മാധവന്‍-സിമ്രാന്‍ ജോഡികള്‍ വീണ്ടും ഒന്നിക്കുന്നു. 15 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഹിറ്റ് ജോടികള്‍ വീണ്ടുമെത്തുന്നത്. ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിതം പറയുന്ന റോക്കറ്ററി ദ നമ്പി എഫക്ടിലാണ് ഇരുവരും ഒന്നിക്കുന്നത്.

ചിത്രത്തില്‍ നമ്പി നാരായണന്റെ ഭാര്യയുടെ വേഷത്തിലാണ് സിമ്രാന്‍ എത്തുക. മാധവന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്.

മാധവനും സിമ്രാനും തിരുച്ചെല്‍വന്‍-ഇന്ദിര ദമ്പതികളായെത്തിയ മണിരത്‌നത്തിന്റെ കന്നത്തില്‍ മുത്തമിട്ടാല്‍ എന്ന സിനിമ ഹിറ്റായിരുന്നു. അതിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് റോക്കറ്ററി ദ നമ്പി എഫക്ട്.

റോക്കറ്ററിയില്‍ നമ്പി നാരായണനായി വേറിട്ട ഗെറ്റപ്പുകളിലാണ് മാധവന്‍ എത്തുന്നത്. മാധവന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണിത്.

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ ജയിലിടയ്ക്കപ്പെട്ട നമ്പി നാരായണന്റെ ജീവിതകഥ കടുത്ത അനീതിക്കിരയായ ഒരു മനുഷ്യന്റെ കഥയായാണ് തനിക്ക് അനുഭവപ്പെട്ടതെന്ന് മാധവന്‍ പറഞ്ഞിരുന്നു.

‘എനിക്കുറപ്പാണ് രാജ്യത്തെ 95 ശതമാനം ആളുകള്‍ക്കും നമ്പി നാരായണന്‍ ആരെന്ന് അറിയില്ല. അത് തീര്‍ച്ചയായും ഒരു ക്രൈമാണെന്ന് ഞാന്‍ കരുതുന്നു. ഇനി അറിയാവുന്ന ബാക്കി അഞ്ച് ശതമാനം ആളുകള്‍ക്ക് അദ്ദേഹത്തിന്റെ മുഴുവന്‍ കഥയും എന്തെന്ന് അറിയില്ല’- മാധവന്‍ പറഞ്ഞിരുന്നു.