നിലവിലെ സ്‌പോര്‍ട്‌സ് കമന്ററികളില്‍ പോലും ഈ കപട വംശശാസ്ത്രം നിഴലിക്കുന്നുണ്ട്. കമന്റേറ്റര്‍മാര്‍ വെളുത്ത വര്‍ഗ്ഗക്കാരായ താരങ്ങളെ 'ഇന്റലിജന്റ്' എന്നും 'വജ്രക്കണ്ണുള്ള രാജകുമാരന്‍' എന്നും വിശേഷിപ്പിക്കുമ്പോള്‍, കറുത്ത വര്‍ഗ്ഗക്കാരായ താരങ്ങളെ വേഗതയോടും കരുത്തിനോടും മാത്രം കൂട്ടിയിണക്കുന്നു. അതുകൊണ്ടാണ് കളിക്കളത്തില്‍ മായാജാലം തീര്‍ക്കുന്ന ഐ.എം. വിജയനെ ഇന്നും 'കറുത്ത മുത്ത്' എന്ന ലേബലില്‍ ഒതുക്കുന്നത്.
മൈതാനങ്ങളില്‍ പന്തുമായി മാന്ത്രികത കാട്ടുന്ന റയല്‍ മാഡ്രിഡിന്റെയും ബ്രസീലിന്റെയും അഭിമാന താരം വിനീഷ്യസ് ജൂനിയര്‍ എന്ന 25-കാരന്‍ വാര്‍ത്തകളില്‍ നിറയുന്നത് അവന്‍ തീര്‍ത്ത ഗോളുകളുടെ വിസ്മയം കൊണ്ട് മാത്രമല്ല, നിരന്തരമായി നേരിടുന്ന അതിക്രൂരമായ വംശീയ അധിക്ഷേപം കൂടി കൊണ്ടാണ്.
സ്‌പെയിനിലെ ലാലിഗ മത്സരങ്ങള്‍ക്കിടയില്‍ വിനി പലതവണ ‘മങ്കി ചാന്റിന്’ (Monkey Chant) ഇരയായിട്ടുണ്ട്. ഏറ്റവും ഒടുവില്‍ 2026 ഫെബ്രുവരി 17. ലിസ്ബണിലെ സ്റ്റേഡിയം ഓഫ് ലൈറ്റ്. റയല്‍ മാഡ്രിഡിനായി ഒരു വിസ്മയ ഗോള്‍ നേടിയ ശേഷം പതിവുപോലെ നൃത്തം ചെയ്ത വിനീഷ്യസ് ജൂനിയറെ കാത്തിരുന്നത് അഭിനന്ദനങ്ങളല്ല, മറിച്ച് വംശീയ അധിക്ഷേപങ്ങളായിരുന്നു.
ബെന്‍ഫിക്ക താരം പ്രെസ്റ്റിയാനി തന്റെ ജേഴ്‌സി കൊണ്ട് വായ മൂടി വിനീഷ്യസിനെ അഞ്ച് തവണ ‘കുരങ്ങന്‍’ എന്ന് വിളിക്കുന്നു. കളി 11 മിനിറ്റോളം തടസ്സപ്പെടുന്നു.
വിനീഷ്യസില്‍ നിഴലിച്ചത് ദശാബ്ദങ്ങളായി തുടരുന്ന വിവേചനത്തോടുള്ള രോഷമായിരുന്നു
കളിക്കളങ്ങളില്‍ നിലനില്‍ക്കുന്ന വംശീയവെറി വിനീഷ്യസില്‍ മാത്രം ഒതുങ്ങുന്ന പ്രശ്‌നമല്ല. കായിക ചരിത്രത്തില്‍ പണ്ടുമുതല്‍ തന്നെ സയന്റിഫിക് റേസിസം (Scientific Racism) നിലനിന്നിരുന്നു.
1800-കളുടെ തുടക്കത്തില്‍ തന്നെ കറുത്ത വര്‍ഗ്ഗക്കാരായ അത്ലറ്റുകളുടെ ശരീരഘടന മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാണെന്നും അവര്‍ക്ക് ബുദ്ധിയേക്കാള്‍ കൂടുതല്‍ കരുത്താണെന്നും വരുത്തിത്തീര്‍ക്കാന്‍ പല പഠനങ്ങളും ശ്രമിച്ചിട്ടുണ്ട്.
പതിനെട്ടാം നൂറ്റാണ്ടിലും പത്തൊമ്പതാം നൂറ്റാണ്ടിലും മനുഷ്യരെ വംശീയമായി തരംതിരിക്കാന്‍ നരവംശശാസ്ത്രവും ജീവശാസ്ത്രവും ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു ക്രാനിയോമെട്രി (Craniometry) അഥവാ മനുഷ്യരുടെ തലയോട്ടിയുടെ ഘടന അളന്ന് ബുദ്ധി നിശ്ചയിക്കുന്ന രീതി. ഈ വാദത്തിന്റെ കാതല്‍ കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് ബുദ്ധി കുറവാണെന്നും അവര്‍ ശാരീരിക അധ്വാനത്തിന് മാത്രം ജനിച്ചവരാണ് എന്നുമായിരുന്നു.
ഇതിന്റെ തുടര്‍ച്ചയായിരുന്നു യൂജനിക്‌സ് (Eugenics) സിദ്ധാന്തം. മികച്ച വംശത്തെയും മികച്ച ജീനുകളെയും മാത്രം നിലനിര്‍ത്തുക അഥവാ പുനരുല്പാദിപ്പിക്കുക എന്നതായിരുന്നു യൂജനിക്‌സിന്റെ കാമ്പ്. കറുത്ത വര്‍ഗ്ഗക്കാരെയും ദരിദ്രരെയും നിര്‍ബന്ധിത വന്ധ്യംകരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് യൂജനിക്‌സ് സിദ്ധാന്തം രൂപപ്പെടുത്തിയത്.
അക്കാലത്ത് അമേരിക്കയില്‍ കറുത്ത വര്‍ഗ്ഗക്കാരും വെളുത്ത വര്‍ഗ്ഗക്കാരും തമ്മിലുള്ള വിവാഹം നിയമം മൂലം നിരോധിച്ചിരുന്നു. വംശങ്ങള്‍ തമ്മില്‍ കലരുന്നത് രക്തത്തിന്റെ ശുദ്ധി നഷ്ടപ്പെടുത്തുമെന്ന കപടശാസ്ത്രമായിരുന്നു ഇതിന് കാരണമായി വര്‍ത്തിച്ചിരുന്നത്. 1967-ല്‍ സുപ്രീം കോടതി ഇടപെടുന്നത് വരെ അമേരിക്കയിലെ പല സംസ്ഥാനങ്ങളിലും വംശങ്ങള്‍ തമ്മിലുള്ള വിവാഹം ക്രിമിനല്‍ കുറ്റമായി തന്നെ നിലനിന്നിരുന്നു.
കറുത്ത വര്‍ഗ്ഗക്കാരെ താഴ്ത്തിക്കെട്ടാന്‍ ശാസ്ത്രത്തെ പോലും അവര്‍ ആയുധമാക്കി. ഒരാളുടെ ശരീരത്തില്‍ ഒരു തുള്ളി കറുത്ത രക്തം ഉണ്ടെങ്കില്‍ പോലും അയാള്‍ കറുത്ത വര്‍ഗ്ഗക്കാരനായി തന്നെ കണക്കാക്കണമെന്ന ‘വണ്‍ ഡ്രോപ്പ് റൂള്‍’ (One-drop rule) നിര്‍ബന്ധവും നിലനിന്നിരുന്നു.
നിലവിലെ സ്‌പോര്‍ട്‌സ് കമന്ററികളില്‍ പോലും ഈ കപട വംശശാസ്ത്രം നിഴലിക്കുന്നുണ്ട്. കമന്റേറ്റര്‍മാര്‍ വെളുത്ത വര്‍ഗ്ഗക്കാരായ താരങ്ങളെ ‘ഇന്റലിജന്റ്’ എന്നും ‘വജ്രക്കണ്ണുള്ള രാജകുമാരന്‍’ എന്നും വിശേഷിപ്പിക്കുമ്പോള്‍, കറുത്ത വര്‍ഗ്ഗക്കാരായ താരങ്ങളെ വേഗതയോടും കരുത്തിനോടും മാത്രം കൂട്ടിയിണക്കുന്നു. അതുകൊണ്ടാണ് കളിക്കളത്തില്‍ മായാജാലം തീര്‍ക്കുന്ന ഐ.എം. വിജയനെ ഇന്നും ‘കറുത്ത മുത്ത്’ എന്ന ലേബലില്‍ ഒതുക്കുന്നത്.
ഐ.എം വിജയൻ / GOOGLE.COM
സ്‌പെയിനിലെ ഗാലറികളില്‍ നിന്നുയരുന്ന വംശീയ അധിക്ഷേപം അധികാരി വര്‍ഗ്ഗം നിര്‍മ്മിച്ച വംശീയ ചരിത്രത്തിന്റെ തുടര്‍ച്ചയാണ്. കാല്‍പന്തിന്റെ ചരിത്രത്തില്‍ വംശീയ അധിക്ഷേപം ഇതാദ്യമല്ല. ഇരകളുടെ മുഖം മാറിക്കൊണ്ടേയിരിക്കുന്നു.
ഫ്രഞ്ച് താരം കരിം ബെൻസിമ /BBC.COM
കായിക താരങ്ങളില്‍ പ്രശസ്തനായ കരീം ബെന്‍സെമ. ഫ്രാന്‍സിന്റെ സൂപ്പര്‍ താരമായിട്ടും സിസ്റ്റമാറ്റിക് ആയ വംശീയത ബെന്‍സെമയെ വേട്ടയാടി. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു: ‘ഞാന്‍ ഗോളടിച്ചാല്‍ ഫ്രഞ്ചുകാരന്‍, തോറ്റാല്‍ അറബ് വംശജന്‍.’
എന്നാല്‍ ഫ്രഞ്ച് ഫുട്‌ബോളിന്റെ ചരിത്രം നോക്കിയാല്‍ അറിയാം, ഫ്രാന്‍സിനു വേണ്ടി കളിക്കളത്തിലേക്ക് ഇറങ്ങിയവരില്‍ പകുതിയിലേറെയും കുടിയേറ്റക്കാരായിരുന്നു.
വംശീയ അധിക്ഷേപങ്ങളുടെ ഭാരം താങ്ങാനാവാതെ മൈതാനം വിട്ടിറങ്ങിപ്പോയ താരമാണ് മാരിയോ ബലോട്ടെല്ലി.
ഇറ്റാലിയൻ ഫുട്ബോൾ താരംമാരിയോ ബലോട്ടെല്ലി
2011 ഒക്ടോബര്‍ 23-ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡും സിറ്റിയും തമ്മിലുള്ള വാശിയേറിയ പോരാട്ടം നടക്കുകയായിരുന്നു. ഒടുവില്‍ 22 മിനിറ്റില്‍ ഒരു തകര്‍പ്പന്‍ ഗോള്‍ നേടിയതിന് പിന്നാലെ ബലോട്ടെല്ലി വര്‍ഷങ്ങളായി തനിക്ക് നേരിടേണ്ടി വന്ന വംശീയാധിക്ഷേപങ്ങള്‍ക്കെതിരെ വൈകാരികമായൊരു ചോദ്യമുയര്‍ത്തി: ‘വൈ ഓള്‍വേസ് മി’ (Why Always Me).
ജർമൻ തരാം ഓസിൽ / GOOGLE.COM
ജര്‍മ്മനിയുടെ ഇതിഹാസതാരമായിരുന്ന മെസ്യൂട്ട് ഓസില്‍ 2018-ല്‍ ദേശീയ ടീമില്‍ നിന്ന് വിരമിച്ചത് താന്‍ നേരിട്ട വംശീയ അധിക്ഷേപം കാരണമായിരുന്നു. ഓസിലിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു: ‘ഞങ്ങള്‍ ജയിക്കുമ്പോള്‍ ഞാന്‍ ജര്‍മ്മന്‍കാരനും, തോല്‍ക്കുമ്പോള്‍ ഞാന്‍ അഭയാര്‍ത്ഥിയുമാണ്.’
‘മങ്കി ചാന്റ്’ അഥവാ കുരങ്ങന്റെ ശബ്ദം പുറപ്പെടുവിച്ച് താരങ്ങളെ അധിക്ഷേപിക്കുന്ന രീതി ഒരു പ്രതിഭാസമായി ഇന്നും നിലനില്‍ക്കുന്നുണ്ട്. 2024-ല്‍ കേരളത്തിലെ മലപ്പുറത്ത് നടന്ന സെവന്‍സ് ഫുട്‌ബോള്‍ മത്സരത്തിനിടെ ഐവറി കോസ്റ്റ് താരം ഡൈറസ് ജൂനിയറും വംശീയമായ അധിക്ഷേപത്തിന് ഇരയായിരുന്നു.
അതുപോലെ ഓസ്‌ട്രേലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം ആദം ഗുഡ്സ് കാണികളില്‍ നിന്നുള്ള നിരന്തരമായ കൂവലുകളും അധിക്ഷേപങ്ങളും സഹിക്കവയ്യാതെയാണ് മൈതാനം വിട്ടിറങ്ങിയതും കരിയര്‍ അവസാനിപ്പിച്ചതും. വംശീയ അധിക്ഷേപം കാരണം മൈതാനത്തു നിന്നും മടങ്ങുന്നവരും കരിയര്‍ അവസാനിപ്പിക്കുന്നവരും കാല്‍പ്പന്ത് ചരിത്രത്തില്‍ വിരളമല്ല.
ബ്രസീലിയന്‍ താരം ഡാനി ആല്‍വസ് തുടങ്ങി ബുക്കായോ സാക്ക, കിംഗ്സ്ലി കോമന്‍, ഔറേലിയന്‍ ചൗമേനി വരെ നീളുന്നു.
ഫുട്‌ബോള്‍ മേഖലയില്‍ ഒതുങ്ങുന്ന ഒന്നല്ല വംശവിദ്വേഷം; ക്രിക്കറ്റ്, ബാസ്‌ക്കറ്റ്‌ബോള്‍, ബോക്‌സിങ് തുടങ്ങിയ സര്‍വ്വ മേഖലകളിലും പടര്‍ന്നാടുന്ന വിപത്താണിത്.
1960-കളുടെ അവസാനത്തില്‍ മുഹമ്മദ് അലി, ബില്‍ റസ്സല്‍, ടോമി സ്മിത്ത്, ജോണ്‍ കാര്‍ലോസ് തുടങ്ങിയ ആഫ്രിക്കന്‍-അമേരിക്കന്‍ അത്ലറ്റുകള്‍ വംശീയ അധിക്ഷേപത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ട് മുന്നോട്ടുവന്നിരുന്നു.
കളിക്കളത്തില്‍ കറുത്ത വര്‍ഗ്ഗക്കാരായ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യനീതിക്കുവേണ്ടിയുള്ള സമരങ്ങള്‍ അവിടെ തുടങ്ങിയെങ്കിലും, 2023-24 ‘കിക്ക് ഇറ്റ് ഔട്ട്’ (Kick It Out) എന്ന സംഘടനയുടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുമ്പോള്‍ കാലത്തിനിപ്പുറം വംശീയത അതേപടി നിലനില്‍ക്കുന്ന യാഥാര്‍ത്ഥ്യത്തെയാണ് അടിവരയിടുന്നത്.
2023-24 സീസണ്‍ ഫുട്‌ബോള്‍ മത്സരങ്ങളിലെ കണക്കുകള്‍ പ്രകാരം വംശീയ അധിക്ഷേപങ്ങളില്‍ 47% വര്‍ദ്ധനവുണ്ടായി. അതില്‍ 55 ശതമാനവും തെക്കന്‍ ഏഷ്യക്കാരെ ലക്ഷ്യം വെക്കുന്നതാണെന്നും റിപ്പോര്‍ട്ടുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
സത്യാനന്തര കാലഘട്ടത്തിലും ഒരു വിഭാഗം മനുഷ്യര്‍ വംശത്തിന്റെ പേരില്‍ അരികുവല്‍ക്കരിക്കപ്പെടുന്നു. കീഴാളരെന്ന് മുദ്രകുത്തപ്പെടുന്നു. വംശീയ ചിന്തകളുടെ സ്വാധീനം ജനപ്രിയ കായികമേഖലകളില്‍ പോലും അസ്വസ്ഥത വിതയ്ക്കുകയാണ്. ഏതൊക്കെ തരത്തിലാണ് അത് പ്രവര്‍ത്തിക്കുന്നതെന്ന് തിരിച്ചറിയേണ്ടത് ഇന്നത്തെ കാലഘട്ടത്തിന്റെ അനിവാര്യതയാണ്.
സാംസ്‌കാരിക പഠനത്തിന്റെ വക്താവായ സ്റ്റുവര്‍ട്ട് ഹാള്‍ നിര്‍വചിക്കുന്നത് പോലെ, വംശീയത വെറും ഒരു വെറുപ്പല്ല, മറിച്ച് ഒരു വിഭാഗം മറ്റൊരു വിഭാഗത്തിന്മേല്‍ അധികാരം സ്ഥാപിക്കാന്‍ ഉപയോഗിക്കുന്ന ഉപാധിയാണ്. അതിന് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്.
Content Highlight: Race, Racism, hegemony and Sports