കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ വോട്ടര്‍പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്യപ്പെട്ടതില്‍ പ്രതികരണവുമായി മാധ്യമപ്രവര്‍ത്തകനും ടെലിഗ്രാഫ് മുന്‍ എഡിറ്ററുമായ ആര്‍. രാജഗോപാല്‍. വോട്ടര്‍പട്ടികയില്‍ നിന്ന് പേര് നീക്കപ്പെട്ടതോടെ അദ്ദേഹത്തിന്റെ പാസ്പോര്‍ട്ട് പുതുക്കാനുള്ള അപേക്ഷയും പൊലീസ് നിരസിച്ചിരുന്നു.
ജീവിതകാലം മുഴുവന്‍ മാധ്യമപ്രവര്‍ത്തനം നടത്തുകയും അറിയപ്പെടുന്ന ഒരു പത്രത്തിന്റെ എഡിറ്ററായിരിക്കുകയും ചെയ്ത തനിക്ക് ഇത്രയും ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നുണ്ടെങ്കില്‍, പാവപ്പെട്ടവരും പാര്‍ശ്വവത്കരിക്കപ്പെട്ടവരുമായ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കുമെന്നാണ് അദ്ദേഹം ചോദിക്കുന്നത്.
താന്‍ ഏറെ കാലമായി നിലവിലുള്ള വിലാസത്തില്‍ തന്നെയാണ് താമസിക്കുന്നതെന്നും, ആദ്യം പാസ്‌പോര്‍ട്ട് എടുത്തപ്പോഴും ശേഷം പുതുക്കിയപ്പോഴും ഇതേ അഡ്രസ് തന്നെയായിരുന്നു. ഇപ്പോള്‍ രണ്ടാമത് പുതുക്കാന്‍ നല്‍കിയപ്പോഴാണ് പ്രശ്‌നങ്ങളുണ്ടായതെന്നും അദ്ദേഹം ഡൂള്‍ന്യൂസിനോട് പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരിയില്‍ ഞാന്‍ നാട്ടിലെത്തി. മാര്‍ച്ചില്‍ എന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തു; കാരണം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. പേര് കണ്ടെത്താന്‍ കഴിയാത്തവരെ ‘അണ്ടര്‍ അഡ്ജുഡിക്കേഷന്‍ ലിസ്റ്റ്’ എന്നൊരു പട്ടികയിലാണ് ഇടുക. ഇതിനായി ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ച 11 രേഖകളില്‍ ഒന്നായ എന്റെ മെട്രിക്കുലേഷന്‍ സര്‍ട്ടിഫിക്കറ്റ് ഞാന്‍ സമര്‍പ്പിച്ചതുമാണ്. പക്ഷേ, ഫൈനല്‍ ലിസ്റ്റ് വന്നപ്പോള്‍ എന്റെ പേര് വീണ്ടും ഒഴിവാക്കപ്പെട്ടു.
യുക്തിപരമായ പൊരുത്തക്കേടുകള്‍ എന്നാണ് അവര്‍ ഇതിനെ വിളിക്കുന്നത്. പേരിന്റെയോ അഡ്രസ്സിന്റെയോ സ്‌പെല്ലിംഗിലെ ചെറിയ വ്യത്യാസങ്ങള്‍ ആയിരിക്കാം ഇതിന് കാരണം. മനുഷ്യരാണെങ്കില്‍ വിവേചനബുദ്ധി ഉപയോഗിച്ച് ഇതൊരു ചെറിയ തെറ്റാണെന്ന് മനസ്സിലാക്കി ക്ലിയര്‍ ചെയ്യുമായിരുന്നു. എന്നാല്‍ ഇതൊരു മെഷീന്‍ റീഡിങ് പ്രക്രിയ ആയതുകൊണ്ട് മാത്രമാണ് ഇത്തരത്തില്‍ തള്ളിക്കളയുന്നത് എന്നാണ് ഞാന്‍ കരുതുന്നത്.’
ഈ വിഷയത്തില്‍ ഞാന്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. എന്നെപ്പോലെ 32 ലക്ഷത്തോളം ആളുകളാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇത് പരിശോധിക്കാന്‍ ആകെ 19 ട്രൈബ്യൂണലുകള്‍ മാത്രമേയുള്ളൂ. ഒരു ദിവസം പരമാവധി 1000 അല്ലെങ്കില്‍ 2000 കേസുകള്‍ നോക്കിയാല്‍ പോലും ഈ അപ്പീലുകളെല്ലാം തീര്‍പ്പാക്കാന്‍ എത്ര വര്‍ഷമെടുക്കുമെന്ന് ആലോചിച്ചു നോക്കൂ!
വോട്ടര്‍ പട്ടികയില്‍ പേര് പുനസ്ഥാപിച്ചില്ലെങ്കില്‍ വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് നല്‍കില്ലെന്നാണ് പൊലീസ് പറയുന്നത്. പാസ്പോര്‍ട്ട് ഓഫീസാകട്ടെ പൊലീസ് റിപ്പോര്‍ട്ട് ഇല്ലാതെ ക്ലിയറന്‍സ് തരില്ലെന്നും പറയുന്നു. വോട്ടര്‍ ഐ.ഡി കാര്‍ഡ് ഇല്ലെങ്കില്‍ പാസ്പോര്‍ട്ട് പുതുക്കാന്‍ കഴിയില്ലെന്ന് ഒരു പൊതുരേഖയിലും നിയമത്തിലും പറയുന്നില്ല. ഇതേക്കുറിച്ച് ചോദിക്കുമ്പോള്‍ മുകളിലുള്ള ഉദ്യോഗസ്ഥരുടെ നിര്‍ദേശമാണെന്ന് പറഞ്ഞ് കൈമലര്‍ത്തുകയാണ് താഴെയുള്ളവര്‍ ചെയ്യുന്നത്. ഉദ്യോഗസ്ഥരുടെ ഈ നിസ്സംഗത സാധാരണക്കാരെയാണ് ബുദ്ധിമുട്ടിക്കുന്നത്.
വോട്ടര്‍ പട്ടിക ക്ലീന്‍ ചെയ്യാനുള്ള ഒരു പ്രക്രിയ മാത്രമാണ് ഇതെന്ന് ഇലക്ഷന്‍ കമ്മീഷന്‍ ആവര്‍ത്തിച്ചു പറഞ്ഞിട്ടുള്ളതാണ്. സുപ്രീം കോടതിയും വ്യക്തമാക്കിയത് പൗരത്വം തീരുമാനിക്കേണ്ടത് ഹോം മിനിസ്ട്രിയാണ്, അല്ലാതെ ഇലക്ഷന്‍ കമ്മീഷനല്ല എന്നാണ്. എന്നിട്ടും വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് വെട്ടിയതിന്റെ പേരില്‍ ബംഗാളില്‍ ക്ഷേമപ്രവര്‍ത്തനങ്ങളില്‍ നിന്ന് ആളുകളെ ഒഴിവാക്കുന്നു, കുട്ടികളുടെ ബര്‍ത്ത് സര്‍ട്ടിഫിക്കറ്റ് തടയുന്നു, റേഷന്‍ കാര്‍ഡും ബാങ്ക് അക്കൗണ്ടും റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു. ഇതിനൊന്നും ഒരു നിയമപരമായ ബേസിസുമില്ല.
പാസ്പോര്‍ട്ട് പുതുക്കുന്നതിനായി ഫീസ് വാങ്ങി എല്ലാ നടപടികളും പൂര്‍ത്തിയാക്കിയ ശേഷം, വോട്ടര്‍ ഐ.ഡി ഇല്ലെങ്കില്‍ തരില്ല എന്ന് പറയുന്നത് എന്ത് ന്യായമാണ്? വോട്ടര്‍ ഐ.ഡി ഇല്ലെങ്കില്‍ പാസ്പോര്‍ട്ട് നല്‍കില്ല എന്നൊരു പോളിസി ഉണ്ടെങ്കില്‍ അത് മുന്‍കൂട്ടി വ്യക്തമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. അല്ലാതെ പണം വാങ്ങിയ ശേഷം സേവനം നിഷേധിക്കുന്നത് ഒട്ടും ന്യായമല്ല,’ അദ്ദേഹം ഡൂള്‍ന്യൂസിനോട് പറഞ്ഞു.
തനിക്ക് നേരിട്ട ദുരവസ്ഥയെ കുറിച്ച് ദി വയറില്‍ എഴുതിയ ലേഖനത്തിലും അദ്ദേഹം വ്യക്തമാക്കി. കൊല്‍ക്കത്തയിലെ ബല്ലിഗഞ്ച് മണ്ഡലത്തിലെ വോട്ടര്‍പട്ടികയില്‍ നിന്നാണ് ആര്‍. രാജഗോപാലിന്റെ പേര് നീക്കം ചെയ്തത്. 2002-ലെ വോട്ടര്‍പട്ടികയില്‍ അദ്ദേഹത്തിന്റെയോ പരേതനായ പിതാവിന്റെയോ പേര് കണ്ടെത്താന്‍ ‘സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍’ (എസ്.ഐ.ആര്‍) പ്രക്രിയയ്ക്ക് സാധിച്ചില്ലെന്നാണ് ഇതിന് കാരണമായി അധികൃതര്‍ പറയുന്നത്.
പശ്ചിമ ബംഗാളിലെ മറ്റ് 27 ലക്ഷത്തോളം ആളുകളെപ്പോലെ, യുക്തിപരമായ ചില പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാണിച്ചാണ് ഇദ്ദേഹത്തെയും ഒഴിവാക്കിയത്. മെട്രിക്കുലേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകള്‍ സമര്‍പ്പിച്ചിട്ടും കൃത്യമായ മറുപടി ലഭിച്ചില്ല. നിലവില്‍ സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം രൂപീകരിച്ച ട്രൈബ്യൂണലിന്റെ പരിഗണനയിലാണ് ഇദ്ദേഹത്തിന്റെ അപ്പീല്‍. ഈ അനിശ്ചിതാവസ്ഥ കാരണം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് വോട്ടവകാശം വിനിയോഗിക്കാന്‍ കഴിഞ്ഞതുമില്ല.
വോട്ടര്‍പട്ടികയിലെ പേര് നീക്കല്‍ രാജഗോപാലിന്റെ പാസ്പോര്‍ട്ട് പുതുക്കലിനെയും ബാധിച്ചു. 2026 മാര്‍ച്ച് 19-ന് ബയോമെട്രിക് നടപടികള്‍ പൂര്‍ത്തിയാക്കിയെങ്കിലും, വോട്ടര്‍പട്ടികയില്‍ പേരില്ലാത്തതിനാല്‍ കൊല്‍ക്കത്ത പോലീസ് പ്രതികൂല വെരിഫിക്കേഷന്‍ റിപ്പോര്‍ട്ടാണ് നല്‍കിയത്.
നിരവധി ബദല്‍ രേഖകള്‍ സമര്‍പ്പിച്ചിട്ടും അധികൃതര്‍ അത് സ്വീകരിച്ചില്ല. പാസ്പോര്‍ട്ട് പുതുക്കുന്നതിനായി ബയോമെട്രിക്‌സ് എടുത്തിട്ട് 100 ദിവസം തികയുമ്പോഴും ‘ഉടന്‍ തന്നെ’ റീജ്യണല്‍ പാസ്പോര്‍ട്ട് ഓഫീസില്‍ നേരിട്ട് ഹാജരാകാന്‍ മാത്രമാണ് നിര്‍ദ്ദേശം ലഭിച്ചത്. എന്നാല്‍ അവിടെ അപ്പോയിന്റ്‌മെന്റിനായി ശ്രമിച്ചപ്പോള്‍ ലഭിച്ച തീയതി 2026 ജൂലൈ 17 ആണ്.
കാലിഫോര്‍ണിയയില്‍ മാധ്യമപ്രവര്‍ത്തകയായ അദ്ദേഹത്തിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ സാധിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഏപ്രില്‍ 17ന് സാന്‍ ഫ്രാന്‍സിസ്‌കോയില്‍ വെച്ചായിരുന്നു. പത്ത് വര്‍ഷത്തെ സാധുതയുള്ള യു.എസ് വിസ കൈവശമുണ്ടായിരുന്നിട്ടും, ആക്ടീവ് പാസ്പോര്‍ട്ട് ഇല്ലാത്തതിനാലാണ് വിവാഹത്തില്‍ പങ്കെടുക്കാന്‍ സാധിക്കാതെ പോയത്.
ഗാന്ധിയനും വിരമിച്ച പ്രൊഫസറും കേരളത്തിലെ ഗാന്ധി സ്മാരക നിധിയുടെ മുന്‍ സംസ്ഥാന സെക്രട്ടറിയുമായിരുന്ന ആര്‍. രാജഗോപാലിന്റെ പിതാവ് 2016ലാണ് അന്തരിച്ചത്. ജനാധിപത്യ ബോധമുള്ള തന്റെ പിതാവിന്റെയും കുടുംബത്തിന്റെയും പൗരത്വം തെളിയിക്കാന്‍ ഇപ്പോള്‍ പഴയകാല രേഖകള്‍ പുനഃസൃഷ്ടിക്കേണ്ട അവസ്ഥയിലാണ് അദ്ദേഹം.
‘1965-ല്‍ അമ്മ പഠിപ്പിച്ച കോളേജിലേക്കും, 1959-ല്‍ അമ്മ പഠിച്ചിറങ്ങിയ സ്‌കൂളിലേക്കും അവര്‍ ജീവിച്ചിരുന്നു എന്ന് തെളിയിക്കുന്ന രേഖകള്‍ക്കായി കത്തെഴുതി. സ്‌കൂള്‍ അധികൃതര്‍ സഹായിച്ചെങ്കിലും കോളേജില്‍ നിന്ന് പിന്തുണ ലഭിച്ചില്ല.
കേരളത്തിലെ വ്യാജമദ്യശാലകള്‍ക്കും വര്‍ഗീയതയ്ക്കുമെതിരെ എന്റെ പിതാവ് നടത്തിയ പോരാട്ടങ്ങളുടെ പത്രവാര്‍ത്തകളോ ചിത്രങ്ങളോ കണ്ടെത്താന്‍ അവിടുത്തെ മദ്യവിരുദ്ധ പ്രവര്‍ത്തകരെയും ഞാന്‍ ബന്ധപ്പെടുന്നുണ്ട്.’ – രാജഗോപാല്‍ പറയുന്നു.
ജീവിതകാലം മുഴുവന്‍ മാധ്യമപ്രവര്‍ത്തനം നടത്തുകയും അറിയപ്പെടുന്ന ഒരു പത്രത്തിന്റെ എഡിറ്ററായിരിക്കുകയും ചെയ്ത തനിക്ക് ഇത്രയും ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നുണ്ടെങ്കില്‍, പാവപ്പെട്ടവരും പാര്‍ശ്വവത്കരിക്കപ്പെട്ടവരുമായ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കുമെന്ന് അദ്ദേഹം ചോദിക്കുന്നു.
‘നിരാകരിക്കപ്പെടല്‍’ എന്നത് ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ അഭിമുഖീകരിക്കുന്ന ദൈനംദിന യാഥാര്‍ത്ഥ്യമാണെന്നും താന്‍ സ്വയമൊരു ഇരയായി ചിത്രീകരിക്കപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: R. Rajagopal reacts to the removal of his name from the voter list in West Bengal.