ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വിജയം സ്വന്തമാക്കിയിരുന്നു. എന്നാല്‍ വിജയത്തിന് പുറമെ മത്സരത്തില്‍ സഞ്ജു സാംസണും ഹെന്റിക് ക്ലാസനും തമ്മില്‍ കൊമ്പുകോര്‍ത്തതാണ് ഏവരുടെയും ചര്‍ച്ചാ വിഷയം. ഇതിനെക്കുറിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍ മുന്‍ ഇന്ത്യന്‍ താരം ആര്‍. അശ്വിന്‍.
‘ഇത് ഒഴിവാക്കാമായിരുന്ന ഒരു സന്ദര്‍ഭമായിരുന്നു. സഞ്ജു ഒരിക്കലും ഇങ്ങനെ ആഘോഷിക്കാറില്ല. പക്ഷെ അവന്‍ ഇവിടെ ആഘോഷിച്ചു, ക്ലാസനും അധികം സംസാരിക്കാറില്ല. ഞാന്‍ അവനെ കണ്ടിട്ടുണ്ട്. രണ്ടാളുടെയും സ്വഭാവത്തിന് വിരുദ്ധമായിരുന്നു ഈ സംഭവം. ഒരുപക്ഷേ സഞ്ജു എന്തെങ്കിലും അധികമായി സംസാരിച്ചിരിക്കാം.
ക്ലാസന്‍ വളരെ ശാന്തനായ വ്യക്തിയാണ്. സഞ്ജുവിനെക്കാള്‍ ശാന്തനാണ് അദ്ദേഹം. ഒരുപക്ഷേ ഇതെല്ലാം സാഹചര്യം ചൂടുപിടിച്ചതിനാല്‍ ഉണ്ടായതാകാം. ഇതെല്ലാം കളിക്കളത്തിലാണെന്നും നമ്മള്‍ അതിനെക്കുറിച്ച് മറക്കണമെന്നും ഞാന്‍ കരുതുന്നു. ഗ്രൗണ്ടില്‍ ഇങ്ങനുള്ള കാര്യങ്ങള്‍ സംഭവിച്ചുകൊണ്ടേയിരിക്കും,’ അശ്വിന്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
15ാം ഓവറിലെ രണ്ടാം പന്തില്‍ നൂര്‍ അഹമ്മദ് എറിഞ്ഞ തകര്‍പ്പന്‍ ഗൂഗ്ലിയില്‍ ക്ലാസനെ കിടിലന്‍ സ്റ്റംപ്ഡ് വിക്കറ്റിലൂടെ സഞ്ജു മടക്കി അയച്ചതാണ് പ്രശ്ങ്ങള്‍ക്ക് വഴിവെച്ചത്. കണ്ണടച്ചു തുറക്കും വേഗത്തിലാണ് സഞ്ജു സാംസണ്‍ ക്ലാസന്റെ ബെയില്‍സ് തെറിപ്പിച്ചത്. സ്റ്റംപ് ചെയ്തശേഷം ആവേശത്തോടെ തുള്ളിച്ചാടിയ സഞ്ജു റീ പ്ലേ കാണും മുമ്പെ അത് ഔട്ടാണെന്ന് ഉറപ്പിച്ചിരുന്നു.
ടി.വി റീപ്ലേയില്‍ ക്ലാസന്‍ ഔട്ടാണെന്ന് വിധിച്ചതോടെ നൂര്‍ അഹമ്മദ് അടക്കമുള്ള ചെന്നൈ താരങ്ങള്‍ സഞ്ജുവിനെ അഭിനന്ദിക്കുന്നതിനിടെയാണ് വിക്കറ്റ് നഷ്ടമായതിന്റെ കടുത്ത നിരാശയില്‍ ക്ലാസന്‍ സഞ്ജുവിന് നേരെ തിരിഞ്ഞത്.