കറുപ്പിൽ ചുരുട്ടും മദ്യവും ഒഴിവാക്കാനാകില്ല, അവിടെ പൊളിറ്റിക്കൽ കറക്റ്റ്നസ് നോക്കാൻ കഴിയില്ല: ആർ.ജെ ബാലാജി
Indian Cinema
കറുപ്പിൽ ചുരുട്ടും മദ്യവും ഒഴിവാക്കാനാകില്ല, അവിടെ പൊളിറ്റിക്കൽ കറക്റ്റ്നസ് നോക്കാൻ കഴിയില്ല: ആർ.ജെ ബാലാജി
കെ.എസ് ഷാബിന
Saturday, 16th May 2026, 7:32 pm

ആർ.ജെ. ബാലാജിയുടെ സംവിധാനത്തിൽ തെന്നിന്ത്യൻ സൂപ്പർസ്റ്റാർ സൂര്യ നായകനായി എത്തിയ പുതിയ തമിഴ് ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിൽ വൻ വിജയമായി മുന്നേറുന്നു. നിർമാതാവിന്റെ സാമ്പത്തിക പ്രതിസന്ധികൾ കാരണം സിനിമയുടെ റിലീസ് ആദ്യം മുടങ്ങിയിരുന്നെങ്കിലും, എല്ലാ പ്രതിസന്ധികളും മറികടന്ന് കഴിഞ്ഞ ദിവസമാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ഏറെ നാളുകൾക്ക് ശേഷമുള്ള ‘നടിപ്പിൻ നായകൻറെ’ ഈ ഗംഭീര തിരിച്ചുവരവ് ആരാധകർ വലിയ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്.

 

പൂർണമായും ഒരു മാസ് ആക്ഷൻ എന്റർടൈനറാണ് ‘കറുപ്പ്’ എന്നാണ് തിയേറ്ററുകളിൽ നിന്നുള്ള ആദ്യ പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്. തമിഴ്‌നാട്ടുകാരുടെ ആരാധനാമൂർത്തിയായ ‘കറുപ്പ് സ്വാമി’യുടെ പശ്ചാത്തലത്തിലാണ് സിനിമയൊരുക്കിയിരിക്കുന്നത്. ആപത്തുകളിൽ നിന്ന് ഗ്രാമങ്ങളെ കാക്കുന്ന, അനീതിക്കെതിരെ പോരാടി നീതി നടപ്പാക്കുന്ന ഒരു ദൈവ സങ്കൽപ്പമാണിത്. ചിത്രത്തിൽ സൂര്യ തന്നെയാണ് കറുപ്പ് സ്വാമിയായി വേഷമിടുന്നത്.

കറുപ്പ്.Photo:Cinema Express

കറുപ്പ് സ്വാമിക്ക് ചുരുട്ടും മദ്യവുമാണ് ഭക്തർ നേർച്ചയായി സമർപ്പിക്കാറുള്ളത്. അതുകൊണ്ടുതന്നെ, കഥാപാത്രത്തിന് ആധികാരികത നൽകാൻ അവ ചിത്രത്തിൽ നിന്നും ഒഴിവാക്കൻ സാധിക്കില്ലെന്നും, ഇത് ആളുകളെ ഇത്തരം ശീലങ്ങളിലേക്ക് പ്രേരിപ്പിക്കാൻ വേണ്ടിയല്ലെന്നും സംവിധായകൻ ആർ.ജെ. ബാലാജി പറയുന്നു.
സുധീർ ശ്രീനിവാസൻ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് സംവിധായകൻ ഈ കാര്യം വ്യക്തമാക്കിയത്.

‘മധുരയിലെ ഓഡിയോ ലോഞ്ചിന് മുൻപ് ഞാൻ പത്തു തവണ കറുപ്പ് സ്വാമിയെ തൊഴുതിരുന്നു. അവിടെയുള്ള പ്രാർത്ഥനാ സ്ഥലം ചുരുട്ടിന്റെ പുക കൊണ്ട് നിറഞ്ഞതാണ്, അത് അവിടുത്തെ സാധാരണ കാഴ്ചയാണ്. കറുപ്പ് സ്വാമിയെക്കുറിച്ച് സിനിമ ചെയ്യുമ്പോൾ മദ്യവും ചുരുട്ടും അരിവാളും ഒഴിവാക്കി പൊളിറ്റിക്കൽ കറക്റ്റ്നസ് കാണിക്കാൻ എനിക്ക് കഴിയില്ല. കാരണം യാഥാർത്ഥ്യം അതല്ല’

കറുപ്പ്.Photo:Book My Show

 

 

സൂര്യ സാറിനെപ്പോലൊരു വലിയ നടൻ സ്ക്രീനിൽ ചുരുട്ട് പിടിക്കുമ്പോൾ ആളുകൾക്കത് ‘കൂൾ’ ആയി തോന്നാം. അത് കണ്ട് ആരെങ്കിലും പുകവലിക്കാൻ പ്രേരിതരാകുന്നുണ്ടെങ്കിൽ താൻ ക്ഷമ ചോദിക്കുന്നുവെന്നും, ഒരു സംവിധായകൻ എന്ന നിലയിലുള്ള ഉത്തരവാദിത്തം മുൻനിർത്തി ചിത്രത്തിൽ കൃത്യമായ ഡിസ്ക്ലെയിമർ നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്’ ബാലാജി പറഞ്ഞു.

സിനിമയുടെ റിലീസ് തടസപ്പെട്ടപ്പോൾ സംവിധായകൻ ആർ.ജെ. ബാലാജി സമൂഹമാധ്യമങ്ങളിലൂടെ വികാരാധീനനായി ആരാധകരോട് ക്ഷമ ചോദിച്ചിരുന്നു. എന്നാൽ ഇന്നലെ ചിത്രം തിയേറ്ററുകളിൽ എത്തി വൻ ജനപിന്തുണ നേടിയതോടെ, തിയേറ്ററുകളിൽ നിന്നുള്ള പ്രേക്ഷകരുടെ നിറഞ്ഞ കയ്യടികൾ കണ്ട് അദ്ദേഹം നടത്തിയ ആഹ്ലാദപ്രകടനങ്ങളുടെ വീഡിയോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻതോതിൽ വൈറലാവുകയാണ്.

Content Highlight: R.J Blaji says karuppu don’t promote drugs

കെ.എസ് ഷാബിന
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.