ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഏറ്റവും മികച്ച സ്പിന്‍ ഇതിഹാസമാണ് രവിചന്ദ്രന്‍ അശ്വിന്‍. ബാറ്റര്‍മാരെ തന്റെ ബൗളിങ് തന്ത്രങ്ങളിലൂടെ കുഴപ്പിക്കുന്നതില്‍ അശ്വിന്‍ പേരുകേട്ടതാണ്. ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബൗളര്‍മാരുടെ പട്ടികയില്‍ അനില്‍ കുംബ്ലെയ്ക്ക് ശേഷം രണ്ടാം സ്ഥാനത്താണ് അശ്വിന്‍.
ഇപ്പോള്‍ സഞ്ജു സാംസണുമായി തന്റെ യുട്യൂബ് ചാനലില്‍ നടത്തിയ അഭിമുഖത്തില്‍ ബേസില്‍ ജോസഫിനെ കുറിച്ച് സംസാരിക്കുകയാണ് രവിചന്ദ്രന്‍ അശ്വിന്‍. മലയാളത്തിലെ തന്റെ പ്രിയപ്പെട്ട നടന്മാരാണ് ബേസില്‍ ജോസഫും ടൊവിനോയും എന്ന് സഞ്ജു പറഞ്ഞപ്പോള്‍ ഇരുവരെയും തനിക്ക് ഇഷ്ടമാണെന്ന് അശ്വിനും പറഞ്ഞു. ബേസില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സൂക്ഷ്മദര്‍ശിനി എന്ന ചിത്രം തനിക്ക് വളരെ പ്രിയപ്പെട്ടതാണെന്ന് അദ്ദേഹം പറയുന്നു.
‘ഞാന്‍ ഈ അടുത്ത് സൂക്ഷ്മദര്‍ശിനി കണ്ടിരുന്നു. എന്തൊരു സിനിമയാണ് അത്! ബേസിലിന്റെ ചിത്രത്തിലെ പ്രകടനം കണ്ട് ഞാന്‍ അന്തം വിട്ടുപോയി. എന്തൊരു അഭിനയമാണ് അവന്‍! അങ്ങനെ ഒരു സിനിമ ചെയ്യാന്‍ ചെറിയ ധൈര്യമൊന്നും പോരാ,’ ആര്‍. അശ്വിന്‍ പറഞ്ഞു.
ബേസിലിനെ ഇനി കാണുമ്പോള്‍ അദ്ദേഹത്തോട് ഈ കാര്യങ്ങള്‍ പറയണമെന്ന് അശ്വിന്‍ സഞ്ജു സാംസണിനോട് പറഞ്ഞു.
ബേസില്‍ ജോസഫ്, നസ്രിയ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി എം.സി. ജിതിന്‍ സംവിധാനം ചെയ്ത ചിത്രമാണ് സൂക്ഷ്മദര്‍ശിനി. നോണ്‍സെന്‍സിന് ശേഷം ജിതിന്‍ സംവിധാനം ചെയ്ത ചിത്രം പ്രിയദര്‍ശിനി എന്ന വീട്ടമ്മയുടെയും അയല്‍വാസിയായ മാനുവലിന്റെയും കഥയാണ് പറയുന്നത്. മാനുവലായെത്തിയത് ബേസില്‍ ജോസഫ് ആയിരുന്നു. അതുലും ലിഥിനും ചേര്‍ന്നാണ് സൂക്ഷ്മദര്‍ശിനിയുടെ തിരക്കഥയൊരുക്കിയത്.