പഞ്ചാബ് കിങ്‌സ് സൂപ്പര്‍ താരം ശശാങ്ക് സിങ് ഇന്ത്യന്‍ ജേഴ്‌സിയണിയാന്‍ എന്തുകൊണ്ടും അര്‍ഹതയുള്ളവനാണെന്ന് ഇന്ത്യന്‍ ലെജന്‍ഡ് ആര്‍. അശ്വിന്‍. ശശാങ്കിനെ കുറിച്ച് ആരും തന്നെ സംസാരിക്കാറില്ലെന്നും പഞ്ചാബ് കിങ്‌സിനായി മികച്ച പ്രകടനം കാഴ്ചവെച്ച താരമാണെന്നും അശ്വിന്‍ പറഞ്ഞു.
തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് അശ്വിന്‍ ഇക്കാര്യം പറഞ്ഞത്.
‘ബാറ്റിങ് ഡിപ്പാര്‍ട്‌മെന്റിലെ ഒരു താരത്തെ കുറിച്ച് സംസാരിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്, ശശാങ്ക് സിങ്. നമ്മളാരും അവനെ കുറിച്ച് കാര്യമായി ഒന്നും തന്നെ സംസാരിക്കാറില്ല.
ശശാങ്ക് സിങ്. Photo: Punjab Kings/x.com
എന്നിരുന്നാലും അവനും ഇന്ത്യന്‍ ടീമിലെത്താന്‍ അര്‍ഹതയുള്ളവനാണ്. അവന്‍ അത്രത്തോളം മികച്ച പ്രകടനങ്ങളാണ് കാഴ്ചവെച്ചത്. പഞ്ചാബ് കിങ്‌സിന്റെ റിക്രൂട്‌മെന്റുകളും മെച്ചപ്പെട്ടിട്ടുണ്ട്.
അവന്‍ റിറ്റെയ്ന്‍ ചെയ്യപ്പെട്ട താരങ്ങളുടെ ഭാഗമായിരുന്നു. അവന് ചുറ്റുമാണ് അവര്‍ ടീമിനെ പടുത്തുയര്‍ത്തിയത്. കാരണം അവന്‍ ഏറ്റവും മികച്ച ഫിനിഷറാണെന്ന് അവര്‍ ഉറച്ചുവിശ്വസിച്ചു.
ശശാങ്ക് സിങ്, ശ്രേയസ് അയ്യര്‍, നേഹല്‍ വധേര എന്നിവര്‍ പഞ്ചാബ് കിങ്‌സിന്റെ മിഡില്‍ ഓര്‍ഡറില്‍ പ്രധാന ഘടകവും ടീമിന്റെ ഏറ്റവും പ്രധാനപ്പെട്ട എന്‍ജിന്‍ റൂമുമാണ്,’ അശ്വിന്‍ പറഞ്ഞു.
ഐ.പി.എല്‍ 2024ലാണ് പഞ്ചാബ് കിങ്‌സ് ആളുമാറിയാണ് ശശാങ്ക് സിങ്ങിനെ സ്വന്തമാക്കുന്നത്. അടിസ്ഥാന വിലയായ 20 ലക്ഷത്തിന് മറ്റൊരു ശശാങ് സിങ്ങിനെയാണ് അവര്‍ ലക്ഷ്യം വെച്ചത്. എന്നാല്‍ അബദ്ധം മനസിലാകുന്നതിന് മുമ്പ് തന്നെ ഓക്ഷന്‍ പൂര്‍ത്തിയായതിനാല്‍ ശശാങ്ക് പഞ്ചാബിന്റെ ഭാഗമാവുകയായിരുന്നു.
ശശാങ്ക് സിങ്. Photo: Punjab Kings/x.com
എന്നാല്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ച ശശാങ്ക് ടീമിലെ പ്രധാനിയായി മാറുകയായിരുന്നു. ഐ.പി.എല്‍ 2025 മെഗാ താരലേലത്തിന് മുമ്പ് ക്യാപ്റ്റനെയടക്കം റിലീസ് ചെയ്ത പഞ്ചാബ് നിലനിര്‍ത്തിയ രണ്ട് താരങ്ങളില്‍ ഒരാള്‍ ശശാങ്കായിരുന്നു. 5.5 കോടി രൂപ നലല്‍കിയാണ് പഞ്ചാബ് തങ്ങളുടെ രക്ഷകനെ നിലനിര്‍ത്തിയത്.
കഴിഞ്ഞ സീസണില്‍ 14 ഇന്നിങ്‌സില്‍ നിന്നും 50.00 എന്ന മികച്ച ശരാശരിയില്‍ 350 റണ്‍സാണ് ശശാങ്ക് നേടിയത്. 153.3 എന്ന വെടിക്കെട്ട് സ്‌ട്രൈക് റേറ്റില്‍ മൂന്ന് അര്‍ധ സെഞ്ച്വറിയുള്‍പ്പടെ സ്‌കോര്‍ ചെയ്ത ശശാങ്ക് പഞ്ചാബിന്റെ റണ്‍ വേട്ടക്കാരില്‍ അഞ്ചാമനുമായിരുന്നു.
ശശാങ്ക് സിങ്. Photo: Punjab Kings/x.com
ഈ സീസണില്‍ മികച്ച പ്രകടനം തന്നെ താരം കാഴ്ചവെക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
സീസണില്‍ മുന്‍ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിനെതിരെയാണ് പഞ്ചാബ് കിങ്‌സിന്റെ ആദ്യ മത്സരം. മാര്‍ച്ച് 31ന് നടക്കുന്ന പോരാട്ടത്തിന് സ്വന്തം തട്ടകമായ മഹാരാജ യാദവീന്ദ്ര സിങ് അന്താരാഷ്ട്ര സ്റ്റേഡിയമാണ് വേദിയാകുന്നത്.
Content Highlight: R. Ashwin says Shashank Singh is worthy of making it to the Indian team