അയര്‍ലാന്‍ഡിനെതിരായ ചരിത്ര തോല്‍വി; കാരണം വ്യക്തമാക്കി ആര്‍. അശ്വിന്‍
Cricket
അയര്‍ലാന്‍ഡിനെതിരായ ചരിത്ര തോല്‍വി; കാരണം വ്യക്തമാക്കി ആര്‍. അശ്വിന്‍
ശ്രീരാഗ് പാറക്കല്‍
Saturday, 27th June 2026, 3:59 pm

അയര്‍ലാന്‍ഡിനെതിരായ ആദ്യ ടി-20 മത്സരത്തില്‍ ഇന്ത്യ വമ്പന്‍ പരാജയമാണ് നേരിട്ടത്. ചരിത്രത്തിലാദ്യമായാണ് ഇന്ത്യ അയര്‍ലാന്‍ഡിനെതിരെ പരാജയം രുചിക്കുന്നത്. പുതിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ നേതൃത്വത്തില്‍ ഇറങ്ങിയ ഇന്ത്യ ടി-20 ലോകകപ്പിലെ വിജയത്തിന് ശേഷം തോല്‍വിയോടെ തുടങ്ങിയത് ക്രിക്കറ്റ് സര്‍ക്കിളുകളില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.

ഇപ്പോള്‍ ഇന്ത്യയുടെ തോല്‍വിയുടെ കാരണത്തെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആര്‍. അശ്വിന്‍. ഐ.പി.എല്ലില്‍ ബാറ്റിങ്ങിന് അനുകൂലമായ ഫ്‌ളാറ്റ് പിച്ചുകളിലാണ് താരങ്ങള്‍ കളിക്കുന്നതെന്നും എന്നാല്‍ അന്താരാഷ്ട്ര പിച്ചുകളില്‍ ബാറ്റിങ്ങിനും ബൗളിങ്ങിനും മുന്‍ഗണന നല്‍കിയാണ് പിച്ച് നിര്‍മിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അത്തരം സാഹചര്യങ്ങളോട് പൊരുത്തപ്പെടാന്‍ സാധിക്കാത്തതാണ് ഇന്ത്യയുടെ തോല്‍വിയുടെ കാരണം എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘നോക്കൂ, നമ്മള്‍ മുമ്പ് പിച്ചിന്റെ സ്വഭാവത്തെക്കുറിച്ച് സംസാരിച്ചിരുന്നു, ഐ.പി.എല്ലില്‍ നമ്മള്‍ കൂടുതലായും ബാറ്റിങ്ങിന് അനുകൂലമായ ഫ്‌ളാറ്റ് പിച്ചുകളിലാണ് കളിക്കുന്നത്. അതിനാല്‍ ഞാന്‍ ഒരു ചോദ്യം ഉന്നയിക്കട്ടെ. ഐ.പി.എല്‍ ഒരു എക്കണോമിക് മോഡല്‍ മാത്രമല്ലേ! നമ്മള്‍ നേരത്തെ പറഞ്ഞതുപോലെ, ആ സാമ്പത്തിക മാതൃകയുടെ ഭാഗമായി കൂടുതല്‍ റണ്‍സും ആവേശകരമായ മത്സരങ്ങളും ലഭിക്കാന്‍ മികച്ച ബാറ്റിങ് പിച്ചുകളാണ് ഒരുക്കുന്നത്.

എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ സ്ഥിതി വ്യത്യസ്തമാണ്. അവിടെ പിച്ചില്‍ ബാറ്റിങ്ങിനും ബൗളിങ്ങിനും ഒരുപോലെ അവസരമുള്ള ഒരു സന്തുലിതാവസ്ഥ ഉണ്ടെങ്കില്‍, അതിനനുസരിച്ച് നിങ്ങള്‍ നിങ്ങളുടെ കളി മാറ്റി പൊരുത്തപ്പെടണം. പക്ഷേ അത് അത്ര എളുപ്പമല്ല. എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റിലെ പിച്ചുകള്‍ ആവശ്യപ്പെടുന്നത് മറ്റൊന്നാണ്, ഇത് ഐ.പി.എല്ലില്‍ നിന്ന് വ്യത്യസ്തമാണ്. അതിനാല്‍ അത്തരം സാഹചര്യങ്ങളോട് പൊരുത്തപ്പെടാന്‍ കഴിയണം. എന്റെ അഭിപ്രായത്തില്‍, ഈ കാര്യത്തില്‍ ഇന്ത്യയ്ക്ക് വേണ്ടത്ര പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ല,’ അശ്വിന്‍ തന്റെ യൂട്യൂബ് ചാനലായ ആഷ് കി ബാത്തില്‍ പറഞ്ഞു.

അതേസമയം സ്റ്റോര്‍മോണ്ടില്‍ നടന്ന മത്സരത്തില്‍ 34 റണ്‍സിന്റെ വിജയമാണ് അയര്‍ലാന്‍ഡ് സ്വന്തമാക്കിയത്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ്ങാണ് തെരഞ്ഞെടുത്തത്. മത്സരത്തില്‍ ആദ്യം ബാറ്റിങ്ങിനിറങ്ങിയ അയര്‍ലാന്‍ഡ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 18.5 ഓവറില്‍ 148 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. ഇന്ത്യന്‍ ക്യാപ്റ്റനായി അരങ്ങേറ്റം കുറിച്ച ആദ്യ മത്സരത്തില്‍ ശ്രേയസ് അയ്യര്‍ തോല്‍വിയോടെയാണ് തുടങ്ങിയത്.

ഇന്ത്യയ്ക്ക് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയാണ് വെടിക്കെട്ട് വീരന്‍ അഭിഷേക് ശര്‍മ മടങ്ങിയത്. 20 പന്തില്‍ രണ്ട് സിക്സും ഏഴ് ഫോറും ഉള്‍പ്പെടെ 50 റണ്‍സായിരുന്നു താരം നേടിയത്. 250 എന്ന തകര്‍പ്പന്‍ സ്ട്രൈക്ക് റേറ്റും അഭി സ്വന്തമാക്കിയിരുന്നു. താരത്തിന് പുറമെ ശിവം ദുബെ 14 പന്തില്‍ 25 റണ്‍സും തിലക് വര്‍മ 19 റണ്‍സും നേടി.

അയര്‍ലാന്‍ഡിന് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് ക്യാപ്റ്റന്‍ ലോര്‍ക്കന്‍ ടക്കറാണ്. 36 പന്തില്‍ 50 റണ്‍സ് നേടിയാണ് താരം മടങ്ങിയത്. താരത്തിന് പുറമെ മധ്യനിര താരം ഗാരെത് ഡിലാനി 32 പന്തില്‍ 49 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. ജോര്‍ജ് ഡക്രല്‍ 19 റണ്‍സും നേടി മികവ് പുലര്‍ത്തി.

Content Highlight: R Ashwin Talking About Indians Lose Against Ireland

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ