തിരുവനന്തപുരം: റാപ്പര്‍ വേടന്റേതെന്ന (ഹിരണ്‍ദാസ് മുരളി) പേരില്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച വരികളില്‍ ഇല്ലാത്ത വാക്ക് കൂട്ടിച്ചേര്‍ത്ത് മുന്‍ ഡി.ജി.പിയും ബി.ജെ.പി നേതാവുമായ ആര്‍. ശ്രീലേഖ. ‘മോദി’ എന്ന വാക്കാണ് ശ്രീലേഖ കൂട്ടിച്ചേര്‍ത്തത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വരികളെഴുതിയതിന്റെ പ്രത്യുപകാരമായി വേടന് സംസ്ഥാന പുരസ്‌കാരം ലഭിച്ചുവെന്നാണ് ശ്രീലേഖയുടെ വാദം. വേടന്റെ ‘വോയ്സ് ഓഫ് വോയ്സ്‌ലെസ്’ എന്ന പാട്ടിലെ വരികള്‍ക്കിടയിലാണ് ശ്രീലേഖ ഇല്ലാത്ത വാക്ക് കൂട്ടിച്ചേര്‍ത്തത്.
‘മോദി കപട ദേശവാദി,
നാട്ടില്‍ മത ജാതി വ്യാധി
ഈ തലവനില്ല ആധി
നാട് ചുറ്റാന്‍ നിന്റെ നികുതി
വാളെടുത്തവന്റെ കയ്യില്‍ നാട് പാതി
വാക്കെടുത്തവന്‍ ദേശദ്രോഹി, തീവ്രവാദി,’ ശ്രീലേഖ പങ്കുവെച്ച വരികള്‍.
എന്നാല്‍ ‘കപടദേശവാദി നാട്ടില്‍ മത ജാതി വ്യാധി, തലവനില്ല ആദി നാടുചുറ്റിടാന്‍ നിന്റെ നികുതി, വാളെടുത്തവന്റെ കയ്യിലാണ് നാട് പാതി, വാക്കെടുത്തവന്‍ ദേശദ്രോഹി തീവ്രവാദി,’ എന്നാണ് വേടന്റെ പാട്ടിലുള്ളത്. ഈ വരികള്‍ ആരംഭിക്കുന്നതിന് മുന്നോടിയായാണ് ശ്രീലേഖ മോദിയെന്ന വാക്ക് ചേര്‍ത്തത്.
വേടന്റെ വരികള്‍ക്ക് എന്തെങ്കിലും മേന്മ വേണ്ടേയെന്നും അവാര്‍ഡിനര്‍ഹനായത് പാട്ടുകളുടെ ഗുണം കൊണ്ടല്ലെന്നും കുറിപ്പില്‍ ശ്രീലേഖ പറയുന്നുണ്ട്. പോസ്റ്റ് ചര്‍ച്ചയായതോടെ നിരവധി ആളുകളാണ് ശ്രീലേഖയെ വിമര്‍ശിച്ചുകൊണ്ട് പ്രതികരിക്കുന്നത്.
‘മോദി കപട ദേശവാദി. ഐ.പി.എസ് ആയാല്‍ ഇങ്ങനെ വേണം ധൈര്യത്തോടെ പേരെടുത്ത് പറയാന്‍ കഴിയണം. കൂടെ കൂടുമ്പോള്‍ അല്ലെ സത്യങ്ങള്‍ അറിയാന്‍ പറ്റൂ,’ എന്നാണ് ഒരാള്‍ പ്രതികരിച്ചത്.
ഈ വരികള്‍ മോദിയെ ആണ് ഉദ്ദേശിച്ചത് എന്ന് നിങ്ങള്‍ക്ക് തോന്നിയെങ്കില്‍ മോദി അങ്ങനെയാണെന്ന് മനസിലായില്ലേയെന്നും ചിലര്‍ ചോദിക്കുന്നുണ്ട്. ശരിയായ നിരീക്ഷണമാണെന്ന് ചൂണ്ടിക്കാട്ടി ശ്രീലേഖയെ ഒരു വിഭാഗം അനുകൂലിക്കുന്നുമുണ്ട്.
Content Highlight: R. Sreelekha adds outside word to Vedan’s song; Social media says don’t shout out the truth