സെഞ്ച്വറിക്ക് വേണ്ടി സഞ്ജു അല്‍പ്പം വേഗത കുറച്ചെന്ന് എല്ലാവരും പറഞ്ഞു; വിശദീകരിച്ച് അശ്വിന്‍
Cricket
സെഞ്ച്വറിക്ക് വേണ്ടി സഞ്ജു അല്‍പ്പം വേഗത കുറച്ചെന്ന് എല്ലാവരും പറഞ്ഞു; വിശദീകരിച്ച് അശ്വിന്‍
ശ്രീരാഗ് പാറക്കല്‍
Friday, 24th April 2026, 12:59 pm

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ മുംബൈക്കെതിരായ വിജയത്തിന് പിന്നാലെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെയും സൂപ്പര്‍ താരം സഞ്ജു സാംസണിനെയും പ്രശംസിച്ച് മുന്‍ താരം ആര്‍ അശ്വിന്‍. ചെന്നൈ ഡിഫന്റിങ്ങില്‍ രാജാവായെന്നും വാംഖഡെയില്‍ 208 റണ്‍സ് പ്രതിരോധിക്കുക അത്ര എളുപ്പമല്ലെന്നും അശ്വിന്‍ പറഞ്ഞു.

മാത്രമല്ല വാംഖഡെയിലെ വിക്കറ്റില്‍ കൂടുതല്‍ റണ്‍സ് നേടാമെങ്കിലും സെഞ്ച്വറിക്ക് വേണ്ടി സഞ്ജു പതിയെ കളിച്ചെന്ന് പലരും ചര്‍ച്ച ചെയ്‌തെന്നും അശ്വിന്‍ പറഞ്ഞു. എന്നാല്‍ 54 പന്തില്‍ സെഞ്ച്വറി നേടുന്നത് മന്ദഗതിയിലല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘സി.എസ്.കെ ഡിഫന്റിങ്ങില്‍ രാജാവായി മാറിയിരിക്കുന്നു. വാംഖഡെയില്‍ 208 റണ്‍സ് പ്രതിരോധിക്കുക അത്ര എളുപ്പമല്ല, അവര്‍ അത് ചെയ്തു. ഇപ്പോള്‍ അവര്‍ ഈ ഐ.പി.എല്ലിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. എന്നാലും സഞ്ജു ഈ വിക്കറ്റില്‍ പതുക്കെയാണോ കളിത്, അതോ വലിയ പ്രകടനത്തിലേക്ക് എത്തിയില്ലല്ലോ എന്ന് പലരും ചര്‍ച്ച ചെയ്തിരുന്നു, പക്ഷേ അദ്ദേഹം വിക്കറ്റിനെ മനസിലാക്കിയാണ് കളിച്ചത്.

ഈ വിക്കറ്റില്‍ 208 റണ്‍സ് വലിയ സ്‌കോറാണെന്ന് ഞാന്‍ ഒരിക്കലും പറയുന്നില്ല. അത് ഞാന്‍ അംഗീകരിക്കില്ല. ഈ പിച്ചില്‍ ഈ ടോട്ടല്‍ കൂടുതലണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. പക്ഷേ, ഇത് 240 റണ്‍സിനടുത്ത് ലഭിക്കുന്ന പിച്ചായിരിക്കില്ല എന്ന രീതിയിലാണ് സഞ്ജു മനസിലാക്കിയത്.

ഈ വിക്കറ്റിലെ വേഗത കുറഞ്ഞ പന്ത് തീര്‍ച്ചയായും ബാറ്ററെ സഹായിക്കും. സെഞ്ച്വറിക്ക് വേണ്ടി സഞ്ജു അല്‍പ്പം വേഗത കുറച്ചെന്ന് എല്ലാവരും പറഞ്ഞു, പക്ഷേ അത് ഒരിക്കലും ശരിയല്ല, 54 പന്തില്‍ സെഞ്ച്വറി നേടുന്നത് മന്ദഗതിയിലല്ല,’ ആര്‍. അശ്വിന്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ വമ്പന്‍ വിജയമായിരുന്നു ചെന്നൈ സൂപ്പര്‍ കിങ് സ്വന്തമാക്കിയത്. മുംബൈയുടെ തട്ടകമായ വാംഖഡെയില്‍ നടന്ന മത്സരത്തില്‍ 103 റണ്‍സിന്റെ കൂറ്റന്‍ വിജയമായിരുന്നു ചെന്നൈ സ്വന്തമാക്കിയത്. ചെന്നൈ ഉയര്‍ത്തിയ 208 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈയ്ക്ക് 104 റണ്‍സ് മാത്രമാണ് എടുക്കാന്‍ സാധിച്ചത്.

മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ കിടിലന്‍ സെഞ്ച്വറി കരുത്തിലായിരുന്നു ചെന്നൈ സ്‌കോര്‍ ഉയര്‍ത്തിയത്. പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും സഞ്ജുവായിരുന്നു. ചെന്നൈയ്ക്ക് വേണ്ടി 54 പന്തില്‍ ആറ് സിക്‌സും 10 ഫോറും ഉള്‍പ്പെടെ 101 റണ്‍സ് നേടി പുറത്താകാതെയാണ് സഞ്ജു വാംഖഡെയുടെ മണ്ണില്‍ താണ്ഡവമാടിയത്.

ഇന്നിങ്‌സിലെ അവസാന പന്തില്‍ ഫോര്‍ നേടിയാണ് സഞ്ജു ഐ.പി.എല്‍ കരിയറിലെ തന്റെ അഞ്ചാം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. മത്സരത്തിലെ താരവും സഞ്ജുവായിരുന്നു. മുംബൈക്കെതിരെ സെഞ്ച്വറി നേടുന്ന ആദ്യ താരം കൂടിയാണ് സഞ്ജു. അതേസമയം ഏപ്രില്‍ 26ന് ഗുജറാത്തിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം. സ്വന്തം തട്ടകമായ എം. ചിന്നസ്വാമി സ്റ്റേഡിയമാണ് വേദി.

Content Highlight: R Ashwin Talking About Chennai Super Kings And Sanju Samson

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ