അവനെ ഓപ്പണറാക്കണം; ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററെക്കുറിച്ച് ആര്‍. അശ്വിന്‍
Cricket
അവനെ ഓപ്പണറാക്കണം; ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററെക്കുറിച്ച് ആര്‍. അശ്വിന്‍
ശ്രീരാഗ് പാറക്കല്‍
Wednesday, 24th June 2026, 3:17 pm

2027 ഐ.പി.എല്ലിന് മുന്നോടിയായി ലഖ്‌നൗ സൂപ്പര്‍ ജയന്റ് ക്യാപ്റ്റന്‍ റിഷബ് പന്തിനെ ദല്‍ഹി ക്യാപ്പിറ്റല്‍സിലേക്കും കുല്‍ദീപ് യാദവിനെ ലഖ്‌നൗവിലേക്കും പരസ്പരം ട്രേഡ് ചെയ്തിരുന്നു. ഇപ്പോള്‍ ഇതിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആര്‍. അശ്വിന്‍.

പന്തിനെ സ്വന്തമാക്കുന്ന ഏത് ടീമായാലും അദ്ദേഹത്തെ ഓപ്പണറോ ലോവര്‍ ഓര്‍ഡര്‍ ബാറ്ററോ ആക്കണമെന്ന് അശ്വിന്‍ പറഞ്ഞു. മാത്രമല്ല പന്തിന്റെ ബാറ്റിങ് കഴിവ് ബുദ്ധിപൂര്‍വം ഉപയോഗിക്കണമെന്നും അശ്വന്‍ ചൂണ്ടിക്കാട്ടി. ദല്‍ഹിയുടെ മാനേജ്‌മെന്റിലുള്ള സൗരവ് ഗാംഗുലിക്കും യുവരാജ് സിങ്ങിനും പന്തിനെ കൃത്യമായി ഉപയോഗിക്കുമെന്ന് കരുതുന്നുവെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

‘എനിക്ക് ഒരു ആശങ്കയുണ്ട്. റിഷബിനെ അവര്‍ എവിടെയാണ് ബാറ്റ് ചെയ്യിപ്പിക്കാന്‍ പോകുന്നത്? ഞാന്‍ വീണ്ടും പറയുകയാണ്, റിഷബിനെ സ്വന്തമാക്കുന്നത് ഏത് ടീമായാലും അവനെ ഓപ്പണറാക്കണം. അല്ലെങ്കില്‍, എല്‍.എസ്.ജി ചെയ്തതുപോലെ ഇന്നിങ്സിന്റെ അവസാന ഘട്ടത്തില്‍ ഇറക്കണം. ഒരിക്കലും മധ്യ ഓവറുകളില്‍ റിഷബിനെ ബാറ്റ് ചെയ്യിക്കരുത്.റിഷബ് പന്ത്

ലോകകപ്പിനിടെ പോലും ഇന്ത്യ അവനെ പവര്‍പ്ലേ ഓവറുകളിലാണ് ഉപയോഗിച്ചത്. റിഷബ് പന്ത് പവര്‍പ്ലേയിലോ ഡെത്ത് ഓവറുകളിലോ ബാറ്റ് ചെയ്യണം. കാരണം, തന്റെ പല ഷോട്ടുകളും അദ്ദേഹം മുന്‍കൂട്ടി തീരുമാനിച്ചാണ് കളിക്കുന്നത്.

ഏകദിന ക്രിക്കറ്റില്‍ ഞാന്‍ അദ്ദേഹത്തെ പിന്തുണച്ചതിന്റെ കാരണം ലളിതമാണ്. അദ്ദേഹം നിരന്തരം ടീമില്‍ വരികയും പോകുകയും ചെയ്തിരുന്നു. പിന്നീട് പെട്ടെന്ന് തന്നെ അദ്ദേഹം ടീമിലുണ്ടായിരുന്നില്ല. ഞാന്‍ ചോദിച്ചത് ഒരു കാര്യം മാത്രമാണ് അദ്ദേഹത്തിന് ലഭിച്ചിരുന്ന അവസരം എവിടെ പോയി?

കുല്‍ദീപ് യാദവ്

റിഷബിനെ എങ്ങനെ ഉപയോഗിക്കണമെന്ന് ദല്‍ഹി ക്യാപിറ്റല്‍സ് വളരെ ബുദ്ധിപൂര്‍വം തീരുമാനിക്കണം. ബാറ്ററായ റിഷബിന്റെ കഴിവുകള്‍ ശരിയായ രീതിയില്‍ പ്രയോജനപ്പെടുത്താന്‍ കഴിയില്ലെങ്കില്‍, അദ്ദേഹത്തില്‍ നിന്ന് മികച്ച പ്രകടനം ലഭിക്കുക ബുദ്ധിമുട്ടായിരിക്കും. അവര്‍ അദ്ദേഹത്തെ ശരിയായ രീതിയില്‍ ഉപയോഗിക്കേണ്ടതുണ്ട്. സൗരവ് ഗാംഗുലിക്കും യുവരാജ് സിങ്ങിനും അതിന് സാധിക്കുമെന്ന് കരുതുന്നു,’ തന്റെ യൂട്യൂബ് ചാനലില്‍ അശ്വിന്‍ പറഞ്ഞു.

എല്‍.എസ്.ജിയില്‍ നിന്ന് റിഷബ് പന്തിനേയും ദല്‍ഹിയില്‍ നിന്ന് കുല്‍ദീപ് യാദവിനെയും പരസ്പരം കൈമാറി ഇരു ടീമുകളും ട്രേഡ് പൂര്‍ത്തിയാക്കിയിരുന്നു. 15 കോടിക്കാണ് പന്ത് തന്റെ പഴയ തട്ടകത്തിലേക്ക് എത്തുന്നത്. കുല്‍ദീപ് യാദവിനെ 13.50 കോടിക്കുമാണ് എല്‍.എസ്.ജി സ്വന്തമാക്കിയത്. 2025 മെഗാ ലേലത്തില്‍ 27 കോടിയുടെ വമ്പന്‍ തുക നല്‍കിയാണ് പന്തിനെ ലഖ്‌നൗ സ്വന്തമാക്കിയത്. എന്നാല്‍ കഴിഞ്ഞ രണ്ട് സീസണിലും ക്യാപ്റ്റന്‍ എന്ന നിലയിലും ബാറ്റര്‍ എന്ന നിലയിലും താരം മോശം പ്രകടനമാണ് നടത്തിയത്.

Content Highlight: R Ashwin Talking About Rishabh Pant

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ