ഐ.എസ്.ആര്‍.ഒ ചാരക്കേസ്: കരുണാകരനെ കോണ്‍ഗ്രസില്‍ നിന്നും ഇറക്കിവിടാന്‍ ഒരുകൂട്ടം ശ്രമിച്ചിരുന്നു; ആര്‍ ബാലകൃഷ്ണപിള്ള
Kerala News
ഐ.എസ്.ആര്‍.ഒ ചാരക്കേസ്: കരുണാകരനെ കോണ്‍ഗ്രസില്‍ നിന്നും ഇറക്കിവിടാന്‍ ഒരുകൂട്ടം ശ്രമിച്ചിരുന്നു; ആര്‍ ബാലകൃഷ്ണപിള്ള
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 16th September 2018, 11:07 pm

തിരുവനന്തപുരം: കരുണാകരനെ കോണ്‍ഗ്രസില്‍ നിന്നും ഇറക്കിവിടാന്‍ ഒരുകൂട്ടം ശ്രമിച്ചിരുന്നതായി ആര്‍ ബാലകൃഷ്ണപിള്ള. കോണ്‍ഗ്രസ് എ ഗ്രൂപ്പ് രഹസ്യയോഗം നടത്തിയെന്നോ ഗൂഡാലോചന നടത്തിയെന്നോ തനിക്ക് അഭിപ്രായമില്ല. എന്നാല്‍ കരുണാകരനെ കോണ്‍ഗ്രസില്‍ നിന്നും ഇറക്കിവിടാന്‍ ശ്രമമുണ്ടായിരുന്നു- ബാലകൃഷ്ണപിള്ള പറഞ്ഞു.

അതേസമയം, കരുണാകരനോട് മുന്‍ പ്രധാനമന്ത്രി നരസിംഹറാവുവിന് ദേഷ്യമുണ്ടായിരുന്നെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. ചാരക്കേസല്ല, ഹൈക്കമാന്റിലെ കരുണാകരന്റെ സ്വാധീനമാണ് നരസിംഹറാവുവിനെ അലോസരപ്പെടുത്തിയതെന്നും ആര്‍ ബാലകൃഷ്ണപ്പിള്ള പറഞ്ഞു.


അതേസമയം, ചാരക്കേസില്‍ നീതി കിട്ടാതെ പോയത് കരുണാകരന് മാത്രമാണെന്ന് കെ മുരളീധരന്‍ പറഞ്ഞിരുന്നു. ചാരക്കേസിനെത്തുടര്‍ന്ന് പലയിടത്തും കരുണാകരന്‍ അപമാനിതനായിട്ടുണ്ട്. നാടിനും പാര്‍ട്ടിയ്ക്കും വേണ്ടി പ്രവര്‍ത്തിച്ച അദ്ദേഹത്തെ രാജ്യത്തെ ഒറ്റികൊടുത്തു എന്ന കുറ്റം ചാര്‍ത്തി ഇറക്കിവിട്ടതെന്നും മുരളീധരന്‍ പറഞ്ഞിരുന്നു.

ഐ.എസ്.ആര്‍.ഒ ചാരേക്കസ് ഒരു രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും ഇതിന് പിന്നില്‍ അഞ്ച് സജീവ രാഷ്ട്രീയ നേതാക്കളാണെന്നും പത്മജ വേണുഗോപാല്‍ പ്രതികരിച്ചിരുന്നു. അച്ഛന്റെ നിരപരാധിത്വം തെളിയിക്കാന്‍ ഗൂഢാലോചനയ്ക്ക് പിന്നിലുള്ളവരെപ്പറ്റിയുള്ള വിവരങ്ങള്‍ ജൂഡിഷ്യല്‍ കമ്മീഷന് മുന്നില്‍ പറയാന്‍ താന്‍ തയ്യാറാണെന്നും പത്മജ പറഞ്ഞിരുന്നു.