കൊല്ലം: കൊട്ടാരക്കരയില്‍ ഐഷാ പോറ്റിയെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാക്കില്ലെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും കഴിഞ്ഞ തവണ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ ആര്‍. രശ്മി.
സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് ഒരിക്കലും ഐഷാ പോറ്റിയെ പരിഗണിക്കുമെന്ന് താന്‍ കരുതുന്നില്ലെന്നും ഇപ്പോഴുള്ളതെല്ലാം വെറും അഭ്യൂഹങ്ങള്‍ മാത്രമാണെന്നും ഒരു പ്രാദേശിക മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ രശ്മി പറഞ്ഞു.
ഉമ്മന്‍ ചാണ്ടിയുടെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയില്‍ വിശിഷ്ടാതിഥിയായി എത്തി, താനൊരു സി.പി.ഐ.എമ്മുകാരിയാണെന്ന് അഭിമാനത്തോടെ പറഞ്ഞ ഐഷാ പോറ്റിയെ കോണ്‍ഗ്രസ് പരിഗണിക്കില്ല എന്നാണ് വിശ്വസിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
‘ഐഷാ പോറ്റി ഈ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് മൂന്ന് തവണ എം.എല്‍.എ ആയ ആളാണ്, അത് ശരി തന്നെ. ഉമ്മന്‍ ചാണ്ടിയുടെ ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് കോണ്‍ഗ്രസ് കാരുണ്യമേഖലയുമായി ബന്ധപ്പെട്ട ഒരു പരിപാടി നടത്തിയിരുന്നു. ആ പരിപാടിയില്‍ ഐഷാ പോറ്റിയാണ് വിശിഷ്ടാതിഥിയായി പങ്കെടുത്തത്.
ഞാന്‍ സി.പി.ഐ.എമ്മുകാരിയാണ്, സി.പി.ഐ.എമ്മാണ് എന്നെ വളര്‍ത്തി വലുതാക്കിയത്, അതില്‍ ഞാന്‍ അഭിമാനിക്കുന്നു എന്നാണ് ആ പരിപാടിയില്‍ അവര്‍ പറഞ്ഞത്.
സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് പ്രസ്ഥാനം ഒരിക്കലും ഐഷാ പോറ്റിയെ പരിഗണിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. ഐഷാ പോറ്റി യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി കൊട്ടാരക്കരയില്‍ വരുമെന്നത് സമൂഹമാധ്യമങ്ങളിലെ അഭ്യൂഹങ്ങള്‍ മാത്രമാണ്.
താനൊരു സി.പി.ഐ.എമ്മുകാരിയാണ്, ഒരു കോണ്‍ഗ്രസുകാരിയായല്ല ഈ പരിപാടിയില്‍ പങ്കെടുക്കുന്നതെന്ന് അവര്‍ പറഞ്ഞത് നമ്മളെല്ലാവരും കേട്ടതാണ്.
താന്‍ കോണ്‍ഗ്രസിന്റെ മെമ്പര്‍ഷിപ്പെടുക്കാനല്ല ഇവിടെ വന്നതെന്ന് ഐഷാ പോറ്റി പറഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. അങ്ങനെയൊരാളെ കോണ്‍ഗ്രസ് മത്സരിപ്പിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല,’ രശ്മി പറഞ്ഞു.
2011ല്‍ 20,592 ആയി ഭൂരിപക്ഷം വര്‍ധിപ്പിച്ച ഐഷാ പോറ്റി, 2016ല്‍ 42,632 വോട്ടുകളുടെ കൂറ്റന്‍ ലീഡുമായാണ് വിജയം സ്വന്തമാക്കിയത്. അന്ന് മന്ത്രിയോ സ്പീക്കറോ ആയേക്കുമെന്ന് ചര്‍ച്ചകളുണ്ടായെങ്കിലും അതുണ്ടായില്ല.
നിലവില്‍ കൊട്ടാരക്കരയിലെ എം.എല്‍.എയും ധനകാര്യ മന്ത്രിയുമായ കെ.എന്‍. ബാലഗോപാലുമായി അത്ര രസത്തിലല്ലെന്ന ചര്‍ച്ചകളുയര്‍ന്നതോടെ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ തന്നെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകണമെന്ന് ഐഷാ പോറ്റിയോട് ആവശ്യപ്പെടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
സ്വതന്ത്ര സ്ഥാനാര്‍ഥിയായി ആയിഷ പോറ്റിയെ മത്സരിപ്പിക്കാനാണ് സാധ്യത. മുന്‍ എം.എല്‍.എയുടെ സ്വീകാര്യതയ്ക്ക് ഇപ്പോഴും ഇടിവു സംഭവിച്ചിട്ടില്ലെന്നും അതു വോട്ടായി മാറിയാല്‍ വമ്പന്‍ മാര്‍ജിനില്‍ വിജയിക്കാന്‍ കഴിയുമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടലുകളെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
Content Highlight: R. Rashmi says Aisha Potti will not be the UDF candidate in Kottarakkara.