രജിസ്ട്രാറുടെ കേസിന്റെ മെറിറ്റ് കാണാതെ കേവലം ഭാരതാംബയെ അറിയില്ലേ എന്ന അപക്വമായ ഭാഗത്താണ് കോടതി നിന്നത്; കോടതിയിലെ ചിലര്‍ നീതിദേവതയ്‌ക്കൊപ്പമോ കാവിക്കൊടിയേന്തിയ സ്ത്രീക്കൊപ്പമോ? ആര്‍. രാജേഷ്
Kerala
രജിസ്ട്രാറുടെ കേസിന്റെ മെറിറ്റ് കാണാതെ കേവലം ഭാരതാംബയെ അറിയില്ലേ എന്ന അപക്വമായ ഭാഗത്താണ് കോടതി നിന്നത്; കോടതിയിലെ ചിലര്‍ നീതിദേവതയ്‌ക്കൊപ്പമോ കാവിക്കൊടിയേന്തിയ സ്ത്രീക്കൊപ്പമോ? ആര്‍. രാജേഷ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 5th July 2025, 9:24 pm

കോഴിക്കോട്: കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്തെ തകര്‍ത്ത് സംഘപരിവാര്‍ അജണ്ടകള്‍ നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വൈസ് ചാന്‍സലര്‍മാരെയും നീതിപീഠത്തേയും ഉപയോഗിക്കുകയാണെന്ന് കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗവും മുന്‍ എം.എല്‍.എയുമായ ആര്‍. രാജേഷ്.

സര്‍വകലാശാലകളെ രാഷ്ട്രീയമായി നിയന്ത്രിക്കുവാന്‍ മാത്രമായി ചാന്‍സലര്‍മാരെ ചുമതലപ്പെടുത്തുന്നുവെന്നും തങ്ങള്‍ക്കിഷ്ടപ്പെട്ട വൈസ് ചാന്‍സലര്‍മാരെ യോഗ്യതകള്‍ പോലും പരിഗണിക്കാതെ നിയമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

എന്നാല്‍ ഈ നിയമനങ്ങള്‍ ചോദ്യം ചെയ്ത് നിയമനടപടിക്കൊരുങ്ങിയാല്‍ സര്‍വകലാശാലകളുടെ കേസുകള്‍ പരിഗണിക്കുന്ന ഹൈക്കോടതി ബെഞ്ചില്‍ കടുത്ത സംഘപരിവാര്‍ അനുകൂലികളെ നിയമിച്ച് നിയമപോരാട്ടത്തിനുള്ള അവസരവും നിഷേധിക്കുകയാണെന്നും ആര്‍. രാജേഷ് ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ഡി.കെ സിങ്, ജസ്റ്റിസ് നഗരേഷ് എന്നിവരാണ് ഹൈക്കോടതിയിലെ ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിച്ച് വിധി പറയുന്നത്. ഇതില്‍ ജസ്റ്റിസ് നഗരേഷ് അഭിഭാഷകരിലെ സംഘപരിവാര്‍ യൂണിയന്‍ നേതാവാണെന്നും രാജേഷ് ആരോപിച്ചു.

ഇത്തരത്തില്‍ സംഘപരിവാര്‍ അജണ്ടകള്‍ നടപ്പിലാക്കുന്നതിന്റെ ഉദാഹരണമാണ് കാവിക്കൊടിയേന്തിയ സ്ത്രീയുടെ ചിത്രം സെനറ്റ് ഹാളില്‍ നിന്ന് ഒഴിവാക്കണമെന്ന് പറഞ്ഞ കേരള സര്‍വകലാശാല രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്ത നടപടിയെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. പൂര്‍ണമായും നിയമവിരുദ്ധമായ ഈ നടപടി റദ്ദാക്കാതെ, കേസിന്റെ മെറിറ്റ് കാണാതെ കേവലം ഭാരതാംബയെ അറിയില്ലേ എന്ന അപക്വമായ ചോദ്യമാണ് കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇതടക്കം സര്‍ലകലാശാലയിലെ വൈസ് ചാന്‍സലര്‍മാരുമായി ബന്ധപ്പെട്ട മൂന്ന് കേസുകളുടെ ഉദാഹരണങ്ങളടക്കം ചൂണ്ടിക്കാട്ടിയായാണ് എങ്ങനെയാണ് ചാന്‍സലര്‍മാര്‍ സര്‍വകലാശാലകളുടെ നിയന്ത്രണം കീഴ്‌പ്പെടുത്തുന്നതെന്ന് രാജേഷ് ചൂണ്ടിക്കാണിക്കുന്നത്.

ഇതില്‍ ആദ്യത്തെ കേസ് കേരള സര്‍വ്വകലാശാല വി.സിയുടെ താത്കാലിക ചുമതല വഹിക്കുന്ന മോഹന്‍ കുന്നുമ്മലിന്റെ നിയമനമാണ്. മോഹനന്‍ കുന്നുമ്മല്‍ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍ മാത്രമാണെന്നും അദ്ദേഹം പ്രൊഫസര്‍ പോലും അല്ലെന്നും രാജേഷ് പറയുന്നു.

68 വയസാണ് മോഹനന്‍ കുന്നുമ്മലിന്റെ പ്രായം. എന്നാല്‍ കേരളസര്‍വകലാശാല വി.സി ആകുന്നതിനുള്ള നിയമപരമായ യോഗ്യതയെന്നത് പ്രായം 65 കഴിയുവാന്‍ പാടില്ല എന്നതാണ്. എന്നാല്‍ 65 വയസ്സ് കഴിഞ്ഞ് 68 ആയപ്പോഴാണ് അദ്ദേഹത്തിന് ചാന്‍സലര്‍ പുനര്‍ നിയമനം കൊടുത്തത്. കൂടാതെ വൈസ് ചാന്‍സലര്‍ ആകുവാന്‍ പ്രൊഫസറായി 10 വര്‍ഷം പരിചയം ഉണ്ടാകണം. എന്നാല്‍ പത്ത് വര്‍ഷത്തെ അനുഭവ സമ്പത്തില്ലായെന്ന് മാത്രമല്ല പ്രൊഫസര്‍ കൂടിയല്ല അദ്ദേഹമെന്നും രാജേഷ് ചൂണ്ടിക്കാട്ടി.

എന്നാല്‍ ഈ കാര്യങ്ങള്‍ ചോദ്യം ചെയ്ത ഹരജിയില്‍ വി.സിക്ക് അനുകൂലമായിരുന്നു വിധി. ഹരജി പരിഗണിക്കവേ താത്കാലിക വി.സിക്ക് ഈ യോഗ്യതകള്‍ ഇല്ല എന്ന വാദം അംഗീകരിച്ച കോടതി താത്കാലിക വി.സിയെ ചുമതലയില്‍ തുടരാന്‍ അനുവദിച്ചു. താത്കാലിക വി.സി സംഘപരിവാറുകാരനാണ് എന്നത് മാത്രമാണ് ഇതിന് കാരണമെന്നും ഇവിടെ വിജയിച്ചത് നീതിദേവതയാണോ കാവിക്കൊടിയേന്തിയ സ്ത്രീയാണോയെന്നും രാജേഷ് ചോദിച്ചു.

മറ്റ് കേസുകള്‍

കേസ് രണ്ട്

സര്‍വകലാശാല സെനറ്റിലേക്ക് നിയമിക്കപ്പെട്ട വിദ്യാര്‍ത്ഥി പ്രതിനിധിക്ക് 30 വയസ് കഴിയാത്തയാളാവണം എന്നതാണ് നിയമം. 30 വയസ്‌ കഴിഞ്ഞ വ്യക്തിയുടെ സെനറ്റ് പ്രവേശനത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ എത്ര കാലമായി വിധി പറയാതെ മാറ്റി വച്ചിരിക്കുന്നു ? വലതുപക്ഷ പ്രതിനിധിക്കെതിരായ വിധി വരും എന്നതുകൊണ്ടാണ് വൈകുന്നത് എന്ന് സംശയിച്ചാല്‍ തെറ്റുപറയാനാകുമോയെന്ന് അദ്ദേഹം ചോദിച്ചു

കേസ് മൂന്ന്

രജിസ്ട്രാര്‍ കേസില്‍ എന്താണ് സംഭവിക്കുന്നത് ?

(എ) കേരള സര്‍വ്വകലാശാല രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്യാന്‍ വി.സിക്കധികാരമുണ്ടാ ?
* ഇല്ല
രജിസ്ട്രാറുടെ നിയമനം നടത്തുന്നത് പൂര്‍ണമായി സിന്‍ഡിക്കേറ്റാണ്
(ബി) രജിസ്ട്രാറെ നിലവില്‍ സസ്‌പെന്‍ഡ് ചെയ്യുവാന്‍ വി.സി എടുത്ത മാര്‍ഗം എന്ത് ?
* സര്‍വകലാശാലയില്‍ രണ്ട് സിന്‍ഡിക്കേറ്റുകള്‍ കൂടുന്നതിനിടയില്‍ അടിയന്തിരമായി ഏതെങ്കിലും നയപരമല്ലാത്ത തീരുമാനം എടുക്കണമെങ്കില്‍ വി.സിക്ക് യൂണിവേഴ്‌സിറ്റി ആക്ടിന്റെ 10 (13) അനുസരിച്ച് തീരുമാനിക്കാം.

* യൂണിവേഴ്‌സിറ്റി ആക്ട് 10 (13) അനുസരിച്ച് വി.സി ക്ക് എന്തും തീരുമാനിക്കാമോ ?

* ഇല്ല, അനിവാര്യമായ സര്‍ട്ടിഫിക്കറ്റുകള്‍ ചെറിയ ചില ഫണ്ടുകള്‍ എന്നിവ അനുവദിക്കാം
* അതില്‍ത്തന്നെ അച്ചടക്ക നടപടികളോ, നിയമനങ്ങളോ സ്വീകരിക്കാന്‍ പാടില്ല.
* അച്ചടക്ക നടപടി സ്വീകരിക്കാന്‍ പാടില്ല എന്ന് യൂണിവേഴ്‌സിറ്റി ആക്ടിന്റെ തന്നെ 10 (14) പറയുന്നു.

വി.സി ക്ക് 10(13) ഉപയോഗിച്ച് മേല്‍പ്പറഞ്ഞ ചില അപ്രധാന തീരുമാനങ്ങളെടുക്കാമെങ്കിലും 10(14) അനുസരിച്ച് അച്ചടക്ക നടപടികള്‍ എടുക്കാന്‍ പാടില്ല എന്ന് കര്‍ശനമായി പറയുന്നു.
10(13) അനുസരിച്ച്‌ താത്കാലികമായി വി.സി തീരുമാനിച്ചാലും അന്തിമ അനുവാദത്തിനായി ഈ വിഷയം സിന്‍ഡിക്കേറ്റിന്റെ മുന്‍പാകെ കൊണ്ടുവന്ന് സിന്‍ഡിക്കേറ്റ് അന്തിമ തീരുമാനമെടുക്കണം .

(ഇ) വി.സിക്ക് രജിസ്ട്രാറിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ അധികാരമുണ്ടോ ?

*ഇല്ല, രജിസ്ട്രാറിന് താഴെ ജോയിന്റ് രജിസ്ട്രാര്‍മാര്‍, താഴെ ഡെപ്യൂട്ടി രജിസ്ട്രാര്‍മാര്‍ , താഴെ അസിസ്റ്റന്റ് രജിസ്ട്രാര്‍മാര്‍.
പിന്നീട് സെക്ഷന്‍ ആഫീസര്‍മാര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ എന്ന നിലയിലാണ് സര്‍വകലാശാല ഉദ്യോഗസ്ഥരുടെ ശ്രേണി.
ഇതില്‍ താഴെ നിന്ന് എ.ആര്‍ (അസിസ്റ്റന്റ് രജിസ്ട്രാര്‍ ) വരെയുള്ളവര്‍ക്കെതിരെ മാത്രമേ വി.സി ക്ക് നടപടി സ്വീകരിക്കാനാകൂ.
ഡി.ആര്‍,ജെ.ആര്‍ മാര്‍ & രജിസ്ട്രാര്‍ എന്നിവര്‍ക്കെതിരായി നടപടി വി.സിക്ക് സ്വീകരിക്കാനാവില്ല. നടപടി സ്വീകരിക്കാന്‍ അധികാരം നിയമനാധികാരിയായ സിന്‍ഡിക്കേറ്റാണ്. ഇത് മറികടന്നാണ് വി.സി രജിസ്ട്രാറെ സസ്‌പെന്‍ഡ്‌ ചെയ്തത്.

(എഫ്) സസ്‌പെന്‍ഡ് ചെയ്യുന്നതിന് മുമ്പ് ഏതൊരാള്‍ക്കും കിട്ടേണ്ട ആനുകൂല്യം തന്റെ ഭാഗം കേള്‍ക്കുക എന്നത് ലഭിച്ചിട്ടുണ്ടോ ? അദ്ദേഹത്തിന്റെ ഭാഗം കേള്‍ക്കുവാന്‍ ഒരു കാരണം കാണിക്കല്‍ നോട്ടീസ് കൊടുത്തിരുന്നോ ?ഇത്രയും നിയമ വിരുദ്ധതയാണ് ഈ സസ്‌പെന്‍ഷന്റെ പിറകിലുള്ളത്.

പ്രഥമദൃഷ്ട്യാ തന്നെ ഈ നിയമ വിരുദ്ധതകള്‍ എന്തേ കോടതി കാണാതെ പോയി ?എന്തുകൊണ്ട് പരിപൂര്‍ണ്ണമായ ഈ നിയമ വിരുദ്ധത നിര്‍ത്തി വെച്ചില്ല ?ഈ കേസിന്റെ മെറിറ്റ് കാണാതെ കേവലം ഭാരതാംബയെ അറിയില്ലേ എന്ന അപക്വമായ ഭാഗത്തല്ലേ കോടതി നിന്നത് ?
കോടതിയിലെ ചിലര്‍ ആര്‍ക്കൊപ്പമാണ് നീതിദേവതയ്‌ക്കൊപ്പമോ കാവിക്കൊടിയേന്തിയ സ്ത്രീക്കൊപ്പമോയെന്ന് ചോദിച്ചാണ് അദ്ദേഹം തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Content Highlight: R. Rajesh responds against Highcourt’s reaction on Kerala University Registrar’s petition