ഇന്ത്യന്‍ ടീമിലെ സ്ഥാനങ്ങള്‍ക്കായുള്ള മത്സരം ഇങ്ങനെയാണ്; സൂപ്പര്‍ താരത്തിന് പിന്തുണയുമായി അശ്വിന്‍
Sports News
ഇന്ത്യന്‍ ടീമിലെ സ്ഥാനങ്ങള്‍ക്കായുള്ള മത്സരം ഇങ്ങനെയാണ്; സൂപ്പര്‍ താരത്തിന് പിന്തുണയുമായി അശ്വിന്‍
ശ്രീരാഗ് പാറക്കല്‍
Monday, 5th January 2026, 8:20 am

ഇന്ത്യന്‍ സൂപ്പര്‍ താരം ഋതുരാജ ഗെയ്ക്വാദിന് പിന്തുണയുമായി ഇതിഹാസം ആര്‍. അശ്വിന്‍. ഒരിക്കലും പരിശ്രമങ്ങള്‍ അവസാനിപ്പിക്കരുതെന്നും ഇന്ത്യന്‍ ടീമിലെ സ്ഥാനങ്ങള്‍ക്കായുള്ള മത്സരം ഇങ്ങനെയാണെന്നും അതിനായുള്ള ശ്രമങ്ങള്‍ നഷ്ടപ്പെടുത്തരുതെന്നും മുന്‍ സ്പിന്നര്‍ കൂട്ടിച്ചേര്‍ത്തു. തന്റെ എക്‌സ് അക്കൗണ്ടില്‍ ഋതുരാജ് ഗെയ്ക്വാദിനെ ടാഗ് ചെയ്ത് പോസ്റ്റ് പങ്കുവെക്കുകയായിരുന്നു ഗെയ്ക്വാദ്.

‘നിങ്ങള്‍ക്ക് എങ്ങനെ തോന്നിയാലും പ്രശ്‌നമില്ല. എഴുന്നേല്‍ക്കുക, വസ്ത്രം ധരിക്കുക, പാഡ് അപ്പ് ചെയ്യുക, കളത്തിലിറങ്ങുക. ഒരിക്കലും ശ്രമങ്ങള്‍ ഉപേക്ഷിക്കരുത്. ഇന്ത്യന്‍ ടീമിലെ സ്ഥാനങ്ങള്‍ക്കായുള്ള മത്സരം ഇങ്ങനെയാണ്, അത് നഷ്ടപ്പെടുത്താന്‍ പ്രയാസമായിരിക്കും,’ ഋതുരാജ് ഗെയ്ക്വാദിനെ ടാഗ് ചെയ്തുകൊണ്ട് അശ്വിന്‍ എക്‌സില്‍ എഴുതി.

വിജയ് ഹസാരെ ട്രോഫിയിൽ കളിക്കുന്ന ഋതുരാജ് ഗെയ്ക്വാദ്. Photo: Xanthove/x.com

സൗത്ത് ആഫ്രിക്കക്ക് എതിരെയുള്ള ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഗെയ്ക്വാദ് സെഞ്ച്വറി നേടിയിരുന്നു. 83 പന്തില്‍ 105 റണ്‍സാണ് താരം നേടിയത്. എന്നാല്‍ ന്യൂസിലാന്‍ഡിനെതിരെയുള്ള പരമ്പരയില്‍ നിന്ന് ഋതുരാജിനെ തഴയുകയായിരുന്നു ഇന്ത്യന്‍ ടീം.

ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ അമ്പരപ്പിക്കുന്ന ട്രാക്ക് റെക്കോഡുകളാണ് താരത്തിനുള്ളത്. മറ്റേതൊരു താരത്തേക്കാളും മികച്ച ആവറേജും റണ്‍സും ഗെയ്ക്വാദിന്റെ മികവാണ്. മാത്രമല്ല ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വിജയ് ഹസാരെ ട്രോഫിയില്‍ മിന്നും സെഞ്ച്വറിയുള്‍പ്പെടെ മുന്നോട്ട് കുതിക്കുകയാണ് താരം.

2022ല്‍ ഇന്ത്യയ്ക്ക് വേണ്ടി ഏകദിന അരങ്ങേറ്റം നടത്തിയ ഗെയ്ക്വാദ് നിലവില്‍ എട്ട് ഇന്നിങ്‌സില്‍ നിന്ന് 228 റണ്‍സാണ് നേടിയത്. 105 റണ്‍സിന്റ ഉയര്‍ന്ന സ്‌കോര്‍ ഉള്‍പ്പെടെ 28.5 എന്ന ആവറേജും താരത്തിനുണ്ട്. എന്നാല്‍ ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ 73 ഇന്നിങ്‌സില്‍ നിന്ന് 3146 റണ്‍സും 195 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും 45.59 എന്ന ആവറേജുമാണ് താരത്തിനുള്ളത്.

ന്യൂസിലാന്‍ഡിന് എതിരെയുള്ള ഏകദിന ടീം

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോഹ്ലി, കെ.എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍* (വൈസ് ക്യാപ്റ്റന്‍), വാഷിങ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ, പ്രസിദ്ധ് കൃഷ്ണ, കുല്‍ദീപ് യാദവ്, റിഷാബ് പന്ത് (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, അര്‍ഷ്ദീപ് സിങ്, യശസ്വി ജെയ്‌സ്വാള്‍

*ഫിറ്റ്നസ് ക്ലിയറന്‍സിന് വിധേയം

Content Highlight: R Ashwin Supports Ruturaj Gaikwad

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ