സ്റ്റാര് പേസര് മുഹമ്മദ് ഷമിയ്ക്ക് ഇന്ത്യന് നാഷണല് ടീമിലേക്കുള്ള വാതിലുകള് പൂര്ണമായും അടഞ്ഞിട്ടില്ലെന്ന് ഇന്ത്യന് ഇതിഹാസം ആര്. അശ്വിന്. ന്യൂസിലാന്ഡ് പര്യടനത്തിലെ ടെസ്റ്റ് സ്ക്വാഡില് താരത്തിന് ഇടം പിടിക്കാന് സാധിക്കാതെ വന്നതോടെയാണ് അശ്വിന് താരത്തിന്റെ ഭാവിയെ കുറിച്ച് സംസാരിച്ചത്.
നവംബര് 19ന് വെല്ലിങ്ടണില് ആരംഭിക്കുന്ന രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള 16 അംഗ ടീമിനെ ബി.സി.സി.ഐ പ്രഖ്യാപിച്ചിരുന്നു. ഇതില് ഷമിയെ ഉള്പ്പെടുത്തിയിരുന്നില്ല.
തന്റെ യൂട്യൂബ് ചാനലില് പങ്കുവെച്ച വീഡിയോയിലാണ് അശ്വിന്റെ പ്രതികരണം.

ആര്. അശ്വിന്
‘അവന് ഫിറ്റാണെന്നും മികച്ച രീതിയില് പന്തറിയാന് കഴിയുമെന്നും കരുതുന്നു, അവനുള്ള വാതിലുകള് അടഞ്ഞിട്ടില്ലെന്ന് ഞാന് ആത്മാര്ത്ഥമായി പ്രതീക്ഷിക്കുന്നു. എങ്കിലും, ടീമില് ഇടംനേടിയ കളിക്കാരും മികച്ച പ്രകടനമാണ് കാഴ്ചവച്ചിട്ടുള്ളത്.

മുഹമ്മദ് ഷമി. Photo: BCCI/x.com
പ്രസിദ്ധ് കൃഷ്ണയും ആകാശ് ദീപും വളരെ മികച്ച രീതിയിലാണ് പന്തറിയുന്നത്. അതിനാല് ടീമില് തെരഞ്ഞെടുക്കപ്പെട്ടവര് അതിനര്ഹരാണ്. മുഹമ്മദ് കാത്തിരിക്കേണ്ടി വരും, എങ്കിലും ഷമിക്കായുള്ള വാതിലുകള് അടഞ്ഞിട്ടില്ല എന്ന് തന്നെയാണ് എന്റെ പ്രതീക്ഷ.
എങ്കിലും, ഇതുവരെയുള്ള സെലക്ടര്മാരുടെ തീരുമാനങ്ങള് നല്കുന്ന സന്ദേശം വെച്ച് നോക്കുമ്പോള്, മുഹമ്മദ് ഷമിക്ക് അധിക മുന്ഗണന ലഭിക്കുന്നതായി തോന്നുന്നില്ല,’ അശ്വിന് പറഞ്ഞു.

മുഹമ്മദ് ഷമി. Photo: BCCI/x.com
ദല്ഹിക്കെതിരായ രഞ്ജി ട്രോഫി 2026-27 സീസണിലെ ആദ്യ റൗണ്ട് മത്സരത്തില് ബംഗാളിനായി ഷമി മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും അശ്വിന് ചൂണ്ടിക്കാട്ടി.
മത്സരത്തിന്റെ രണ്ട് ഇന്നിങ്സുകളിലുമായി അദ്ദേഹം 5 വിക്കറ്റുകള് വീഴ്ത്തിയിരുന്നു.
‘ചിലപ്പോള് അവന് വേഗത്തില് പന്തെറിയാന് ആഗ്രഹിക്കുമ്പോഴും അത് സാധ്യമാകാറുണ്ട്. മുഹമ്മദ് ഷമിയെപ്പോലൊരു താരം ഇപ്പോഴും തിരിച്ചുവരവിനായി പരിശ്രമിക്കുന്നു എന്നതില് എനിക്ക് സന്തോഷമുണ്ട്. ഇത് ബംഗാള് ടീമിലെ സഹതാരങ്ങള്ക്കും അദ്ദേഹത്തിനെതിരെ അല്ലെങ്കില് കൂടെ കളിക്കുന്നവര്ക്കും വലിയൊരു പഠനാനുഭവമായി മാറും,’ അശ്വിന് പറഞ്ഞു.
2023 ജൂണില് ഓസ്ട്രേലിയക്കെതിരെയാണ് ഷമി അവസാനമായി ടെസ്റ്റ് മത്സരം കളിച്ചത്. ഈ ഫോര്മാറ്റില് 64 മത്സരങ്ങളില് നിന്നായി ആറ് ഫൈഫറടക്കം 229 വിക്കറ്റുകള് അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്
ടീമിലേക്കുള്ള മടങ്ങിവരവിനെ കുറിച്ച് ഷമിയും നേരത്തെ പ്രതികരിച്ചിരുന്നു. തനിക്ക് ഇനി ഇന്ത്യയ്ക്കായി കളിക്കാന് സാധിച്ചിട്ടില്ലെങ്കില് അതൊരിക്കലും തന്റെ നഷ്ടമല്ലെന്നായിരുന്നു താരം പറഞ്ഞത്.

ദല്ഹിക്കെതിരായ മത്സരത്തിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഭുവനേശ്വര് കുമാറിന് ഇന്ത്യക്കായി കളിക്കാന് അവസരം ലഭിച്ചു, അത് അദ്ദേഹത്തിന് നല്ല കാര്യമാണ്. എന്നാല് അദ്ദേഹത്തിന്റെ സെലക്ഷന് എന്നെ ഒട്ടും ബാധിക്കുന്നില്ല. എനിക്ക് എവിടെ അവസരം ലഭിച്ചാലും ഞാന് എന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കും. നിലവില് എന്റെ പൂര്ണ ശ്രദ്ധ ഈ രഞ്ജി ട്രോഫി മത്സരത്തിലാണ്,’ അദ്ദേഹം പറഞ്ഞു.
തുടര്ന്ന് ദേശീയ ടീമിലെ അവഗണനയെക്കുറിച്ച് സംസാരിക്കവെ, ‘കഴിഞ്ഞ രണ്ടോ മൂന്നോ വര്ഷമായി എനിക്ക് സംഭവിക്കുന്നതും ഇതുതന്നെയാണ്. ഞാന് നിരന്തരം മികച്ച പ്രകടനം കാഴ്ചവെക്കുകയും എന്റെ ഫിറ്റ്നസ് തെളിയിക്കുകയും ചെയ്തിട്ടുണ്ട്. എനിക്ക് ഇനി ഇന്ത്യയ്ക്കായി കളിക്കാന് അവസരം ലഭിച്ചില്ലെങ്കില്, അത് എന്റെ നഷ്ടമല്ല,’ അദ്ദേഹം കൂട്ടിച്ചേര്ത്തു.
സമീപകാലത്ത് നടന്ന ദുലീപ് ട്രോഫിയില് ഈസ്റ്റ് സോണിനായി കളിച്ച ഷമി, 3 മത്സരങ്ങളില് നിന്നായി 26.57 ശരാശരിയില് 7 വിക്കറ്റുകള് വീഴ്ത്തി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.
Content highlight: R. Ashwin says the doors to the Indian national team have not completely closed for Mohammed Shami.
