സഞ്ജുവിനല്ല, അവനാണ് ചെന്നൈയുടെ വിജയത്തില്‍ കൂടുതല്‍ റോള്‍: അശ്വിന്‍
Cricket
സഞ്ജുവിനല്ല, അവനാണ് ചെന്നൈയുടെ വിജയത്തില്‍ കൂടുതല്‍ റോള്‍: അശ്വിന്‍
ഫസീഹ പി.സി.
Wednesday, 6th May 2026, 6:39 pm

ദല്‍ഹി ക്യാപിറ്റല്‍സിനെതിരെയുള്ള മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് സ്പിന്നര്‍ അകീല്‍ ഹൊസൈന്റെ പ്രകടനത്തെ പ്രശംസിച്ച് സ്പിന്‍ ഇതിഹാസം ആര്‍. അശ്വിന്‍. മത്സരത്തില്‍ സഞ്ജു സാംസണിനെക്കാള്‍ വലിയ റോള്‍ അകീല്‍ ഹൊസൈനുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

അകീല്‍ ഹൊസൈന്‍ വെറും 19 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റെടുത്തുവെന്നും സഞ്ജു എം.വി.പിയാണെങ്കില്‍ സ്പിന്നര്‍ക്ക് അതിലും വലിയ എം.വി.പി നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അശ്വിന്‍.

ആർ. അശ്വിൻ. Photo: Mirror Now

‘ചേട്ടനേക്കാള്‍ (സഞ്ജു സാംസണ്‍) വലിയൊരു റോള്‍ അകീല്‍ ഹൊസൈനുണ്ട്. സി.എസ്.കെ 13 ഓവറില്‍ 100 കടന്നപ്പോള്‍ ദല്‍ഹി (ക്യാപിറ്റല്‍സ്) അഞ്ചിന് 76 എന്ന നിലയില്‍ തകരുകയായിരുന്നു. പിന്നീട് ട്രിസ്റ്റന്‍ സ്റ്റബ്സും സമീര്‍ റിസ്വിയും കൂട്ടുകെട്ട് ഉയര്‍ത്തിയാണ് ദല്‍ഹിക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.

ആദ്യ 13 ഓവറില്‍ തന്നെ അകീല്‍ ഹൊസൈന്‍ തന്റെ ഓവറുകള്‍ പൂര്‍ത്തിയാക്കിയിരുന്നു. നാല് ഓവറില്‍ വെറും 19 റണ്‍സ് മാത്രമാണ് വഴങ്ങിയത്. പവര്‍പ്ലേയില്‍ തന്നെ മൂന്ന് ഓവറുകളും അവന്‍ എറിഞ്ഞിരുന്നു.

കെ.എല്‍. രാഹുലിനെ കബളിപ്പിച്ച് പുറത്താക്കുക എന്നത് എളുപ്പമല്ല. വിക്കറ്റില്‍ നിന്ന് അവന് പിന്തുണ ലഭിച്ചിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. സഞ്ജു സാംസണ്‍ എം.വി.പിയാണെങ്കില്‍ അകീല്‍ ഹൊസൈന് അതിനേക്കാള്‍ വലിയ എം.വി.പി. നല്‍കണം,’ അശ്വിന്‍ പറഞ്ഞു.

സഞ്ജു സാംസണും അകീൽ ഹൊസൈനും. Photo: Maina Singh/x.com

കഴിഞ്ഞ ദിവസത്തെ മത്സരത്തില്‍ ദല്‍ഹിയെ പവര്‍പ്ലേയില്‍ തകര്‍ത്തെറിയുന്നതില്‍ അകീല്‍ ഹൊസൈന്‍ നിര്‍ണായകമായിരുന്നു. 4.75 എക്കോണമിയില്‍ പന്തെറിഞ്ഞ താരം ഒരു വിക്കറ്റും നേടിയിരുന്നു. ആറാം ഓവറില്‍ കെ.എല്‍. രാഹുലിനെ താരം പുറത്താക്കുകയായിരുന്നു.

സീസണിലുടനീളം ബൗള്‍ കൊണ്ട് തിളങ്ങുകയാണ് അകീല്‍ ഹൊസൈന്‍. അഞ്ച് മത്സരങ്ങളില്‍ മാത്രം കളിച്ച താരം ഏഴ് വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. മുംബൈ ഇന്ത്യന്‍സിനെതിരെ നേടിയ 17 റണ്‍സിന് നാലാണ് താരത്തിന്റെ മികച്ച പ്രകടനം.

Content Highlight: R Ashwin says that Akeal Hosein has bigger role than Sanju Samson in CSK’s win against DC

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി