കീം വിവാദം; തന്റെതല്ലാത്ത കാരണത്താല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് കുറയരുതെന്ന് കരുതി: ആര്‍. ബിന്ദു
KEAM
കീം വിവാദം; തന്റെതല്ലാത്ത കാരണത്താല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് കുറയരുതെന്ന് കരുതി: ആര്‍. ബിന്ദു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 11th July 2025, 11:09 am

തിരുവനന്തപുരം: കീം പരീക്ഷ റാങ്ക് പട്ടിക വിവാദത്തില്‍ പ്രതികരണവുമായി ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍. ബിന്ദു. ഒരുപാട് കുട്ടികളെ ബാധിക്കുന്ന പ്രശ്‌നമായതിനാല്‍ കുട്ടികള്‍ക്ക് നീതി ഉറപ്പാക്കുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ ഈ വര്‍ഷം ഇപ്രകാരം ചെയ്തതെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

കീം പരീക്ഷയില്‍ ഫുള്‍ മാര്‍ക്ക് നേടിയാലും 35 മാര്‍ക്കിന്റെ കുറവാണ് സ്‌റ്റേറ്റ് സിലബസില്‍ പഠിച്ച കുട്ടികള്‍ക്കുണ്ടാവുന്നത്. അതിനെ മറികടക്കുന്നതിനായി പല ഫോര്‍മുലകളും ആലോചിച്ച് വിദഗ്ദ സമിതിയുടെ നിര്‍ദേശപ്രകാരണാണ് ശാസ്ത്രീയമായ സ്റ്റാന്റഡൈസേഷൻ രീതി സര്‍ക്കാര്‍ അവലംബിച്ചത്‌.

എന്നാല്‍ ഗവണ്‍മെന്റിന് ഇതില്‍ ഏത് സമയത്തും മാറ്റം വരുത്താന്‍ സാധിക്കുമെന്ന കാര്യം പ്രൊസ്‌പെക്ടസില്‍ ഒരു പ്രൊവിഷനായി കൊടുത്തിരുന്നെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

നിലവിലുള്ള വിവാദങ്ങള്‍ കീം പരീക്ഷയെ ഒരു തരത്തിലും ബാധിക്കില്ലെന്നും സ്റ്റാന്റഡൈസേഷന്റെ പ്രശ്‌നം കൊണ്ട് ഒരു കുട്ടിക്കും തന്റതല്ലാത്ത കാരണത്താല്‍ മാര്‍ക്ക് കുറയരുത് എന്ന് കരുതി സദുദ്ദേശപരമായി ചെയ്ത കാര്യമാണ് പുതിയ പരിഷ്‌കരണമെന്നും മന്ത്രി പറഞ്ഞു.

എന്നാല്‍ അതിനെതിരെ ചില കുട്ടികള്‍ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടി. സിംഗിള്‍ ബെഞ്ചിന്റെ വിധി ഡിവിഷന്‍ ബെഞ്ച് ആ വിധിയുടെ മേല്‍ അഭിപ്രായം പറയുന്നില്ല എന്ന തീരുമാനമാണ് എടുത്തതെന്നും ആര്‍. ബിന്ദു കൂട്ടിച്ചേര്‍ത്തു.

തുടര്‍ന്ന് സമയം വൈകിക്കാതെ 2011 മുതല്‍ ഫോളോ ചെയ്യുന്ന സ്റ്റാന്‍ഡൈസേഷന്‍ പ്രകാരം എത്രയും പെട്ടെന്ന് റാങ്ക് പട്ടിക പുറത്ത് വിടുകയായിരുന്നു. ഇനിയും പ്രവേശന പ്രക്രിയകള്‍ വൈകാന്‍ പാടില്ല എന്ന് കരുതിയാണ് വേഗത്തില്‍ തന്നെ പട്ടിക പുറത്ത് വിട്ടത്.

എന്നാല്‍ ഈ പ്രശ്‌നങ്ങള്‍ കാരണം ഒന്നാം റാങ്ക് വരെ ലഭിച്ചിരുന്ന സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ പുറകിലേക്ക് പോയില്ലേ എന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് 2011ല്‍ തീരുമാനിച്ച് 2012ല്‍ നിലവില്‍ വന്ന ഫോര്‍മുല പ്രകാരം ചെയ്യുമ്പോഴാണ് സ്‌റ്റേറ്റ് സിലബസില്‍ വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് കുറയുന്നതെന്നും ഇത്‌ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നടപ്പിലാക്കിയതല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Content Highlight: R. Bindu reacts to the controversies related to KEAM