ ന്യൂയോര്‍ക്ക് ഫിലിം അക്കാദമിയില്‍ പോയി പഠിക്കാനിരിക്കുകയായിരുന്നു. അവരുടെ ഓണ്‍ലൈന്‍ ക്ലാസുകളൊക്കെ നടക്കുന്നുണ്ട്. പക്ഷേ അവിടെ പോയി പഠിക്കണമെന്നാണ് ആഗ്രഹം. അതിനു ശേഷം ചെയ്യുമായിരിക്കും.

അഭിനയം കണ്ടിട്ട് അറിയാവുന്ന പണി വെല്ലോം ചെയ്താല്‍ പോരെയെന്ന് ചോദിച്ചിട്ടുണ്ട്. അതിനൊന്നും മറുപടി കൊടുത്തിട്ടില്ല. അവര്‍ അങ്ങനെ പറഞ്ഞെന്ന് വെച്ച് ഞാനങ്ങനെ ആവില്ലല്ലോ,’ രചന കൂട്ടിച്ചേര്‍ത്തു.

Content Highlight: rachana narayanankutty about her crush on asif ali