സെഞ്ച്വറി നേടുമായിരുന്ന സഞ്ജുവിനെയും ഓപ്പണര്‍മാരെയും ഇന്ത്യ കസേര കളിയിലേക്ക് വലിച്ചിഴച്ചു: അശ്വിന്‍
Cricket
സെഞ്ച്വറി നേടുമായിരുന്ന സഞ്ജുവിനെയും ഓപ്പണര്‍മാരെയും ഇന്ത്യ കസേര കളിയിലേക്ക് വലിച്ചിഴച്ചു: അശ്വിന്‍
ഫസീഹ പി.സി.
Sunday, 12th July 2026, 4:58 pm

ഇംഗ്ലണ്ടിനെതിരെയുള്ള തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനെ വിമര്‍ശിച്ച് സ്പിന്‍ ഇതിഹാസം ആര്‍. അശ്വിന്‍. മോശം ഫോമിലായിരുന്നിട്ടും ജോസ് ബട്‌ലറിനെ ഇംഗ്ലണ്ട് പിന്തുണച്ചുവെന്നും ഇന്ത്യ ഓപ്പണര്‍മാരെ കൊണ്ട് കസേര കളി നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടി – 20 ലോകകപ്പില്‍ നമുക്കായി റണ്‍സ് അടിച്ചുകൂട്ടിയ സഞ്ജു സാംസണിനെ കസേര കളിയിലേക്ക് വലിച്ചിഴച്ചുവെന്നും അതിനാല്‍ സെഞ്ച്വറി നേടാമായിരുന്ന താരം വെറും 27 റണ്‍സ് മാത്രമാണ് സ്‌കോര്‍ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അശ്വിന്‍.

ആർ. അശ്വിൻ. Photo: Mirror Now

‘മോശം ഫോമിലായിരുന്നിട്ടും ജോസ് ബട്‌ലറിനെ ഇംഗ്ലണ്ട് പിന്തുണച്ചു. എന്നാല്‍ നമ്മള്‍ ഓപ്പണര്‍മാരുടെ കാര്യത്തില്‍ കസേര കളി നടത്തുകയായിരുന്നു. പാട്ട് നില്‍ക്കുമ്പോള്‍ കസേരയില്‍ ഇരിക്കുന്ന ആള്‍ ഓപ്പണ്‍ ചെയ്യാന്‍ പോകുന്നു എന്ന അവസ്ഥ. ഇംഗ്ലണ്ട് അങ്ങനെയല്ല ചെയ്തത്, അവര്‍ ബട്‌ലറെ എല്ലാ മത്സരങ്ങളിലും കളിപ്പിച്ചു, അതിന്റെ ഫലമായി അവസാന മത്സരത്തില്‍ അവന്‍ സെഞ്ച്വറി നേടി.

ടി – 20 ലോകകപ്പില്‍ നമുക്കായി റണ്‍സ് അടിച്ചുകൂട്ടിയ താരത്തെ (സഞ്ജു സാംസണ്‍) നമ്മള്‍ ഈ കസേര കളിയിലേക്ക് വലിച്ചിഴച്ചു. അവസാനം അവന്‍ നേടിയത് വെറും 27 റണ്‍സ് മാത്രം. സെഞ്ച്വറി അടിക്കുമെന്ന് നമ്മള്‍ പ്രതീക്ഷിച്ച താരം നേടിയത് ആകെ 27 റണ്‍സാണ്,’ അശ്വിന്‍ പറഞ്ഞു.

ടി – 20 ലോകകപ്പില്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് അവാര്‍ഡ് നേടിയെത്തിയ സഞ്ജുവിന് ആദ്യം അയര്‍ലാന്‍ഡ് പരമ്പരയിലും ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ മത്സരത്തിലും തിളങ്ങാന്‍ സാധിച്ചിരുന്നില്ല. അതോടെ ഇന്ത്യന്‍ ടീം താരത്തെ മാറ്റി വൈഭവ് സൂര്യവംശിയെ ഓപ്പണറാക്കി.

എന്നാല്‍, 15കാരനും റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടിയതോടെ അവസാന ടി – 20യില്‍ സഞ്ജു പ്ലെയിങ് ഇലവനിലേക്ക് തിരിച്ചെത്തി. അഞ്ചാം മത്സരത്തില്‍ 14 പന്തില്‍ 27 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.

Content Highlight: R Ashwin slammed that Indian Management has played musical chairs with the openers like Sanju Samson

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍.