സി.പി.ഐ.എമ്മിനെക്കാള്‍ സംഘടനാപാടവം ആര്‍.എസ്.പിക്കുണ്ടെങ്കില്‍ തെളിയിക്കട്ടെ: കോടിയേരി
Kerala
സി.പി.ഐ.എമ്മിനെക്കാള്‍ സംഘടനാപാടവം ആര്‍.എസ്.പിക്കുണ്ടെങ്കില്‍ തെളിയിക്കട്ടെ: കോടിയേരി
ന്യൂസ് ഡെസ്‌ക്
Thursday, 22nd August 2013, 3:17 pm

[]തിരുവനന്തപുരം: സി.പി.ഐ.എമ്മിനെക്കാള്‍ സംഘടനാപാടവം ആര്‍.എസ്.പിക്കുണ്ടെങ്കില്‍ അവര്‍ അത് തെളിയിക്കണണെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. []

സി.പി.ഐ.എമ്മിന്റെ സംഘാടനത്തിലെ പിഴവാണ് സമരം പെട്ടെന്ന് പിന്‍വലിക്കാന്‍ ഇടയാക്കിയതെന്ന ആര്‍.എസ്.പി ദേശീയ സെക്രട്ടറി ടി.ജെ ചന്ദ്രചൂഡന്റെ പ്രസ്താവനയോട് പ്രതികരിക്കുക യായിരുന്നു കോടിയേരി.

ആര്‍.എസ്.പിയുടെ സംഘടനാ പാടവം എത്രയെന്ന് അറിയണമെന്ന് ആഗ്രഹമുണ്ട്. അടുത്ത സമരം വരുമ്പോള്‍ അവര്‍ സംഘടനപാടവം തെളിയിക്കട്ടെയെന്നും കോടിയേരി പറഞ്ഞു.

ഇടതുമുന്നണിയുടെ സെക്രട്ടറിയേറ്റ് ഉപരോധം അവസാനിപ്പിച്ച സാഹചര്യം പാര്‍ട്ടിയിലും പുറത്തും ഉളള എല്ലാവര്‍ക്കും അറിയാം. പാര്‍ട്ടി അക്കാര്യം വ്യക്തമാക്കിയതുമാണ്.

എന്നാല്‍ പാര്‍ട്ടി യോഗത്തില്‍ വിമര്‍ശനം ഉന്നയിക്കാതെ പൊതുയോഗത്തില്‍ വെച്ച് കാര്യങ്ങള്‍ പറയുന്ന രീതി ശരിയല്ലെന്നും കോടിയേരി പറഞ്ഞു.

സി.പി.ഐ.എം നടത്തിയ സെക്രട്ടറിയേറ്റ് ഉപരോധ സമരം അവസാനിപ്പിച്ച നടപടിക്കെതിരെ ടി ജെ ചന്ദ്രചൂഡന്‍ ഇന്നലെയാണ് രംഗത്തെത്തിയത്.

സമരം തുടങ്ങാന്‍ ആര്‍ക്കുമാകുമെന്നും എന്നാല്‍ അവസാനിപ്പിക്കുന്നത് അവധാനതയോടെ ആകണമായിരുന്നെന്നും ടി.ജെ ചന്ദ്രചൂഡന്‍ പറഞ്ഞിരുന്നു.

സമരം പെട്ടെന്ന് അവസാനിപ്പിക്കേണ്ടി വന്ന സാഹചര്യത്തെ കുറിച്ച് ബന്ധുക്കളെയും സ്വന്തക്കാരെയും വിളിച്ച് പാര്‍ട്ടി വിശദീകരീക്കേണ്ടി വരികയാണെന്നും ചന്ദ്രചൂഡന്‍ കുറ്റപ്പെടുത്തി.

കുറച്ചുകൂടി നേതൃപാഠവം സമരത്തില്‍ കാണിക്കേണ്ടിയിരുന്നു. ഇത്രയും ആളുകളെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തിയ ഉപരോധ സമരം അവസാനിപ്പിച്ച രീതി ഒരിക്കലും നന്നായില്ലെന്നും ചന്ദ്രചൂഡന്‍ പറഞ്ഞിരുന്നു. ഈ പ്രസ്താവനയ്ക്കാണ് കോടിയേരി മറുപടി നല്‍കിയത്.

ഉപരോധ സമരം അവസാനിപ്പിക്കാന്‍ സി.പി.ഐ.എം നേതാക്കള്‍ മുഖ്യമന്ത്രിയുടെ കാലുപിടിച്ചെന്ന കോണ്‍ഗ്രസ് നേതാവ് എം.എം ഹസ്സന്റെ ആരോപണത്തിനും കോടിയേരി മറുപടി പറഞ്ഞു.

കാലുപിടിച്ചും കോപ്പിയടിച്ചും രക്ഷപെടുന്ന ശീലം എം.എം. ഹസ്സനാണുള്ളതെന്നും ആ ശീലം സി.പി.ഐ.എമ്മിനില്ലെന്നും കോടിയേരി പറഞ്ഞു.

സി.പി.ഐ.എം കാലുപിടിച്ചാണ് സമരം ഒത്തുതീര്‍പ്പാക്കിയതെന്ന് വെറുതെ പറഞ്ഞാല്‍ പോരാ, ആരാണ് ഒത്തുതീര്‍പ്പാക്കിയതെന്ന് കൂടി പറയണമെന്നും കോടിയേരി ആവശ്യപ്പെട്ടു.