ബുംറയ്ക്ക് ഫോമില്ലെന്ന് ഞാന്‍ പറയില്ല: പിന്തുണയുമായി ആര്‍. അശ്വിന്‍
Cricket
ബുംറയ്ക്ക് ഫോമില്ലെന്ന് ഞാന്‍ പറയില്ല: പിന്തുണയുമായി ആര്‍. അശ്വിന്‍
ശ്രീരാഗ് പാറക്കല്‍
Friday, 17th April 2026, 2:00 pm

മുംബൈ ഇന്ത്യന്‍സ് സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്ക് പിന്തുണയുമായി ആര്‍. അശ്വിന്‍. ബുംറ വളരെ ബുദ്ധിമുട്ടുള്ള അവസ്ഥയിലാണെന്നും ഫോം നഷ്ടപ്പെടുന്നത് സാധരണമാണെന്നും പക്ഷെ ബുംറയുടെ ബൗളിങ്ങില്‍ ആശങ്കയില്ലെന്നും അശ്വിന്‍ പറഞ്ഞു. വിക്കറ്റ് നേടാന്‍ ബുംറ ബൗണ്‍സറുകളും സ്ലോ ബോളുകളും എറിയുന്നുണ്ടെന്നും റണ്‍ ഒഴുക്ക് തടയാന്‍ അദ്ദേഹം തന്റെ ആയുധപ്പുരയിലുള്ള എല്ലാ പന്തുകളും ഉപയോഗിക്കുന്നുണ്ടെന്നും മുന്‍ താരം കൂട്ടിച്ചേര്‍ത്തു.

‘അദ്ദേഹം 40 റണ്‍സ് വിട്ടുകൊടുത്തു, ഒരു വിക്കറ്റ് പോലും വീഴ്ത്തിയില്ല എന്ന് നമുക്ക് എളുപ്പത്തില്‍ പറയാന്‍ കഴിയും. പക്ഷേ അദ്ദേഹം വളരെ ബുദ്ധിമുട്ടുള്ള അവസ്ഥയിലാണ്. റണ്‍സിന്റെ ഒഴുക്ക് തടഞ്ഞ് വിക്കറ്റുകള്‍ വീഴ്ത്തണം. 24 പന്തുകളില്‍ അത് കൈകാര്യം ചെയ്യുക അസാധ്യമാണ്. കൂടാതെ, അദ്ദേഹം ഒരു മനുഷ്യനുമാണ്. ഫോമില്‍ നഷ്ടപ്പെടുന്നത് സാധാരണമാണ്, അദ്ദേഹം ഫോമില്‍ അല്ലെന്ന് ഞാന്‍ പറയില്ല. അദ്ദേഹത്തിന്റെ ബൗളിങ് ആശങ്കാജനകമല്ല.

ജസ്പ്രീത് ബുംറ. Photo: R A T N I S H/x.com

ശ്രേയസ് അയ്യര്‍ അദ്ദേഹത്തെ സിക്‌സറിന് പറത്തി. ബുംറ ഫോമിലായിരുന്നുവെങ്കില്‍ അദ്ദേഹത്തിന് അങ്ങനെ ഒരു ബോള്‍ എറിയേണ്ടി വരില്ലായിരുന്നു. നല്ല താളത്തിലായിരിക്കുമ്പോള്‍, റണ്‍സ് പ്രതിരോധിക്കാന്‍ ബുംറ ഒരു യോര്‍ക്കര്‍ എറിഞ്ഞ് ഫിനിഷ് ചെയ്യുമായിരുന്നു. വിക്കറ്റ് നേടാന്‍ അദ്ദേഹം ബൗണ്‍സറുകളും സ്ലോ ബോളുകളും എറിയുന്നു, റണ്‍ ഒഴുക്ക് തടയാന്‍ അദ്ദേഹം തന്റെ ആയുധപ്പുരയിലുള്ള എല്ലാ പന്തുകളും ഉപയോഗിക്കുന്നു,’ അശ്വിന്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

പഞ്ചാബിനെതിരായ മത്സരത്തില്‍ നാല് ഓവര്‍ എറിഞ്ഞ ബുംറ വിക്കറ്റ് വീഴ്ത്താതെ 41 റണ്‍സ് വഴങ്ങിയിരുന്നു. 10.25 എന്ന എക്കോണമിയിലാണ് താരം പന്തെറിഞ്ഞത്. അതേസമയം സീസണില്‍ മുംബൈയ്ക്ക് വേണ്ടി മികവ് പുലര്‍ത്താന്‍ ബുംറയ്ക്ക് കഴിഞ്ഞില്ല.

ഇതുവരെ കളിച്ച അഞ്ച് മത്സരങ്ങളില്‍ 114 പന്തുകള്‍ എറിഞ്ഞ ബുംറ 164 റണ്‍സ് വിട്ടുകൊടുത്തിട്ടുണ്ട്. മാത്രമല്ല ഒരു വിക്കറ്റ് പോലും താരത്തിന് നേടാന്‍ സാധിച്ചിട്ടില്ല. വൈകാതെ തന്നെ ബുംറ ഫോമിലെത്തുമെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ പ്രതീക്ഷിക്കുന്നത്. ഏപ്രില്‍ 20ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെയാണ് മുംബൈയുടെ അടുത്ത മത്സരം.

Content Highlight: R Ashwin Supports Jasprit Bumrah

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ